Connect with us

International

സ്ട്രീറ്റ് ലൈറ്റ് വേണ്ട; ഇനി റോഡ് തന്നെ പ്രകാശിക്കും

Published

|

Last Updated

ഇംഗ്ലണ്ടിലെ ക്രൈസ്റ്റ് പീസസ് പാര്‍ക്കിലെ റോഡ് രാത്രിയില്‍ പ്രകാശിക്കുന്നു

ലണ്ടന്‍: റോഡില്‍ സ്ട്രീറ്റ് ലൈറ്റ് തെളിയുന്നില്ല എന്ന് ഇനി പരാതി പറയേണ്ടിവരില്ല. സ്ട്രീറ്റ് ലൈറ്റിന് പകരം റോഡ് തന്നെ പ്രകാശിക്കുന്ന അതിനൂതന സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെട്ടുക ഴിഞ്ഞു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോ ടെക് എന്ന കമ്പനിയാണ് രാത്രിയായാല്‍ റോഡിനെ പ്രകാശിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയത്.

സ്റ്റാര്‍പത്ത് എന്ന പേരില്‍ കമ്പനി പുറത്തിറക്കിയ ഒരു സ്‌പ്രേയാണ് റോഡിനെ പ്രകാശിപ്പിക്കുക. ഈ സ്‌പ്രേ റോഡില്‍ തളിച്ചാല്‍ പകല്‍ സമയത്ത് അള്‍ട്രാവയലറ്റ് രശ്മികളെ ഇത് ആഗിരണം ചെയ്ത് സൂക്ഷിച്ച് വെക്കും. രാത്രിയാകുമ്പോള്‍ റോഡ് വെട്ടിത്തിളങ്ങുകയും ചെയ്യും. ഇതിന് പുറമെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയുകയും വഴുക്കല്‍ ഇല്ലാതാക്കുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.

ചെലവ് കുറഞ്ഞ ഈ പദ്ധതിക്ക് ഒരിക്കല്‍ മാത്രം പണം മുടക്കിയാല്‍ മതിയെന്ന പ്രത്യേകതയുമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മിശ്രിതം തളിക്കാനുമാകും. ആദ്യം പോളിയൂറിത്തിന്‍ മെറ്റീരിയല്‍ റോഡില്‍ സ്‌പ്രേ ചെയ്യുകയാണ് ചെയ്യുക. പിന്നീട് അള്‍ട്രാവയലറ്റ് രശ്മികള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന മിശ്രിതം തളിക്കും. ശേഷം പോളി ആസ്പാര്‍ടിക് ടോപ്പ് കോട്ടും സ്‌പ്രേ ചെയ്യും.

ഇംഗ്ലണ്ടിലെ 140 മീറ്റര്‍ നീളത്തിലുള്ള ക്രൈസ്റ്റ് പീസസ് പാര്‍ക്കിലെ റോഡില്‍ പദ്ധതി വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. അതിന്റെ ദൃശ്യമാണ് മുകളില്‍ കൊടുത്തത്.

വീഡിയോ കാണുക