Connect with us

Sports

കരുത്തരുടെ കുതിപ്പ്‌

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും ഫ്രഞ്ച് ജേതാക്കളായ പാരിസ് സെയിന്റ് ജെര്‍മെയിനും മുന്‍ റണ്ണേഴ്‌സപ്പായ ബയെര്‍ ലെവര്‍കൂസനും തുര്‍ക്കി ക്ലബ്ബ് ഗലാത്‌സരെക്കും തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ നേരിയ ജയവുമായി തടി തപ്പിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വംശീയ വിവാദം പൊട്ടിപ്പുറപ്പെട്ട എവേ മത്സരത്തില്‍ ജയം നേടി. ബെനഫിക്ക-ഒളിമ്പ്യാകോസ് ഓരോ ഗോളടിച്ച് പിരിഞ്ഞു.
ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 5-0ന് വിക്‌ടോറിയ പ്ലിസെനെയും മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് സി എസ് കെ എ മോസ്‌കോയെയും തോല്‍പ്പിച്ചു. മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ബയേണ്‍ ഒന്നാം സ്ഥാനത്ത്. ആറ് പോയിന്റുള്ള സിറ്റിക്ക് രണ്ടാം സ്ഥാനം.
ഗ്രൂപ്പ് സിയില്‍ ആന്‍ഡര്‍ലെറ്റിന്റെ തട്ടകത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പാരിസ് സെയിന്റ് ജെര്‍മെയിന്‍ ജയിച്ചു കയറിയത്. ഒമ്പത് പോയിന്റോടെ പി എസ് ജി നോക്കൗട്ട് റൗണ്ടിനരികെ. സമനിലയില്‍ പിരിഞ്ഞ ഒളിമ്പ്യാകോസും ബെനഫിക്കയും നാല് പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനത്ത്.
ഗ്രൂപ്പ് ബിയില്‍ ഗലാത്‌സരെ 3-1ന് എഫ് സി കോപന്‍ഹേഗനെയും റയല്‍ മാഡ്രിഡ് 2-1ന് ജുവെന്റസിനെയും പിന്തള്ളി. ഒമ്പത് പോയിന്റോടെ റയല്‍ മുന്നിട്ട് നില്‍ക്കുന്നു. ഗലാത്‌സരെ നാല് പോയിന്റോടെ രണ്ടാമതും ജുവെന്റസ് രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തും.
ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ച് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്. ബയെര്‍ലെവര്‍കൂസന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഷാക്തറിനെ തോല്‍പ്പിച്ച് ആറ് പോയിന്റോടെ തൊട്ടുപിറകില്‍. ഷാക്തറിന് നാല് പോയിന്റ്.
നാലടിച്ച് ഇബ്രാഹി
പാരിസ് സെന്റ് ജെര്‍മെയിനായി നാലു ഗോളുകള്‍ നേടിയ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചായിരുന്നു യൂറോപ്പിലെ താരം. ആന്‍ഡര്‍ലെറ്റിന്റെ ഗ്രൗണ്ടില്‍ ഒന്നിന് പിറകെ ഒന്നായി ഇബ്രാഹിമോവിച് ഗോളടിച്ചു കൂട്ടി. ഒരു ഗോള്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ കവാനിയുടെ വക.
ചാമ്പ്യന്‍സ് ലീഗിലെ ഒരൊറ്റ മത്സരത്തില്‍ നാലു ഗോളുകള്‍ നേടുന്ന പത്താമത്തെ താരമാണ് ഇബ്രാഹിമോവിച്. 17, 22, 36, 62 മിനുട്ടുകളിലാണ് സ്വീഡിഷ് സൂപ്പറിന്റെ സ്‌കോറിംഗ്. കവാനിയുടെ ഗോള്‍ 52ാം മിനുട്ടില്‍. ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ തവണ മുപ്പത് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായ ഇബ്രാഹിമോവിച് ആന്‍ഡര്‍ലെറ്റിനെതിരെ നേടിയ രണ്ടാം ഗോള്‍ ശ്രദ്ധേയമായി. ഇരുപത്തഞ്ച് വാര അകലെ നിന്നായിരുന്നു ഇത്. പരാജയമറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പി എസ് ജി കോച്ച് ലോറന്റ് ബ്ലാങ്കിന് കീഴില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ഇബ്രാഹിമോവിചിന്റെ ഫോം ലോകകപ്പ് പ്ലേ ഓഫിനൊരുങ്ങുന്ന പോര്‍ച്ചുഗലിന് ഭീഷണിയാണ്. ക്രിസ്റ്റ്യാനോയെ മുന്‍നിര്‍ത്തി സ്വീഡനെ ഭയപ്പെടുത്തുന്ന പോര്‍ച്ചുഗലിന് ഇബ്രാഹിമോവിച് എന്ന് കേള്‍ക്കുമ്പോഴെ മുട്ടു വിറയ്ക്കുന്നുണ്ടാകും.
റിബറിക്ക് ഡബിള്‍
ലോകഫുട്‌ബോളര്‍ പട്ടത്തിന് ഹോട് ഫേവറിറ്റായി നില്‍ക്കുന്ന ഫ്രാങ്ക് റിബറിയുടെ ഇരട്ട ഗോളുകള്‍ക്കൊപ്പം അലാബ, ഷൈ്വന്‍സ്റ്റിഗര്‍, ഗോസെ എന്നിവരുടെ ഗോളടി കൂടി ആയതോടെ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്തവരായി. ചെക് റിപബ്ലിക് പ്രതിനിധികളായ വിക്‌ടോറിയ പ്ലിസെന്‍ കാഴ്ചക്കാരായി. കഴിഞ്ഞ ദിവസം ബുണ്ടസ് ലിഗ മത്സരത്തില്‍ നിന്ന് വിട്ടു നിന്ന റിബറി പരുക്കിന്റെ അലട്ടല്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുപത്തഞ്ചാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലാണ് റിബറി ബയേണിന്റെ കുതിപ്പ് തുടങ്ങി വെച്ചത്. മുപ്പത്തേഴാം മിനുട്ടില്‍ ഡേവിഡ് അലാബ കൂടി സ്‌കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ 2-0ന് ലീഡ്. റിബറിയും ഷൈ്വന്‍സ്റ്റിഗറും മൂന്ന് മിനുട്ടിനിടെ (61,64) രണ്ട് ഗോളുകള്‍ പ്ലിസെന്റെ വലയില്‍ നിക്ഷേപിച്ചു. ഇഞ്ചുറി ടൈമിലാണ് ഗോസെയുടെ ഗോള്‍.
ഡച്ച് വിംഗര്‍ ആര്യന്‍ റോബനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ലഭിച്ചത്. ചെക് ദേശീയ താരവും ഡിഫന്‍ഡറുമായ റോമന്‍ ഹുബ്‌നികാണ് ഫൗള്‍ ചെയ്തത്. പെനാല്‍റ്റി കിക്കെടുത്ത റിബറിക്ക് പിഴച്ചില്ല. ഡേവിഡ് അലാബ മുന്‍ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയതിനെ തുടര്‍ന്നാണ് റിബറിക്ക് സ്‌പോട് കിക്ക് ചാര്‍ജ് ലഭിച്ചത്.
രണ്ട് മിനുട്ടിനുള്ളില്‍ പെപ് ഗോര്‍ഡിയോളയുടെ ജര്‍മന്‍ സംഘത്തിന് രണ്ടാം ഗോള്‍ നേടാമായിരുന്നു. മരിയോ മാന്‍ഡുകിച് തന്നെ മാര്‍ക്ക് ചെയ്ത താരത്തെ മറികടന്ന് തൊടുത്ത ഷോട്ട് നേരെ ഗോളി കോസിയാകിന്റെ കൈകളിലേക്കായിരുന്നു. പക്ഷേ, മുപ്പത്തേഴാം മിനുട്ടില്‍ മാന്‍ഡുകിച് നടത്തിയ മുന്നേറ്റത്തില്‍ അലാബ സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ ആര്യന്‍ റോബന്റെ ക്ലോസ് റേഞ്ച് ഹെഡര്‍ തട്ടമാറ്റി കോസിയാക് തന്റെ മികവറിയിച്ചു. ഒട്ടും സമയം കളയാനില്ലെന്ന മട്ടിലാണ് ബയേണ്‍ രണ്ടാം പകുതി തുടങ്ങിയത്. ഒഴുക്കുള്ള ഗെയിം പുറത്തെടുത്ത ബയേണ്‍ ആധികാരിക ജയം അനായാസം സ്ഥാപിച്ചു.
റഷ്യയില്‍ വംശീയത; സിറ്റി പ്രതിഷേധിച്ചു
റഷ്യയില്‍ സി എസ് കെ എ മോസ്‌കോയ്‌ക്കെതിരെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയ വിജയത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മത്സരത്തിനിടെയുണ്ടായ വംശീയാധിക്ഷേപം. മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ യായ ടുറെയെ റഷ്യന്‍ കാണികള്‍ കുരങ്ങന്‍ എന്ന് വിളിച്ചാക്ഷേപിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് സിറ്റി താരങ്ങള്‍ അല്പനേരം മത്സരം തടസ്സപ്പെടുത്തി. യുവേഫ ഇതന്വേഷിക്കുന്നുണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ റഷ്യയിലെ ഫുട്‌ബോള്‍ കാണികളെ നിശിതമായി വിമര്‍ശിച്ചു. അതേ സമയം, റഷ്യക്കാര്‍ ഇനിയും ഗൗരവമായൊരു അഭിപ്രായം പറഞ്ഞിട്ടില്ല. കുറേ കാലത്തേക്ക് സി എസ് കെ എയുടെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിനുള്ളിലാക്കുകയാണ് വേണ്ടതെന്ന് ഐവറികോസ്റ്റ് താരമായ യായ ടുറെ യുവേഫയോട് ആവശ്യപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപാനിയും കോച്ച് മാനുവല്‍ പെല്ലെഗ്രിനിയും സഹതാരത്തിന് പിന്തുണയര്‍പ്പിച്ചു. മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
മുപ്പത്തിരണ്ടാം മിനുട്ടില്‍ ടോസിചിലൂടെ റഷ്യന്‍ ക്ലബ്ബാണ് ലീഡെടുത്തത്. രണ്ട് മിനുട്ടിനുള്ളില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യെറോ സമനില നേടി. നാല്‍പത്തിരണ്ടാം മിനുട്ടില്‍ അഗ്യെറോയുടെ ഡബിളില്‍ സിറ്റി 2-1ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ടീം ലീഡ് നിലനിര്‍ത്തി. കഴിഞ്ഞാഴ്ച വെസ്റ്റ്ഹാമിനെതിരെ ഇരട്ട ഗോളുകള്‍ നേടിയ അഗ്യെറോ ഫോം തുടരുകയാണ്.
ക്രിസ്റ്റ്യാനോക്ക് ഏഴാം ഗോള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍ റയലിന് കരുത്ത് പകര്‍ന്നു. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസിനെതിരെ ആദ്യ പകുതിയിലാണ് ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. നാലാം മിനുട്ടിലും ഇരുപത്തെട്ടാം മിനുട്ടിലും. രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെ. ലോറന്റെയാണ് ജുവെന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് ഗോളുകളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ നേട്ടം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോര്‍ജിയോ ചെല്ലിനി ചുവപ്പ് കാര്‍ഡ് കണ്ടത് ജുവെന്റസിന് തിരിച്ചടിയായി. റയലിന്റെ ഹോംഗ്രൗണ്ടില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ഗരെത് ബെയ്‌ലിന് പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചില്ല.
കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗയില്‍ 2-0ന് മലാഗയെ തോല്‍പ്പിച്ച ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് റയല്‍ കളത്തിലിറങ്ങിയത്. ഇതില്‍ പ്രധാനം ഗോളി ഐകര്‍ കസിയസ് ഗോള്‍ ബാറിന് കീഴില്‍ എത്തിയതാണ്. അല്‍വാരോ അര്‍ബെലോവ, ഡി മാരിയ, കരീം ബെന്‍സിമ എന്നിവര്‍ റയലിനായി നടത്തിയ നീക്കങ്ങള്‍ നേരിയ വ്യത്യാസത്തിന് നിഷ്ഫലമായി. ഇരുപത്തഞ്ച് മിനുട്ട് ശേഷിക്കുമ്പോള്‍ ബെന്‍സിമക്ക് പകരമാണ് ബെയില്‍ ഇറങ്ങിയത്. നാളെ എല്‍ക്ലാസികോയില്‍ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന റയലിന് യൂറോപ്പിലെ ജയം ആത്മവിശ്വാസമേകും. ബാഴ്‌സയെ മിലാന്‍ തളച്ചിരുന്നു.
റൂണിത്തിളക്കം
ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വെയിന്‍ റൂണിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരുക്കിയ സമ്മാനമായി റയല്‍ സോസിഡാഡിനെതിരായ ജയം. മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ ആത്മകഥയില്‍ റൂണി ഏറെ വിമര്‍ശമേല്‍ക്കുന്നതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗില്‍ റൂണി തകര്‍ത്തു കളിച്ചതിന്റെ ഫലമായി യുനൈറ്റഡ് ജയം പിടിച്ചത്. പുതിയ കോച്ച് ഡേവിഡ് മോയസ് അര്‍പ്പിച്ച വിശ്വാസം ഒരിക്കല്‍ കൂടി കാത്തു സൂക്ഷിക്കാന്‍ റൂണിക്ക് സാധിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം സതംപ്ടണുമായി 1-1ന് സമനിലയിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡിന്റെ വെല്ലുവിളി അതിജീവിച്ചത് സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ്. രണ്ടാം മിനുട്ടിലായിരുന്നു ഇത്. ഇനിഗോ മാര്‍ട്ടിനെസാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് സോസിഡാഡിന് വില്ലനായത്. ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിക്ക് പരുക്കുള്ളതിനാല്‍ മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍നാണ്ടസാണ് യുനൈറ്റഡിന്റെ ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചത്. സോസിഡാഡ് പരുക്ക് ഭേദപ്പെട്ട ക്യാപ്റ്റന്‍ സാബി പ്രീറ്റോയെ തിരിച്ചുവിളിക്കുകയും ചെയ്തു.
കിക്കോഫില്‍ നിന്ന് കൃത്യം 69 സെക്കന്‍ഡ്‌സേ വേണ്ടി വന്നുള്ളൂ റൂണി മാജിക്കില്‍ ഗോള്‍ പിറക്കാന്‍. കിഴക്ക് ഗ്യാലറിയിലെ ആയിത്തിഅഞ്ഞൂറോളം ക്ലബ്ബ് അനുകൂലികള്‍ പാട്ട് പാടി ആഘോഷിക്കുന്നതിന്റെ അലയൊലികള്‍ ശ്രവിച്ചു കൊണ്ട് പ്രതിരോധ നിരയിലെ മൂന്ന് പേരെ വെട്ടിച്ച് റൂണി തൊടുത്ത ഷോട്ട് പോസ്റ്റില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. തട്ടിത്തെറിച്ച പന്ത് മാര്‍ട്ടിനെസിന്റെ ദേഹത്ത് തട്ടി വലക്കുള്ളിലെത്തുകയും ചെയ്തു.
സോസിഡാഡ് ഗോളി ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ പ്രകടനം റൂണിയുടെ ഗോളെന്നുറച്ച വോളി നിര്‍വീര്യമാക്കി. അന്റോണിയോ വലന്‍സിയയുടെ ക്രോസില്‍ റൂണിയുടെ ആക്രോബാറ്റിക് ഗോള്‍ ശ്രമവും നേരിയ വ്യത്യാസത്തിന് നഷ്ടമായി. കഴിഞ്ഞ സീസണില്‍ തന്നെ തഴഞ്ഞ കോച്ച് അലക്‌സ് ഫെര്‍ഗൂസനെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു റൂണിയുടെ തകര്‍ത്താടല്‍.
ജപ്പാന്‍ താരം ഷിന്‍ജി കഗാവയും മികച്ച ഫോമിലായിരുന്നു. കോച്ച് ഡേവിഡ് മോയസിന്റെ പ്രശംസ പിടിച്ചു പറ്റാന്‍ ഏഷ്യക്കാരന് സാധിച്ചു.
മാന്‍സിനിയുടെ തിരിച്ചുവരവ്
എഫ് സി കോപന്‍ഹേഗനെ ഗലാത്‌സരെ തകര്‍ത്തുവിട്ടത് പതം വന്ന പ്രകടനത്തില്‍. ഫെലിപ് മെലോ (9), സ്‌നൈഡര്‍ (32), ദിദിയര്‍ ദ്രോഗ്ബ (45) എന്നിവര്‍ തുര്‍ക്കി ക്ലബ്ബിനായി ലക്ഷ്യം കണ്ടു. കോപന്‍ഹേഗന്റെ ആശ്വാസ ഗോള്‍ എണ്‍പത്തെട്ടാം മിനുട്ടില്‍ ക്ലോഡെമിര്‍ നേടി.
ഹോംഗ്രൗണ്ടില്‍ ആക്രമിച്ചു കളിച്ച ഗലാത്‌സരെ ബ്രസീലിയന്‍ മെലോയുടെ ഹെഡറില്‍ കോപന്‍ഹേഗനെ ഞെട്ടിച്ചു. ഇമ്മാനുവല്‍ എബോയുടെ പാസില്‍ സ്‌നൈഡര്‍ നേടിയ ഗോള്‍ ക്ലാസിക് ആയിരുന്നു. മൂന്നാം ഗോളിന് പിറകില്‍ എബോയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി പുറത്താക്കിയ റോബര്‍ട്ടോ മാന്‍സിനിയാണ് ഗലാത്‌സരെയുടെ കോച്ച്.

 

Latest