Connect with us

National

ജീവനിലെ ഭയം കാരണം അവര്‍ പിറന്ന മണ്ണ് ഉപേക്ഷിക്കുന്നു

Published

|

Last Updated

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകള്‍ അധികവും അഭയാര്‍ഥി ക്യാമ്പ് വിട്ടെന്ന സര്‍ക്കാര്‍ കണക്ക് അര്‍ധസത്യം മാത്രം. ഇതിന്റെ പേരില്‍ ക്യാമ്പുകള്‍ പൊളിച്ചുനീക്കുകയും റേഷന്‍ നിര്‍ത്തുകയും ചെയ്തിരിക്കുകയാണ് ഭരണകൂടം. പതിനയ്യായിരത്തിലധികം മുസ്‌ലിം കുടുംബങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോയെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍, പിറന്ന മണ്ണില്‍ ജീവിക്കാന്‍ ആഗ്രഹമെമ്പാടുമുണ്ടെങ്കിലും ഭയം കാരണം അവര്‍ വേറെയിടങ്ങളിലേക്ക് മാറുകയാണ്.
നിരവധി അഭയാര്‍ഥി ക്യാമ്പുകള്‍ പൊളിച്ചുനീക്കിയെങ്കിലും ഇവിടെ കഴിഞ്ഞ മുസ്‌ലിംകള്‍ സ്വന്തം നാടുകളിലേക്കല്ല തിരിച്ചുപോയത്. മറ്റ് അയല്‍ പ്രദേശങ്ങളില്‍ അഭയം ലഭിക്കുമോയെന്നാണ് അവരുടെ അന്വേഷണം. മാത്രമല്ല, പുതിയ ഉപജീവനമാര്‍ഗവും കണ്ടെത്തുകയാണ് ഇവര്‍. കലാപം കൂടുതല്‍ ബാധിച്ച കുത്ബ, കുത്ബി, ലാഖ്, ലിസാര്‍ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് ഒരു മുസ്‌ലിം കുടുംബം പോലും തിരിച്ചുവന്നിട്ടില്ല. സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകണമെന്നും അവിടം സുരക്ഷിതമാണെന്നും അഭയാര്‍ഥികളോട് പറയാന്‍ ദിവസവും ഉദ്യോഗസ്ഥരെ അയക്കാറുണ്ടെന്ന് മുസാഫര്‍നഗര്‍ എ ഡി എം രാജേഷ് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ മാസം ഏഴാം തീയതിക്കും പത്താം തീയതിക്കും ഇടയില്‍ ജൗലാ ക്യാമ്പില്‍ അഭയം തേടിയ 2800 കുടുംബങ്ങളില്‍ 470ഉം തിരിച്ചുപോയതായി സര്‍ക്കാര്‍ രേഖകളില്‍ പറയുന്നു. ഇവിടേക്കുള്ള റേഷന്‍ നിര്‍ത്തുകയും ക്യാമ്പ് പൊളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, നൂറ്റമ്പതിലേറെ കുടുംബങ്ങള്‍ ക്യാമ്പ് മേഖലയില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ബിജ്‌ലിഘഢ് ഗ്രാമത്തില്‍ അഭയം തേടിയിരിക്കുകയാണ്. ക്യാമ്പില്‍ കഴിഞ്ഞ സമീഉദ്ദീന്‍ കഴിഞ്ഞയാഴ്ച സ്വന്തം ഗ്രാമത്തിലേക്ക് പോയിരുന്നു. ഉപജീവനമാര്‍ഗമായ എരുമകളെ കൊണ്ടുവരാനാണ് പോയത്. അതും പോലീസ് സംരക്ഷണത്തില്‍. “ഗ്രാമം ഇട്ടേച്ചുപോരുകയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അവിടേക്ക് തിരിച്ചുപോകുകയെന്നതും അസാധ്യമാണ്. അത്രമാത്രം ഭീകരതകള്‍ക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. റേഷന്‍ നിര്‍ത്തിയതിനാല്‍ മറ്റ് വഴി തേടേണ്ടിയിരിക്കുന്നു.” ലാഖ് സ്വദേശിയായ സമീഉദ്ദീന്‍ പറഞ്ഞു.
മറ്റ് ചില പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ക്ക് സമീപത്ത് വീടുകള്‍ വാടകക്കെടുക്കയാണ് ചിലര്‍. ബുധാനയിലെ ചാന്ദ് മസ്ജിദിന് സമീപമുള്ള ക്യാമ്പില്‍ 1013 കുടുംബങ്ങളാണ് കഴിഞ്ഞത്. എല്ലാവരും തിരിച്ചുപോയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ബുധാനയിലെ ഖരാദ് സ്വദേശിയായ മുന്ന (48) പറയുന്നത് വീട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കില്ലെന്നാണ്. നഷ്ടപരഹാര തുക ഉപയോഗിച്ച് ബുധാനയില്‍ വീട് വാങ്ങാനുള്ള പദ്ധതിയിലാണ് മുന്ന. കലാപത്തില്‍ മുന്നക്ക് പിതാവ് ശാഹിദിനെ നഷ്ടപ്പെട്ടിരുന്നു. ജോഗി ഖേദയില്‍ 278 കുടുംബങ്ങള്‍ ക്യാമ്പ് വിട്ടിട്ടുണ്ട്. എന്നാല്‍ ഇവരും സ്വന്തം ഗ്രാമങ്ങളിലേക്കല്ല പോയത്. വാടക വീട് എടുത്തിരിക്കുയാണ് ക്യാമ്പ് വിട്ട ഫുഗാനയിലെ നസീം. ഇദ്ദേഹത്തിന്റെ ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.
സര്‍ക്കാര്‍ സഹായം കൂടാതെ ക്യാമ്പ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നാണ് മുസ്‌ലിം സംഘടനകള്‍ പറയുന്നത്. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ മുസ്‌ലിംകള്‍ ഭയക്കുന്നത് കാരണം ക്യാമ്പുകള്‍ക്ക് സമീപ പ്രദേശങ്ങളില്‍ ജോലി തേടാനാണ് ഗ്രാമീണരോട് സംഘടനകള്‍ പറയുന്നത്.
ഇഷ്ടിക കളം സ്വന്തമായുള്ള ഇംറാന്‍, ലാഖിലെയും ലിസാറിലെയും 50 കുടുംബങ്ങള്‍ക്കാണ് തന്റെ രണ്ട് വീടുകളിലായി അഭയം നല്‍കിയത്. “ഇഷ്ടിക കളത്തില്‍ അടുത്ത മാസം മുതല്‍ ജോലി തുടങ്ങും. അഭായര്‍ഥികള്‍ക്ക് അവിടെ ജോലി ചെയ്യാം.” ഇംറാന്‍ പറഞ്ഞു. ചൗധരി മുന്‍ശാദ് അലി ചൗഹാന്റെ കുടുംബത്തിന്റെ സ്വത്തായ 200 ബിഗ ഭൂമിയുടെ പകുതി അഭയാര്‍ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.
മലാക്പൂരില്‍ കഴിഞ്ഞവര്‍ സമീപ ഗ്രാമങ്ങളില്‍ വീട് നിര്‍മിക്കാനുള്ള തീരുമാനത്തിലാണ്. ഇവിടെയാണ് കൂടുതല്‍ ക്യാമ്പുകളുണ്ടായിരുന്നത്. കുത്ബയിലെ സൈറ ഖാത്തൂന്‍, സമീപ പ്രദേശമായ ദഭേരി ഖുര്‍ദിലേക്ക് മാറിക്കഴിഞ്ഞു.

Latest