Connect with us

National

സവാളക്ക് റെക്കോര്‍ഡ് വില: കിലോക്ക് നൂറ് രൂപയായി

Published

|

Last Updated

ന്യുഡല്‍ഹി: സവാള വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പാറ്റ്‌നയിലും ഭോപ്പാലിലും സവാള കിലോഗ്രാമിന് നൂറ് രൂപയായി. ഡല്‍ഹിയിലും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും സവാള കിലോഗ്രാമിന് 80- 90 രൂപയാണ് വില. സവാള വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണം പൂഴ്ത്തിവെപ്പാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഉള്ളിയുടെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതിക്കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഉള്ളിവില കുതിച്ചുയരുകയാണ്.

“രാജ്യത്ത് ആവശ്യത്തിന് ഉള്ളി സ്റ്റോക്കുണ്ട്. പൂഴ്ത്തിവെപ്പുകാരാണ് ഉള്ളിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത്. അത് വിലക്കയറ്റത്തിനും കാരണമാകുന്നു”- കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഖാരിഫ് വിളവെടുപ്പിലൂടെ വരും ദിവസങ്ങളില്‍ ഉള്ളി ധാരാളമായി വിപണിയിലെത്തും. അതോടെ ഉള്ളി വില താഴുകയും ചെയ്യും. ഡിസംബര്‍ അവസാനം വരെ ഖാരിഫ് വിളവെടുപ്പ് തുടരും. അതോടെ വിലഭദ്രത കൈവരുമെന്ന് മന്ത്രി അവകാശപ്പെട്ടു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ആശങ്കയുളവാക്കുന്നതാണ്. നാണയപ്പെരുപ്പമാണ് ഇതിന് പ്രധാന കാരണം. ഉള്ളി അടക്കമുള്ള പച്ചക്കറികളുടെയും ഭക്ഷ്യസാധനങ്ങളുടെയും വിലക്കയറ്റം നാണയപ്പെരുപ്പത്തിന് കാരണമാകുന്നു. എന്നാല്‍ ഇത് താത്കാലിക പ്രതിഭാസമാണ്- വാണിജ്യമന്ത്രി അവകാശപ്പെട്ടു. ഉള്ളിയുടെ കുറഞ്ഞ കയറ്റുമതി വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുമോ എന്ന ചോദ്യത്തിന്, വരും ദിവസങ്ങളില്‍ സ്ഥിതിഗതി മെച്ചപ്പെടുമെന്നായിരുന്നു മന്ത്രി ആനന്ദ് ശര്‍മയുടെ മറുപടി. മൊത്തം ഉത്പാദിപ്പിക്കുന്ന ഉള്ളിയുടെ 88 ശതമാനവും ഉപയോഗിക്കുന്നത് ഇന്ത്യയാണ്. 10 ശതമാനം കയറ്റി അയക്കുന്നു. ഇപ്പോള്‍ ഉള്ളിയുടെ കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 900 ഡോളറാണ്.