Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ ആക്രമം; വ്യാപക പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ എല്‍ ഡി എഫ് പ്രതിഷേധത്തിനിടെ നടന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം. ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പാര്‍ട്ടി നേതൃത്വം അറിഞ്ഞ് നടത്തിയ ആക്രമമാണ്. ഇത്തരം ആക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

കാടത്തമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്തതെന്ന് മുസ്‌ലീം ലീഗ് പറഞ്ഞു. ആക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.

ശുദ്ധ തെമ്മാടിത്തമാണിതെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു. കണ്ണില്‍ കൊള്ളേണ്ടത് പുരികത്തില്‍ കൊണ്ടു എന്ന് കരുതിയാല്‍ മതി. കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ടാണ് ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മുറിവ് ചെറിയതാണെങ്കിലും എറിഞ്ഞത് വലിയ മുറിവുണ്ടാക്കാന്‍ തന്നെയാണ്. യു ഡി എഫ് ഇത് ഒറ്റക്കെട്ടായി നേരിടുമെന്നും പിള്ള പറഞ്ഞു.

യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുടെ ക്ഷമ പരീക്ഷിക്കാന്‍ സി പി എം ശ്രമിക്കരുതെന്ന് മന്ത്രി കെ സി ജോസഫ് പ്രതികരിച്ചു. ഇത്തരം ആക്രമസമരങ്ങള്‍ നിര്‍ത്താന്‍ നോക്കിയില്ലെങ്കില്‍ സി പി എം കനത്ത വില നല്‍കേണ്ടിവരുമെന്നും കെ സി ജോസഫ് പറഞ്ഞു.

രാഷ്ട്രീയ കാടത്തമാണ് ആക്രമമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. സി പി എമ്മിന്റെ നാശത്തിന്റെ തുടക്കമാണിതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഫാസിസ്റ്റ് സംസ്‌കാരമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പ്രതികരിച്ചു. എതിരാളികളെ ഇല്ലാതാക്കുക എന്ന നയമാണിത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുക അല്ല ഇല്ലാതാക്കുക തന്നെയാണ് സി പി എമ്മിന്റെ ലക്ഷ്യമെന്നും മുനീര്‍ പറഞ്ഞു.