Connect with us

Gulf

അബുദാബി മിഡ് ഫീഡ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ വന്‍ പുരോഗതി

Published

|

Last Updated

അബുദാബി: തലസ്ഥാന നഗരിയുടെ അഭിമാനസ്തംഭമായ അബുദാബി ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തില്‍ വന്‍ പുരോഗതിയെന്ന് അധികൃതര്‍. 2017ല്‍ തുറക്കാന്‍ ലക്ഷ്യമിട്ട് നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നതിനിടയിലാണ് ടെര്‍മിനലിന്റെ മേല്‍ക്കുര നിര്‍മിക്കാനുള്ള സ്റ്റീല്‍ ആര്‍ച്ചുകള്‍ കഴിഞ്ഞ ഞായറാഴ്ച ഘടിപ്പിച്ചത്.

വിചാരിച്ചതിലും ഒരാഴ്ച നേരത്തെ ഇത് സാധ്യമായതാണ് നിര്‍മാണത്തില്‍ നാഴികകല്ലായി മാറിയിരിക്കുന്നതെന്ന് അബുദാബി എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഡഗഌസ് അഭിപ്രായപ്പെട്ടു. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ രാജ്യന്തര തലത്തില്‍ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായി അബുദാബി ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈറ്റില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡസണ്‍ കണക്കിന് ക്രെയിനുകളും ഒപ്പം ഇവിടെ സ്ഥാപിച്ച സ്റ്റീല്‍ കോളങ്ങളും ഇതോടെ അബുദാബിദുബൈ റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്ന് കാണുന്നതും ഇല്ലാതാവും. എന്നാല്‍ റൂഫ് ഉറപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ആരംഭിക്കുന്ന അവസരത്തില്‍ റോഡിലുള്ളവര്‍ക്ക് സൈറ്റിലേക്ക് വീണ്ടും കാഴ്ച ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അബുദാബി രഹസ്യമാക്കി സൂക്ഷിക്കുന്ന നല്ലൊരു സത്യമാണ് ഈ നിര്‍മാണ പ്രവര്‍ത്തനമെന്ന് തിങ്കളാഴ്ച സൈറ്റില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ ഡഗഌസ് അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്ച മേല്‍ക്കുരയുമായി ബന്ധപ്പെട്ട പണി തുടങ്ങിയതോടെ സൈറ്റിലെ പ്രവര്‍ത്തികള്‍ പൊതുജനങ്ങളുടെ കണ്ണില്‍പ്പെടുന്നതിന് ഒരു മറയൊവും. ദുബൈ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ മൂന്നിനോട് സമാനമായ രീതിയിലാവും ഏഴു ലക്ഷം ചരുതരശ്ര മീറ്ററില്‍ ടെര്‍മിനല്‍ സാക്ഷാത്ക്കരിക്കുക. ദുബൈ ടെര്‍മിനലിനേക്കാള്‍ ഒന്നര ഇരട്ടി വലിപ്പമുണ്ടാവും.
ലണ്ടണിലെ ഹീത്രു വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചിനെക്കാളും ഒന്നര ഇരട്ടിയും പുതിയ ടെര്‍മിനലിന് വലിപ്പം പ്രതീക്ഷിക്കുന്നതു. 4.5 കിലോമീറ്റര്‍ വിസ്തൃതിയാവും ടെര്‍മിനലിനുണ്ടാവുക. ലോകത്തിലെ ഏറ്റവും വലിയ ഗ്ലെയിസിംഗ് കണ്‍ട്രാക്ടാണ് നിര്‍മാണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്. ഇതിനകത്തുള്ള അബുദാബി മാള്‍ ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കും. മൂന്നു കോടി യാത്രക്കാരെ ഇതോടെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിനാവും. 156 ചെക്ക് ഇന്‍ കൗണ്ടറുകളുണ്ടാവും. 48 സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന കിയോക്‌സുകളും ഇതോടൊപ്പം എട്ട് എയര്‍ലൈന്‍ ലോഞ്ചുകളും ഉണ്ടാവും. ബാഗേജ് ഹാന്‍ഡ്‌ലിംഗ് സംവിധാനം 22 കിലോമീറ്റര്‍ നീളത്തിലായിരിക്കും. 19,000 ബാഗുകള്‍ മണിക്കൂറില്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും ഡഗ്ലസ് പറഞ്ഞു.
അബുദാബി നഗരത്തിന് രാജ്യാന്തര മികവുള്ള വിമാനത്താവളം ഉണ്ടാവുന്നതിലെ നാഴികകല്ലാണ് ഞായറാഴ്ചത്തെ സൈറ്റില്‍ നടന്ന പ്രവര്‍ത്തിയെന്ന ചെയര്‍മാന്‍ അലി മാജിദ് അല്‍ മന്‍സൂരിയും അഭിപ്രായപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ വികസന യജ്ഞത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണിത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മേഖലയില്‍ ഗതാഗതത്തില്‍ വന്‍ പ്രാധാന്യമാവും വിമാനത്താവളത്തിന് ലഭിക്കുക. 12,000 നിര്‍മാണ തൊഴിലാളികളാണ് ഇതുമായി ബന്ധപ്പെട്ട് അഹോരാത്രം ജോലിചെയ്യുന്നത്. എയര്‍പോര്‍ട്ടിലെ രണ്ടാം നമ്പര്‍ റണ്‍വേയോട് ചേര്‍ന്നാണിത്. 2017 ജുലൈയില്‍ ഉദ്ഘാടനം ചെയ്യും. 18 ഭാഗങ്ങളുള്ള സ്റ്റീല്‍ ഫ്രെയിം മേല്‍ക്കുരയുടെ ഒന്നാം ഭാഗമാണ് ഞായറാഴ്ച പൂര്‍ത്തിയായിരിക്കുന്നത്.
ടെര്‍മിനലിന്റെ ബെയിസിന് മൊത്തം ഒമ്പത് ആര്‍ച്ചുകളുണ്ടാവും. 180 മീറ്ററായിരിക്കും മൊത്തം നീളം. 700 ടണ്‍ വീതമാണ് ഓരോ ആര്‍ച്ചുകളുടെയും ഭാരം. മേല്‍ക്കുരയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് 52 മീറ്റര്‍ ഉയരമുണ്ടാവുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Latest