Connect with us

National

നരേന്ദ്ര മോഡി ഒരിക്കലും നല്ല പ്രധാനമന്ത്രി ആയിരിക്കില്ല: ജാവേദ് അക്തര്‍

Published

|

Last Updated

പാറ്റ്‌ന: നരേന്ദ്ര മോഡി ഒരിക്കലും ഒരു നല്ല പ്രധാനമന്ത്രി ആയിരിക്കില്ലെന്ന് പ്രമുഖ ഗാനരചയിതാവും രാജ്യസഭാംഗവുമായ ജാവേദ് അക്തര്‍. ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് മേല്‍ വര്‍ഗീയ ലഹളകളുടെ ചോരപുരണ്ടിരിക്കുന്നുവെന്ന് മാത്രമല്ല അദ്ദേഹം ജനാധിപത്യവിരുദ്ധനുമാണെന്ന് അക്തര്‍ പറഞ്ഞു. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ അദ്ദേഹത്തിന്റെ പങ്ക് കോടതി തീര്‍പ്പ് കല്‍പ്പിക്കേണ്ട വിഷയമാണ്. എന്നാല്‍ അദ്ദേഹം ജനാധിപത്യപരമായി പെരുമാറുന്ന വ്യക്തിയല്ലെന്നതാണ് പ്രധാന അയോഗ്യത. ഗുജറാത്തില്‍ അദ്ദേഹം ഹാട്രിക് തികച്ചുവെന്നത് ഒരു യോഗ്യതയായി കാണാനാകില്ല. ജനാധിപത്യത്തെ പിടിച്ചു കെട്ടിയാണ് അദ്ദേഹം ഈ വിജയങ്ങള്‍ നേടിയത്. അദ്ദേഹത്തിന്റെ ഉയര്‍ച്ച ജനാധിപത്യത്തിനുള്ള വെല്ലുവിളിയാണെന്നും ഇവിടെ ഒരു സ്‌കൂളിലെ വാര്‍ഷിക ചടങ്ങില്‍ സംബന്ധിക്കാനെത്തിയ അക്തര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഗുജറാത്തിലെ മന്ത്രിമാരെ മോഡി കണ്ടത് പ്യൂണുകളായാണ്. ഇത്തരം മാനസികാവസ്ഥയുള്ള ഒരാള്‍ എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് ജാവേദ് അക്തര്‍ ചോദിച്ചു. ബീഹാറിനെ അടിമുടി മാറ്റിയ നേതാവാണ് നിതീഷ് കുമാര്‍ എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബീഹാറില്‍ വന്നപ്പോള്‍ ഇവിടുത്തെ പല തട്ടിലുള്ളവരുമായി സംസാരിച്ചിരുന്നു. ഇന്ന് അവര്‍ ശുഭാപ്തി വിശ്വാസികളായിരിക്കുന്നുവെന്നാണ് തനിക്ക് മനസ്സിലായതെന്നും അക്തര്‍ പറഞ്ഞു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്ന രാജ്യത്ത് ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജ്ഞാനപീഠം ജേതാവ് യു അനന്ത മൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest