Connect with us

Articles

ഒരു സര്‍ക്കാറിന് എത്രത്തോളം പരിസ്ഥിതിവിരുദ്ധമാകാം?

Published

|

Last Updated

GADKIL..

കേരളത്തിന്റെ തനതായ രൂപഭംഗിക്ക് കാരണമായ മലകളും കുന്നുകളും നെല്‍വയലുകളും കാടുകളും ജലവിഭവ ലഭ്യതയും തീരദേശവും തണ്ണീര്‍ത്തടങ്ങളും കായലുകളും നദികളും നശിപ്പിച്ചില്ലാതാക്കാനുള്ള ഒരുക്കത്തില്‍ നിലവിലുള്ള നിയമങ്ങളില്‍ ഇളവുകളും രൂപമാറ്റവും വരുത്താനുള്ള നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിനാശത്തിന് ഇടവരുത്തുന്ന നീക്കങ്ങളുമായി പല വകുപ്പുകളും മുന്നോട്ട് പോകുന്നു. തീരദേശ പരിപാലന നിയമം, നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, കുടിവെള്ള വിതരണ നിയമങ്ങള്‍, വന നിയമങ്ങള്‍, നദീസംയോജന നടപടികള്‍, മണല്‍വാരല്‍ നിയ ന്ത്രണ നിയമങ്ങള്‍, ഭൂവിനിയോഗ നിയമങ്ങള്‍, കെട്ടിട നിര്‍മാണ ചട്ട ഭേദഗതികള്‍, മൈനിംഗ് ആന്‍ഡ് ജിയോളജി ചട്ടങ്ങള്‍, ജൈവ വൈവിധ്യ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും പട്ടയം നല്‍കല്‍ ചട്ടങ്ങള്‍ തുടങ്ങിയവയില്‍ ഭേദഗതികള്‍ നടത്തി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്ന നിലയിലേക്ക് കേരള ഭരണം ജനവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ്. ഈ നീക്കം സംസ്ഥാനത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് വെല്ലുവിളി ഉയര്‍ത്തും. സര്‍ക്കാര്‍ ഭൂമിയും സമ്പത്തും അന്യാധീനപ്പെട്ടുപോകുന്നതിന് ഇട വരുത്തും. സംസ്ഥാന ഭരണം സങ്കുചിത താത്പര്യക്കാരുടെ കൈകളില്‍ എത്തിപ്പെട്ടിരിക്കുന്നതിന് നിരവധി ഉദാഹണങ്ങളുണ്ട്.
കേരളം പട്ടിണിയിലേക്കും പ്രകൃതി ദുരന്തങ്ങളിലേക്കും എടുത്തെറിയപ്പെടാതിരിക്കാനാണ് നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം പാസ്സാക്കിയത്. ഇത് പ്രകാരം നെല്‍വയലുകളുടെ ഡാറ്റാ ബേങ്ക് പ്രസിദ്ധീകരണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധം, രൂപാന്തരം വരുത്താനുള്ള നിയന്ത്രണങ്ങള്‍, നികത്താനുള്ള അനുമതി എന്നിവ നിയമത്തിലെ പ്രധാന വകുപ്പുകളാണ്. രേഖകളില്‍ “നിലം” എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ നിയമപ്രകാരം കടുത്ത നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, ഈ നിയമത്തില്‍ ഇളവുകള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടി നെല്‍വയലുകള്‍ നിസ്സാര വിലക്ക് വാങ്ങിക്കൂട്ടിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്താനുള്ള തന്ത്രങ്ങളുമായി മുതല്‍മുടക്കും നിക്ഷേപവും എന്ന വ്യാജേന മന്ത്രിസഭാംഗങ്ങളെ സ്വാധീനിച്ചിരിക്കുന്നു എന്നതിന് തെളിവാണ് നിലം നികത്തുന്നതിന് അനുമതിയും ഇളവുകളും നല്‍കുന്നത് പഠിക്കാന്‍ മന്ത്രിതല ഉപസമിതിയെ നിയോഗിച്ചിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കൃഷി ലാഭകരമാക്കുന്നതിനെക്കുറിച്ച് പഠിക്കാതെ, കൃഷി ഭൂമി ഇല്ലായ്മ ചെയ്യാന്‍ സാമൂഹികവിരുദ്ധര്‍ക്കൊപ്പം അണി ചേരുന്നതായി തോന്നിപ്പിക്കുന്ന ഒരു മന്ത്രിസഭ കേരളത്തില്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ്, പൊതു ആവശ്യങ്ങള്‍ക്കായി എന്ന വ്യാജേന നിലം നികത്താനുള്ള അനുമതി, ഡാറ്റാ ബേങ്കില്‍ പ്രസിദ്ധീകരിച്ച നെല്‍വയലുകള്‍ക്ക് കര ഭൂമി സ്റ്റാറ്റസ് നല്‍കല്‍, നെല്‍വയലുകളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ അനുമതി, തണ്ടപ്പേര് മാറ്റി കര ഭൂമി എന്നാക്കി മാറ്റല്‍ തുടങ്ങിയവയാണ് ഈ മന്ത്രിസഭാ ഉപസമിതിയുടെ പ്രധാന ജോലി. ആറന്മുളയിലെ സ്വകാര്യ വിമാനത്താവള കമ്പനിക്ക് അനുകൂലമായി വസ്തുതകള്‍ മറിച്ചുവെച്ചുള്ള പരിസ്ഥിതി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിസ്ഥിതിവിരുദ്ധ നയമാണ് വ്യക്തമാക്കുന്നത്. ഒട്ടനവധി നിയമങ്ങളുടെ ലംഘനം ആറന്മുള വിമാനത്താവളത്തിനു വേണ്ടിയുള്ള നിലം നികത്തലില്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം മറച്ചുവെച്ചാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ മറച്ചുവെച്ചുള്ള റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്.
നാട്ടുകാരുടെ കുടിവെള്ളം വില്‍ക്കാന്‍ സ്വകാര്യ കമ്പനികളെയും വ്യക്തികളെയും സംഘടനകളെയും അനുവദിക്കുന്ന കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. നദികള്‍, കുളങ്ങള്‍, അരുവികള്‍ തുടങ്ങിയവ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളാണ്. അതിനാല്‍, ഈ വെള്ളം ഊറ്റി വില്‍ക്കാന്‍ കമ്പനികളെ അനുവദിക്കരുത്. ഈ കമ്പനി തുടങ്ങുന്നതോടെ കേരള വാട്ടര്‍ അതോറിറ്റി ഊര്‍ധശ്വാസം വലിക്കും. കുടിവെള്ളത്തിന്റെ വില കുത്തനെ ഉയരും. കുടിവെള്ള മേഖല സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനവിരുദ്ധവും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തതുമാണ്.
സര്‍ക്കാറിന്റെ മറ്റൊരു പരിസ്ഥിതിവിരുദ്ധ നയമാണ് ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ അട്ടിമറിച്ച് നദികളിലെ മണല്‍വാരല്‍ നിരോധവും ധാതുമണല്‍ നിരോധവും നോക്കുകുത്തിയാക്കിയുള്ള നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കല്‍. മണല്‍ ഖനനത്തിന് മുമ്പ് മണല്‍ ഓഡിറ്റിംഗ് നടത്തി മണല്‍ ലഭ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു മുമ്പ് പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കി കോടതി വിധികള്‍ നിലവിലുണ്ട്. പുഴമണല്‍ ഖനനവും പാറമട ഖനനവും വ്യവസ്ഥകള്‍ വെച്ച് നിരോധിച്ച് നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിട്ടുണ്ട്. പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചും പ്രകൃതിയെ നശിപ്പിച്ചും പുഴകളും പശ്ചിമ ഘട്ടവും തകര്‍ത്തും നടന്നുകൊണ്ടിരിക്കുന്ന മണല്‍ ഖനനവും പാറ ഖനനവും കേരളത്തിലെ പരിസ്ഥിതിക്ക് കനത്ത ആഘാതമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ജില്ലാ വികസന സമിതികള്‍ക്കൊപ്പം ജില്ലാ കലക്ടര്‍മാര്‍ ഖനനത്തിന് ഉത്തരവിറക്കുന്നത് നിയമലംഘനമാണ്. പുഴകളും പശ്ചിമ ഘട്ടവും നശിച്ചില്ലാതാകുന്നത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്.
ഒരു ഘടക കക്ഷി നേതാവിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിക്കുന്ന മീനച്ചിലാര്‍ നദീതട പദ്ധതി ഒരു പരിസ്ഥിതി സൗഹൃദ പദ്ധതിയല്ല. ഈ പദ്ധതി വന്നാല്‍, മൂവാറ്റുപുഴയാറിലെ കുടിവെള്ള പദ്ധതികള്‍, ജലസേചന പദ്ധതികള്‍ എന്നിവയെല്ലാം മുടങ്ങും. പശ്ചിമഘട്ട വന നാശം ഉള്‍പ്പെടെ നടത്തി മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ചിലരുടെ സ്വാര്‍ത താത്പര്യത്തിനായി മാത്രം നടപ്പാക്കാനുദ്ദേശിക്കുന്ന മീനച്ചില്‍ നദീതട പദ്ധതി വരുമ്പോള്‍ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതികള്‍ ഒന്നാകെ ഇല്ലാതാകും. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറേണ്ടത് അനിവാര്യമാണ്.
നദീതീര മണല്‍വാരല്‍ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കമാണ് ഈ സര്‍ക്കാറിന്റെ മറ്റൊരു പരിസ്ഥിതി വിരുദ്ധ നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുഴകളിലെ മണല്‍വാരി കിട്ടുന്ന തുകയുടെ 50 ശതമാനം അതത് ജില്ലകളിലെ ജില്ലാ കലക്ടര്‍മാരുടെ പേരിലുള്ള റിവര്‍മാനേജ്‌മെന്റ് ഫണ്ടിലടക്കണം. ഇത് നദികള്‍ സംരക്ഷിക്കാനാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് മറ്റൊന്നാണ്. നദികളുടെ യഥാര്‍ഥ നീളവും വീതിയും ഗതിയും സാറ്റലൈറ്റ് ഇമേജറി വഴി തിട്ടപ്പെടുത്താതെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നദീ തീരം സ്വകാര്യ വ്യക്തികള്‍ക്കായി കെട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതുമൂലം, നദീതീരം അന്യാധീനപ്പെട്ടുപോകുന്നതിനു പുറമെ തീരത്തെ ഉറവകള്‍ തടസ്സപ്പെടുകയും നദികളുടെ വേനല്‍ക്കാല നീരൊഴുക്കുകള്‍ നിലക്കുകയും ചെയ്യും. നദികളില്‍ അശാസ്ത്രീയമായി തടയണ റിവര്‍മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. റിവര്‍മാനേജ്‌മെന്റ് ഫണ്ടിന്റെ ദുരുപയോഗം തടയാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അശാസ്ത്രീയമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നദികളെ കൊല്ലാക്കൊല ചെയ്യുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നിയമലംഘനങ്ങളും നിയമത്തില്‍ നല്‍കുന്ന അനധികൃത ഇളവുകളും ഒരു ജനാധിപത്യ സര്‍ക്കാറിനും ഭൂഷണമല്ല. കേരളത്തിന്റെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കേരളത്തിന്റെ സുസ്ഥിര വികസനം സാധ്യമാകില്ല.

 

 

 

 

 

---- facebook comment plugin here -----

Latest