Connect with us

Articles

മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും

Published

|

Last Updated

പുസ്തകപ്രസാധനത്തിന്റെ വാര്‍ത്തയോ ചിത്രമോ പത്രങ്ങള്‍ നല്‍കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് പറഞ്ഞിരുന്ന ന്യായീകരണം പുസ്തകം ഒരു സാംസ്‌കാരിക ഉത്പന്നം മാത്രമല്ല ഒരു വില്‍പ്പന ചരക്ക് കൂടിയാണെന്നതായിരുന്നു. പത്രങ്ങളിലെ വാണിജ്യ പരസ്യങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്ന സ്ഥലമാണ് വില്‍പ്പനച്ചരക്കുകളെ സംബന്ധിച്ച പരസ്യപ്പെടുത്തലിന് മാറ്റിവെച്ചിരിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന പത്രാധിപന്മാരുണ്ടായിരുന്നു. ഇന്നത് മാറിയിരിക്കുന്നു. പ്രസാധനത്തിലെ അനേക കടമ്പകളില്‍ അവസാനത്തേതാണ് വിപുലമായ ഒരു പ്രസാധന ചടങ്ങ് പത്താളെക്കൂട്ടി സംഘടിപ്പിക്കുക എന്നത്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഗ്രന്ഥകാരന്റെ ചുമലില്‍ വെച്ചു പ്രസാധകര്‍ കൈകഴുകുകയാണ് പതിവ്. ഗ്രന്ഥകാരന്‍ തന്റെ പബ്ലിക് റിലേഷന്‍ വൈദഗ്ധ്യം നന്നായി പ്രകടപ്പിക്കേണ്ട ഒരു രംഗമാണിത്. അദ്ദേഹം തന്റെ രക്ഷിതാക്കളെന്നു കരുതുന്ന സാംസ്‌കാരിക നായകന്മാരേയും മറ്റു വി ഐ പി കളേയും വ്യക്തിപരമായ സ്വാധീനം ചെലുത്തി നഗരമധ്യത്തിലെ ഏതെങ്കിലും ഒരു ഓഡിറ്റോറിയം വാടകക്കെടുത്ത് വിവാഹക്ഷണക്കത്തുകളെ വെല്ലുന്ന തരത്തിലുള്ള കമനീയമായ ക്ഷണക്കത്തുകള്‍ അടിച്ച് അഭ്യുദയകംക്ഷികളെയും പൊതുജനത്തേയും അങ്ങോട്ടു ക്ഷണിക്കുന്നു. വേദിയില്‍ ഇരിപ്പിടം ലഭിച്ച ഭാഗ്യവാന്മാര്‍ക്കൊക്കെ പുസ്തകത്തിന്റെ ഓരോ കോപ്പി സൗജന്യമായി ലഭിക്കും. സദസ്സിലുള്ളവര്‍ ചായയും ബിസ്‌കറ്റും കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം. എന്നാല്‍ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു വന്‍ ചടങ്ങായിരുന്നു ഒക്‌ടോബര്‍ മൂന്നിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ “”മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും” എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള ചടങ്ങ്.
കണ്ണൂര്‍ ജില്ലയിലെ പതിനെട്ടോളം ഇടതുപക്ഷാനുകൂല ട്രസ്റ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഒരു മുഴുവന്‍ ദിവസ സെമിനാറായിരുന്നു അത്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ഒതുങ്ങിനില്‍ക്കാതെ മലബാറിന്റെ ഗതകാല ചരിത്രവും മുസ്‌ലിം ജനസാമാന്യത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും സമഗ്രമായി വിലയിരുത്തുന്ന പ്രഭാഷണങ്ങളാണ് നടന്നത്. വിപുലമായ രചനക്കു വിഷയമാക്കാവുന്ന പരസ്പര ബന്ധിതമായ അഞ്ച് അധ്യായങ്ങളാണ് രണ്ടത്താണിയുടെ “മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും”. കേരളത്തിലെ മാപ്പിള സമൂഹം, അധിനിവേശം ഇങ്ങെത്തുമ്പോള്‍, മാപ്പിളമാരുടെ രാഷ്ട്രീയചരിത്രം, മലബാര്‍ കലാപം, എ കെ ജി പറഞ്ഞത്, പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ട് പഠനം, ഇതാണ് പ്രതിപാദ്യവിഷയം. ബൃഹത്തായ ഒരു ഗ്രന്ഥരചനയുടെ പ്രാഥമിക നോട്ടെഴുത്തെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഹ്രസ്വമായിപ്പോയി ഈ പുസ്തകം.

ആരാണീ ഇടതുപക്ഷം?
രാഷ്ട്രീയത്തിലെ സമകാലിക ഇടതു വലതു പരികല്‍പ്പനകള്‍ കാലം ചെല്ലു ന്തോറും അര്‍ഥശൂന്യമാകുന്നതായിട്ടാണ് കാണുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഇടതും വലതും ഉണ്ട്. ഇന്നത്തെ വലത് നാളെ ഇടതാകുന്നതും നാളത്തെ ഇടത് മറ്റന്നാള്‍ വലതാകുന്നതും ഒക്കെ നമ്മള്‍ നിരന്തരം കാണുന്നു. പിന്നെ എന്താണീ ഇടതു വലതു പരികല്‍പ്പനകളടെ കൃത്യമായ അതിര്‍വരമ്പുകള്‍? അഥവാ കൃത്യമായ അര്‍ഥം? ഇതൊന്നും വിശദീകരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നില്ല. കാരണം അദ്ദേഹത്തിനെന്ന പോലെ നമുക്കും ബോധ്യമുണ്ട്. ഇവിടെ ഇടതെന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെയാണ്. ഈ പരികല്‍പ്പനക്ക് കമ്മ്യൂണിസ്റ്റ്പൂര്‍വമായ ഒരു ചരിത്രം പോലും ഉണ്ട്. 1790കളില്‍ ഫ്രഞ്ച് വിപ്ലവാനന്തരം രൂപപ്പെട്ട പാര്‍ലിമെന്റിലെ ഇരിപ്പിട സംവിധാനത്തില്‍ നിന്നാണ് ഈ സംജ്ഞ ഉത്ഭവിച്ചത്. അവിടെ സോഷ്യലിസ്റ്റുകള്‍ സ്പീക്കറുടെ ഇടതു ഭാഗത്താണ് ഇരുന്നിരുന്നത്. അന്നു മുതല്‍ ലോകത്തിലെ എല്ലാ പാര്‍ലിമെന്റുകളിലും ഭരണക്ഷി സ്പീക്കറുടെ വലതു വശത്തുള്ള ഇരിപ്പിടങ്ങള്‍ വലതുപക്ഷത്തിനും ഇടതുപക്ഷ ഇരിപ്പിടങ്ങള്‍ ഇടതുപക്ഷങ്ങള്‍ക്കും അവകാശപ്പെട്ടതായി കരുതപ്പെട്ടുപോന്നു. അതോടെ വലതുപക്ഷം യാഥാസ്ഥിതികതയുടെയും ഇടതുപക്ഷം ഉത്പതിഷ്ണുക്കളുടെയും ശബ്ദം നിയമനിര്‍മാണസഭകളില്‍ പ്രതിഫലിപ്പിച്ചു പോരുന്നു എന്നാണ് ധാരണ. സോഷ്യലിസം കമ്മ്യൂണിസത്തിലേക്കു വളര്‍ച്ച പ്രാപിച്ചപ്പോള്‍ ഇടതുപക്ഷം എന്നതവരുടെ പര്യായപദമായി മാറി.
ക്രിസ്തു മതത്തിലെ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം എല്ലാ യാഥാസ്ഥിതിക സമീപനങ്ങളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്‌ലാമും പ്രാചീന സാമൂഹിക വ്യവസ്ഥിതികളോടു കലാപം ചെയ്തു മുന്നോട്ടുവന്ന ഒരു ജനകീയ ആത്മീയ പ്രസ്ഥാനമായിരുന്നു. ഗുണപരമായ സാമൂഹിക മാറ്റം ലക്ഷ്യമാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാം ബാധ്യതപ്പെട്ടിരിക്കുന്നു എന്നും ആ നിലയിലുള്ള ഒരു വിമോചന ദൈവശാസ്ത്രം ഇസ്‌ലാമില്‍ അന്തര്‍ലീനമായിരിക്കുന്നുവെന്നും അസ്ഗര്‍ അലി എന്‍ജിനിയറെ പോലുള്ളവര്‍ സമര്‍ഥിക്കുന്നു. ഇസ്‌ലാമിന്റെ ഇത്തരം സഹജമായ ഇടതുപക്ഷ സ്വഭാവത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കൊന്നും ഈ ഗ്രന്ഥത്തില്‍ മുതിരുന്നില്ല. മറിച്ച്, മലബാറിലെ മാപ്പിള സമൂഹവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഉണ്ടായിരുന്ന പരസ്പരാശ്രിത ബന്ധത്തെയാണ് പ്രതിപാദിക്കുന്നത്. മലബാറിലെ മുസ്‌ലിം സമൂഹം അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമുദായത്തിന് തുണയായി വര്‍ത്തിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്നതാണ് നിഗമനം. മതേതരത്വം എന്നാല്‍ തരം പോലെ മതസമുദായങ്ങളെ സ്വന്തം വോട്ട് ബേങ്കുകളാക്കി നിലനിറുത്തലല്ലെന്നും ഓരോ വ്യക്തിക്കും അവനവന്റെ മതസാംസ്‌കാരിക പൈതൃകത്തിലെ നല്ല വശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്വന്തം സ്വത്വബോധത്തെ ആര്‍ക്കു മുന്നില്‍ അടിയറവെക്കാതെ തന്നെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തലാണെന്നും സമര്‍ഥിക്കുന്നതില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വഹിച്ച പങ്കിനെ വില കുറച്ചുകാണാന്‍ കഴിയില്ല. അധികാരം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കച്ചവടത്തില്‍ കൂട്ടുകച്ചവടക്കാരായി സങ്കുചിത സാമുദായികതയുടെ മാളങ്ങള്‍ തീര്‍ത്ത പാവപ്പെട്ട സമുദായാംഗങ്ങളെ ആ മാളത്തില്‍ തന്നെ അടച്ചിട്ടുകൊണ്ട് ഒരു വിഭാഗം പ്രമാണിമാര്‍ക്ക് ഉന്നതങ്ങളിലേക്കു ചവിട്ടിക്കയറാനുള്ള ഗോവണികള്‍ തീര്‍ക്കലല്ല സമുദായ സ്‌നേഹം എന്ന് രണ്ടത്താണിയുടെ പുസ്തകം ചരിത്രത്തില്‍ നിന്നുള്ള ജീവത്തായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍ഥിക്കുന്നുണ്ട്. പല വിധ കാരണങ്ങള്‍ കൊണ്ട് മുസ്‌ലിംകളെ സംശയദൃഷ്ടിയോടെ നോക്കുന്ന ഇവിടുത്തെ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കു മുന്‍വിധിയുടെ കണ്ണട ഊരി വെച്ചുകൊണ്ട് ഇസ്‌ലാമിനെ പ്രത്യേകിച്ചു മലബാറിലെ മാപ്പിള സമൂഹത്തിന് തങ്ങള്‍ക്ക് പുറത്തുള്ള ലോകത്തെ മനസ്സിലാക്കാന്‍ പ്രയോജനപ്പെടുന്ന തരത്തിലാണ് പുസ്തകം സംവിധാനപ്പെടുത്തിയിരിക്കുന്നത്.

അശ്രദ്ധയുടെ
വിരലടയാളങ്ങള്‍
എന്നാല്‍ ഇത്തരം ഗൗരവാര്‍ഹമായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു പുസ്തകത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒട്ടേറെ പ്രമാദങ്ങളും പുസ്തകത്തില്‍ സംഭവിച്ചിട്ടുണ്ട്. പൊന്നാനിയില്‍ വിശ്വവിദ്യാലയം തുടങ്ങിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ജീവിതകാലത്ത് (1467-1522) ആ മലയാള ഭാഷ രൂപപ്പെട്ടിരുന്നില്ലെന്ന പരാമര്‍ശം (പേജ് 15) മലയാളഭാഷക്കു ക്ലാസിക്കല്‍ പദവി അനുവദിപ്പിക്കാന്‍ തെളിവുകള്‍ നിരത്തിയ ഭാഷാപണ്ഡിതന്മാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയേക്കും. ചുരുങ്ങിയ പക്ഷം രാമചരിതകാരനും കണ്ണശ്ശരാമായണം കര്‍ത്താവും പുറമെ നല്ല മലയാളകൃതികളും പ്രചാരത്തില്‍ ഇരുന്ന കാലം കൂടി ആയിരുന്നു. കടല്‍ വെള്ളം തൊടുന്നതിനോടല്ല (പേജ് 14) കടലിനപ്പുറത്തേക്കുള്ള യാത്രയോടായിരുന്നു കേരളത്തിലെ ഹിന്ദുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നത്. സമുദ്രയാത്ര ചെയ്യുന്നവര്‍ക്കു പുരാതന ഹിന്ദു സമുദായം ജാതിഭ്രഷ്ട് കല്‍പ്പിച്ചിരുന്നു.
മാപ്പിള സമരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ കോണ്‍ഗ്രസിലെ ഇടതുപക്ഷ സോഷ്യലിസ്റ്റുകള്‍ മാപ്പിള മാര്‍ക്കൊപ്പം നിന്നു എന്ന് കാണുന്നു (പേജ് 20). 1921ലാണ് കോണ്‍ഗ്രസ് ഇടതുപക്ഷ സോഷ്യലിസ്റ്റുകളെന്ന വിഭാഗം രംഗപ്രവേശം ചെയ്തത്. “പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും “പൊന്‍വാനിപ്പുഴ”യോരത്തുള്ള പൊന്നാനിയും സമൃദ്ധമായി” എന്ന നിഗമനം ശരിയാണെന്നു സമ്മതിച്ചാല്‍ പോലും “പൊന്നാനി സാമൂതിരിയുടെ തലസ്ഥാനവും ആയി” എന്ന പ്രസ്താവന മുമ്പാരും ഉന്നയിച്ചുകേള്‍ക്കാത്തതാണ്. പൊന്നാനിയില്‍ സാമൂതിരി താത്കാലികമായ താവളം സ്ഥാപിച്ചിരിക്കാം എന്നതിനപ്പുറം പൊന്നാനി തലസ്ഥാനമാക്കി എന്നും പറയുന്നതിന് കൂടുതല്‍ തെളിവുകളുടെ പിന്‍ബലം ആവശ്യമുണ്ട്. (പേജ് 35) 1952ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്കു മത്സരിച്ചു ജയിച്ച ഒരേ ഒരു മുസ്‌ലിം ലീഗുകാരന്‍ ബി പോക്കല്‍ സാഹിബ് ആണെന്നത് ശരി തന്നെ. പക്ഷേ അദ്ദേഹം ഒറ്റ ഒരുത്തന്‍ മാത്രമായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകളുടെ ശബ്ദമായിരുന്നതെന്ന് നിരീക്ഷണം ലീഗുവിരുദ്ധനായി അറിയപ്പെടുന്ന രണ്ടത്താണിയുടെനിലപാടിന് പോലും വിരുദ്ധമാണ്. മലപ്പുറത്തെ എട്ടും പൊട്ടും തിരിയാത്ത ലീഗുകാരന്‍ പറയുന്നതുപോലെ ആയിപ്പോയി ഈ പ്രസ്താവന. 1952ലെ ലോക്‌സഭയില്‍ മൗലാനാ ആസാദിനെ പോലുള്ള പ്രഗത്ഭരായ എത്രയോ മുസ്‌ലിം നേതാക്കള്‍ ഉണ്ടായിരുന്നു എന്ന കാര്യം ഗ്രന്ഥകാരന്‍ വിസ്മരിക്കരുതായിരുന്നു. (പേജ് 46) ഗ്രന്ഥകാരന്‍ അറിയാതെ തന്നെ അദ്ദേഹത്തിന്റെ ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയ ചില മുസ്‌ലിം ലീഗനുകൂല ചിന്തകള്‍ അപൂര്‍വമായെങ്കിലും ഈ പുസ്തകത്തില്‍ കല്ലുകടിയുണ്ടാക്കുന്നുണ്ട്. 1969 ലെ ഇം എം എസ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയായിരുന്നില്ല (പേജ് 48)മറിച്ച് രാജി വെച്ചു പിരിയുകയായിരുന്നു. പേജ് 52ലെ മറ്റൊരു പരാമര്‍ശം നോക്കുക. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ മാപ്പിളമാരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മലപ്പുറം ജില്ല അനുവദിച്ചു പോലും! മലപ്പുറം ജില്ല മാപ്പിളമാരുടെ കുത്തകയാണെന്നും മറ്റ് ജനവിഭാഗങ്ങളൊന്നും ആ പ്രദേശത്തു വസിക്കുന്നില്ലെന്നുമുള്ള പ്രതീതിയാണിത് വായിക്കുമ്പോള്‍ തോന്നുക. മാപ്പിളമാരെ പ്രീണിപ്പിക്കാന്‍ നമ്പൂതിരിപ്പാട് അവര്‍ക്കു പ്രത്യേക ജില്ല അനുവദിച്ചു എന്നത് അക്കാലത്തെ കമ്യൂണിസ്റ്റ്‌വിരുദ്ധ കക്ഷികള്‍ ഉന്നയിച്ചിരുന്നു. ഈയൊരു വിമര്‍ശം ശരിവെക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ രണ്ടത്താണിയുടെ പുസ്തകത്തില്‍ കടന്നുകൂടിയത് നിര്‍ഭാഗ്യകരമാണ്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെട്ടപ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുകയായിരുന്നു ജില്ല അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്.
വര്‍ഷങ്ങളുടെ കൃത്യമല്ലാത്ത രേഖപ്പെടുത്തല്‍ പ്രത്യേകിച്ചും ഒരു ചരിത്ര പുസ്തകത്തിന് ഒട്ടും ഭൂഷണമല്ല. 1921 ലെ മലബാര്‍ കലാപത്തെ ന്യായീകരിച്ചു കൊണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടും എ കെ ജി പെരിന്തല്‍മണ്ണയില്‍ 1946ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1947ല്‍ സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരെയുള്ള കേസ് മാത്രം പിന്‍വലിച്ചില്ല. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് 1942 സെപ്തംബര്‍ രണ്ടിന് എ കെ ജി ഹര്‍ജി നല്‍കിയെന്നു എഴുതിയിരിക്കുന്നു (പേജ് 67). അച്ചടിപ്പിശാചിന്റെ അരങ്ങേറ്റം എന്നിത്തരം തെറ്റുകളെ വിശേഷിപ്പിക്കാം. 1946ലെ നടപടിക്കെതിരെ 1942ല്‍ എങ്ങനെയാണ് ഹര്‍ജി നല്‍കാന്‍ ആകുക? അതു ശരിക്കും വേണ്ടിയിരുന്നത് 1947 സെപ്തംബര്‍ രണ്ടിന് എന്നായിരുന്നു. ഇത്തരം തെറ്റുകള്‍ ഇവിടം കൊണ്ടും തീരുന്നില്ല. 1967ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ പഴുതുകളൊക്കെ അടച്ചു ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി (പേജ് 71) 1969 ഒക്‌ടോബര്‍ മാസത്തില്‍ നിയമം പാസ്സാക്കിയെങ്കിലും വൈകാതെ തന്നെ ആ മന്ത്രിസഭ രാജിവെച്ചു പുറത്തു പോകുകയായിരുന്നു. പുതുതായി അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാര്‍ ആ നിയമം നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. അതിന് വേണ്ടി 1970 ജനുവരിയില്‍ ഇടതുപക്ഷത്തിന് ചരിത്രപ്രസിദ്ധമായ മിച്ചഭൂമി സമരം നടത്തേണ്ടിവന്നു. അത് കാര്യമായ ഫലം കണ്ടില്ല. തുടര്‍ന്ന് മാറിമാറി വന്ന ഇടതു വലതു സര്‍ക്കാറുകള്‍, 1957 മുതല്‍ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളില്‍ നിന്നും ഭൂ പരിഷ്‌കരണ പരിശ്രമങ്ങളില്‍നിന്നും പല വിധ കാരണങ്ങളാല്‍ പിറകോട്ടു പോകുകയായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം.

 

---- facebook comment plugin here -----

Latest