Connect with us

Kerala

സംസ്ഥാനത്തെ 31 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോവാദി സാന്നിധ്യം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 31 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ വടക്കന്‍ ജില്ലകളിലെ സ്റ്റേഷന്‍ പരിധികളിലാണ് മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ മേഖലകളില്‍ മൂന്ന് കമ്പനി സായുധസേനയെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍മാരുടെയും പോലീസ് മേധാവികളുടെയും യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സാമുദായിക ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കാസര്‍കോട് ജില്ലയില്‍ ആവിഷ്‌കരിച്ചിട്ടുള്ള പൊന്‍പുലരി പദ്ധതിയുടെ മാതൃകയില്‍ പദ്ധതി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഒരു വര്‍ഷക്കാലം ക്രമസമാധാനപാലനത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് പോലീസ് കാഴ്ച വെച്ചത്. വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കഴിഞ്ഞ ഒരു വര്‍ഷം കാര്യമായുണ്ടാകാത്തത് തൃപ്തികരമാണ്.
സ്റ്റുഡന്റ് കേഡറ്റ് പദ്ധതി വിപുലീകരിക്കും. റോഡപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗത നിയന്ത്രണത്തിനും സുരക്ഷക്കുമായി കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.
മണല്‍മാഫിയക്കെതിരായ നടപടികള്‍ ശക്തമാക്കും. പോലീസ് സ്‌റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കി വിട്ടുനല്‍കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്കും എസ് പിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ ഏഴായിരം വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്ക്.
ബ്ലേഡ് മാഫിയ, നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കും. സംസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 74 പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഘട്ടം ഘട്ടമായി സ്വന്തമായി കെട്ടിടം പണിയും. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരേ നടപടി സ്വീകരിക്കും. കേന്ദ്രാനുമതി ലഭിച്ച പത്ത് തീരദേശ പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനായി വേഗത്തില്‍ ഭൂമി കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest