Connect with us

National

കൃഷിനാശം: കണക്കാക്കിയത് 15,000 കിട്ടിയത് 80 രൂപ

Published

|

Last Updated

മുംബൈ: കൃഷി നാശത്തിന് കണക്കാക്കിയത് 15,000 രൂപ. സര്‍ക്കാര്‍ അനുവദിച്ച സഹായം 80 രൂപ. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ വാര്‍ധാ ജില്ലയില്‍ നിന്നാണ് കെടുകാര്യസ്ഥതക്കും പൊതു ഫണ്ട് വെട്ടിപ്പിനും നേര്‍സാക്ഷ്യമായ ഈ കണക്ക്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് നഷ്ടക്കണക്കുകള്‍ തയ്യാറാക്കുന്നത്. നാശം നേരില്‍ കണ്ട് ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന കണക്കാണിത്. പ്രതീക്ഷയുടെ തണലില്‍ ഇരിക്കുന്ന കര്‍ഷകന്റെ മുമ്പിലേക്കാണ് 80 രൂപയെന്ന വിരോധാഭാസം വരുന്നത്.
വന്‍ കൃഷി നാശമുണ്ടായ കിഴക്കന്‍ മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സംഭവമല്ല ഇതെന്ന് വിദര്‍ഭ ജന്‍ ആന്തോളന്‍ സമിതി (വി ജെ എ എസ്) മേധാവി കിശോര്‍ തിവാരി പറയുന്നു. 80ഉം 100ഉം 150ഉം തുകയടങ്ങിയ ആയിരക്കണക്കിന് ചെക്കുകളാണ് തഹസില്‍ദാര്‍ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. കര്‍ഷകര്‍ ഈ ചെക്കുകള്‍ കൈപ്പറ്റാന്‍ കൂട്ടാക്കുന്നില്ലെന്ന് തിവാരി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച സോത്ഭാ ഭാവ്‌ന എന്ന കര്‍ഷകനാണ് 15,000 രൂപയുടെ നഷ്ടം കണക്കാക്കപ്പെട്ടത്. കടലാസുകളൊക്കെ ശരിയാംവണ്ണം തയ്യാറാക്കി അപേക്ഷ സമര്‍പ്പിച്ചു. അതിന് ഫീസിനത്തില്‍ 95 രൂപ ചെലവായി. കാണേണ്ട ഉദ്യോഗസ്ഥരെയൊക്കെ കണ്ടു. പരിശോധിക്കാന്‍ വന്ന ഉദ്യോഗസ്ഥന് നൂറ് രൂപ കൈമടക്കും കൊടുത്തു. ചായയും പലഹാരവും ഒരുക്കിയ ചെലവ് വേറെയും. എല്ലാം കഴിഞ്ഞ് പാസ്സായത് 80 രൂപ. ബേങ്ക് അക്കൗണ്ട് തുടങ്ങാന്‍ തന്നെ വേണം 500 രൂപ.
കിഴക്കന്‍ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ക്കായി മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നീക്കിവെച്ചത് 2,000 കോടി രൂപയാണ്. ഈ വസ്തുത നിലനില്‍ക്കെയാണ് എണ്‍പതും നൂറും രൂപ നഷ്ടപരിഹാരം അനുവദിച്ച് കര്‍ഷകരെ അപമാനിക്കുന്നതെന്ന് തിവാരി പറയുന്നു. ഒറ്റപ്പെട്ട പിഴവുകള്‍ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നഷ്ടം കാണിക്കാനുള്ള രേഖകള്‍ പൂര്‍ണമല്ലെന്നും അവര്‍ പറയുന്നു. ചവാന്റെ പ്രഖ്യാപനത്തിന് പിറകേ കേന്ദ്ര കൃഷി മന്ത്രിയും എന്‍ സി പി മേധാവിയുമായ ശരത് പവാര്‍ മേഖല സന്ദര്‍ശിച്ച് വന്‍ കേന്ദ്ര സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഒരു ചില്ലിക്കാശ് പോലും കര്‍ഷകരില്‍ എത്തിയിട്ടില്ല. ഒക്‌ടോബറില്‍ മാത്രം 12ലധികം കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകും മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വി ജെ എ എസ് ആവശ്യപ്പെടുന്നു. ജൂലൈ -ആഗസ്റ്റ് മാസങ്ങളിലെ അതികാലവര്‍ഷം വിദര്‍ഭ മേഖലയിലെ വാര്‍ധ, അമരാവതി, യവത്മാല്‍ പ്രദേശങ്ങളിലാണ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെത്തന്നെയാണ് വലിയ തോതില്‍ ഫണ്ട് വെട്ടിപ്പും നടക്കുന്നത്.