Connect with us

Sports

ഇന്ത്യന്‍ ഗ്രാന്‍ പ്രീക്ക് ഇന്ന് തുടക്കം

Published

|

Last Updated

ഗ്രേറ്റര്‍ നോയിഡ(ന്യൂഡല്‍ഹി): വ്രൂം…വ്രൂം…ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീ കാറോട്ടപ്പോരിന് ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ഇന്ന് തുടക്കം. ഇന്നും നാളെയും രാവിലെ നടക്കുന്ന പരിശീലന മത്സരങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്കു രണ്ടിനു പോള്‍ പൊസിഷന്‍ പോരാട്ടം. ഞായറാഴ്ച ഉച്ചയ്ക്കു മൂന്നിനാണു കലാശപ്പോര്.
ഒളിമ്പിക് ബോക്‌സിംഗ് മെഡല്‍ ജേതാവായ വനിതാതാരം മേരി കോം ഫ്‌ളാഗ് പറപ്പിക്കുന്നതോടെയാണ് ഫൈനല്‍ പോര് ആരംഭിക്കുക. 11 ടീമുകളിലായി 22 ഡ്രൈവര്‍മാര്‍ ബുദ്ധ് സര്‍ക്യൂട്ടില്‍ വേഗക്കൊടുങ്കാറ്റ് തീര്‍ക്കും. 60 ലാപ്പുകളാണു മത്സരിക്കേണ്ടത്.
അതിനിടെ, 2012 ഗ്രാന്‍പ്രീ നടത്തിപ്പിലെ വിനോദ നികുതി അടയ്ക്കാത്തതിനാല്‍ ഇത്തവണ മത്സരം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി ലഭിച്ചു. ഇന്ന് ഹരജി പരിഗണിക്കും.
നിലവിലെ സീസണില്‍ ഡ്രൈവര്‍ ചാംപ്യന്‍ഷിപ് ഏറെക്കുറെ ഉറപ്പാക്കിയ വെറ്റല്‍ (297 പോയിന്റ്), അതിന്റെ ആഘോഷങ്ങള്‍ ഇന്ത്യന്‍ മല്‍സരം കഴിയുംവരെ മാറ്റിവച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയ്ക്ക് (207 പോയിന്റ്) എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം ലീഡ് ഉയര്‍ത്തി, ചാംപ്യന്‍ഷിപ് സ്വന്തംപേരില്‍ കുറിച്ചശേഷം ആഘോഷിക്കാമെന്നാണു വെറ്റലിന്റെ നിലപാട്.
കഴിഞ്ഞ മൂന്നു സീസണുകളിലും ചാംപ്യനായ വെറ്റല്‍, ഇക്കുറിയും കിരീടം നിലനിര്‍ത്തിയാല്‍ മൈക്കല്‍ ഷൂമാക്കര്‍, ജുവാന്‍ മാനുവല്‍ ഫാഞ്ചിയോ എന്നിവര്‍ക്കുശേഷം തുടര്‍ച്ചയായി നാലു സീസണ്‍ ചാംപ്യന്‍ഷിപ്പുകള്‍ നേടുന്ന താരമെന്ന കീര്‍ത്തിയിലെത്തും.
16 വളവുകളുള്ള ഒരു ലാപ്പിന്റെ ദൈര്‍ഘ്യം 5.125 കിലോമീറ്റര്‍. ആകെ മല്‍സരദൂരം 307.5 കിലോമീറ്റര്‍. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യന്‍ മണ്ണില്‍ വിജയക്കുതിപ്പു നടത്തിയ റെഡ് ബുള്ളിന്റെ മിന്നുംതാരം സെബാസ്റ്റിയന്‍ വെറ്റല്‍ ഹാട്രിക് വിജയം തേടിയാണ് എത്തിയിരിക്കുന്നത്. എഫ് വണ്‍ ലോകത്തെ വിസ്മയമായ വെറ്റല്‍ തന്നെയാണ് ഫേവറിറ്റ്.
എന്നാല്‍, ഇന്ത്യയിലേതുള്‍പ്പെടെ സീസണില്‍ ബാക്കിയുള്ള നാലു മല്‍സരങ്ങളില്‍ അലോന്‍സോ ഒന്നാമതെത്തുകയും വെറ്റല്‍ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്താല്‍ കണക്കുകള്‍ മാറിമറിയും.

 

---- facebook comment plugin here -----

Latest