Connect with us

Articles

പനിപ്പേടി വിതക്കുന്നു, കൊയ്യുന്നതോ?

Published

|

Last Updated

പനി മരണങ്ങളുടെ ഭീതിദ വാര്‍ത്തകള്‍ ഇപ്പോള്‍ പഴയതുപോലെ കാണുന്നില്ല. മഴക്കാലവും പനിക്കാലവും അല്ലാത്തതുകൊണ്ടാകുമോ..? എന്നാല്‍, ഇപ്പോഴും പനിബാധിതര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നു. കേരളത്തിലെ രണ്ടായിരത്തോളം സര്‍ക്കാര്‍ ആശുപത്രികളിലും ആയിരത്തി അഞ്ഞൂറോളം ഹോമിയോ ആശുപത്രികളിലും എണ്ണമറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മറ്റുമായി പ്രതിദിനം പത്ത് ലക്ഷത്തിനു മുകളില്‍ ആളുകള്‍ ഏത് കാലത്തും പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. സ്വയം ചികിത്സ നടത്തുന്നവര്‍ വേറെയും. പനി വരാതിരിക്കുന്ന ഒരു കാലം ഉണ്ടാകുകയേയില്ല.
എന്നിട്ടും മഴക്കാലം പനിക്കാലമായി ഗണിക്കപ്പെട്ടിരിക്കുന്നു. പനിമരണ സീസണായി മഴക്കാലത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നു. പനിച്ച് വിറക്കുന്നവരുടെയും പേടിച്ച് വിറക്കുന്നവരുടെയും കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് ആ കാലങ്ങളില്‍ മാത്രം മതി. ഒരു മഴക്കാലത്ത് മാത്രം മുന്നൂറ് കോടി രൂപയുടെ പനി മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്. അപ്പോള്‍ പനിക്കാലമായി മാറ്റിയത് മരുന്ന് കമ്പനികളും അവരുടെ കുഴലൂത്തുകാരുമല്ലാതെ മറ്റാരാണ്…?
ഏഴായിരത്തി അഞ്ഞൂറോളം ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍. ആയിരക്കണക്കിന് ചെറു കമ്പനികള്‍. അറുപത്തിയാറായിരത്തിലേറെ മരുന്നുകള്‍. മൂവായിരം പേര്‍ക്ക് ഒരു ഡോക്ടര്‍ വീതം. മള്‍ട്ടി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ. നാടുനീളെ ആശുപത്രികളും ഡോക്ടര്‍മാരും ഉണ്ടാകുമ്പോള്‍ രോഗങ്ങള്‍ ഇല്ലാതാകുകയല്ലേ വേണ്ടത്…? ചികിത്സാ സംവിധാനം അത്യാധുനികമാകുമ്പോള്‍ മാരക രോഗങ്ങളെ പടിയടച്ച് പിണ്ഡം വെക്കുന്ന കാഴ്ചകളെയല്ലേ കാണേണ്ടത്…?
എന്നാല്‍, നിസ്സാരമായ പനിക്കു മുമ്പില്‍ പോലും പകച്ചു നില്‍ക്കുന്നു ആധുനിക വൈദ്യശാസ്ത്ര ചികിത്സ. പനിബാധിതരുടെ ജീവനെടുക്കുന്നതില്‍ പ്രതിസ്ഥാനത്ത് സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആതുരാലയങ്ങളുമാണ്. സിറാജ്  സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ തയ്യാറാക്കിയ പരമ്പര ഇന്നു മുതല്‍.

മൂന്ന് മാസത്തിനിടയില്‍ കേരളത്തെ വിറപ്പിച്ച പനി വാര്‍ത്തകള്‍ പരതിയപ്പോള്‍ കണ്ടെത്തിയത് മൂന്നൂറോളം പനി മരണങ്ങള്‍. അവരില്‍ 76 പേര്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. ചിത്രശലഭങ്ങളെപ്പോലെ പാറിനടന്നിരുന്ന മിടുക്കരും മിടുക്കികളുമായ 76 വിദ്യാര്‍ഥികള്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നിറഞ്ഞുനിന്നിരുന്ന പൊന്നോമനകള്‍. പഠനമുറിയില്‍ നിന്ന് അവരെ മരണം വിളിച്ചിറക്കി കൊണ്ടുപോയതല്ല. വിവിധ ആശുപത്രികളില്‍ സാധാരണ പനിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു ആ കുട്ടികള്‍. മികച്ച ചികിത്സതന്നെ ലഭിക്കാന്‍ വേണ്ടി മുന്തിയ ആശുപത്രികളിലേക്ക് തന്നെയാണ് ബന്ധുക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോയത്. എന്നിട്ടും മോര്‍ച്ചറികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അവരുടെ ചേതനയറ്റ ശരീരങ്ങളെയായിരുന്നു.
മരിച്ചവരില്‍ 160 പേര്‍ 20നും 40നും മധ്യേ പ്രായമുള്ളവര്‍. വീട്ടമ്മമാരും യുവാക്കളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവരില്‍. അവര്‍ക്കുമുണ്ടായിരുന്നില്ല കാര്യമായ അസുഖങ്ങള്‍. 64 പേര്‍ മാത്രമെ 45 വയസ്സിന് മുകളില്‍ കടന്നവരുണ്ടായിരുന്നുള്ളൂ. 20 പേരെ മാത്രമെ വാര്‍ധക്യസഹജമായ അസുഖങ്ങളെങ്കിലും അലട്ടിയിരുന്നുള്ളൂ.
206 പേരെ മരണം കവര്‍ന്നെടുത്തത് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം. 2010ല്‍ പനി മൂലം മരിച്ച 170 പേരെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട് മലപ്പുറം പകരയിലെ അബ്ദുല്‍ ലത്തീഫ്. അവരില്‍ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരാണ് 94 പേരും. 49 പേര്‍ കുഞ്ഞുമക്കളാണ്. 47 പേര്‍ ഗര്‍ഭിണികളും. ആരോഗ്യ പ്രശ്‌നങ്ങളേതുമില്ലാതെ സ്‌കൂളിലും കളിമുറ്റങ്ങളിലും ഓടികളിച്ചിരുന്ന കല്ലുവാതുക്കലെ അഞ്ചര വയസ്സുകാരി അഞ്ജലിയും പാണത്തൂരിലെ 11കാരന്‍ ജിബിന്‍ ജോര്‍ജും ആലിപ്പറമ്പ് അമ്മിനിക്കാട്ടെ പന്ത്രണ്ടുകാരന്‍ മുര്‍ഷിദും അഞ്ചരക്കണ്ടി ബാവോട് ഈസ്റ്റ് യു പി സ്‌കൂളിലെ അശ്വന്തിനും നിലമ്പൂര്‍ മണലൊടിയിലെ പ്ലസ് ടു വിദ്യാര്‍ഥി രാഹുലിനും എങ്ങനെയാണ് മരണത്തിന്റെ വെള്ളവസ്ത്രം പുതച്ച് പ്രിയപ്പെട്ടവര്‍ക്കുമുമ്പില്‍ കിടക്കേണ്ടി വന്നത്…?
ചെന്ത്രാപ്പിന്നിയിലെ തോട്ടം പറമ്പില്‍ ശശിധരന്റെ മകള്‍ അഞ്ച് വയസ്സുകാരി അഞ്ജനക്കും പാപ്പനങ്കോട്ടെ ശ്രീനന്ദനക്കും പെരുമ്പടപ്പിലെ റമീസിനും ഉമ്മുസല്‍മക്കും പിന്നെയും എണ്ണമറ്റ കുഞ്ഞുങ്ങള്‍ക്കും എങ്ങനെയാണിവരുടെ പ്രതിനിധികളാകേണ്ടി വന്നത്…? മുളയിലേ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ലല്ലോ അവര്‍. ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴുണ്ടായ രക്തസാക്ഷികളായിരുന്നു ഇവരെന്ന് ഇപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിയുന്നു. അവരത് കണ്ണീരോടെ ഏറ്റുപറയുന്നു. അത് കേള്‍ക്കാന്‍ നൂറോളം പനിമരണ വീടുകളിലാണ് കയറിച്ചെന്നത്.
മലപ്പുറം വളവന്നൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി, തയ്യില്‍ അസൈന്റെ മകന്‍ ജില്‍സാദിന്റെ അന്ത്യനാളുകളെക്കുറിച്ച് പറയുമ്പോള്‍ മാതാവിന്റെയും സഹോദരിയുടെയും വാക്കുകള്‍ മുറിയുന്നു. തൊണ്ടയിടറുന്നു. അരീക്കോട് മൈത്രയിലെ സൂരജിന്റെ ഭാര്യ പ്രസീദ (24), 32 കാരായ താമരശ്ശേരിയിലെ ജയേഷ്, രഞ്ജിത്ത്, മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ പത്തായക്കോടന്‍ ആഇശ, തിരൂരങ്ങാടിയിലെ പതിനൊന്നുകാരി റസീഖ, എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ ഫിറോസ് ബാബു(30), ചങ്ങരംകുളം നന്നംമുക്കിലെ സുധീറിന്റെ ഭാര്യ സറീന(24). ഇങ്ങനെ പനിമൂലം ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയവരുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് ചികിത്സാ പിഴവിന്റെ നൂറ് നൂറ് കഥകള്‍.
രോഗത്തേക്കാള്‍ അപകടമാകുന്നു മരുന്നുകള്‍. മരുന്നിനേക്കാള്‍ ആപത്താകുന്നു ചികിത്സ. തെറ്റായ ചികിത്സയുടെയും അനാവശ്യ മരുന്നുകളുടെയും പാര്‍ശ്വഫലങ്ങളാണവരെ ജീവിതത്തില്‍ നിന്ന് തിരികെ വിളിച്ചതെന്നും കേരളത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇപ്പോള്‍ സംശയിക്കുന്നു. പലരും ഉറച്ച് വിശ്വസിക്കുന്നു. ചിലര്‍ അതെക്കുറിച്ച് പറയുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കണ്ണൂര്‍ കൊട്ടിയൂരിലെ തുള്ളമ്പാറയില്‍ ഷിജി (34)യുടെ ബന്ധുക്കളും തിരുവനന്തപുരം പ്രാവച്ചനമ്പലം കുഴിവിള ബംഗ്ലാവില്‍ സാമിയ സജീവിന്റെ ബന്ധുക്കളുമെല്ലാം ഇന്നും ആശുപത്രിക്കെതിരെ സമരമുഖത്താണ്. മരുന്ന് പരീക്ഷണങ്ങളുടെ ബലിയാടുകളാണ് ഇവരെന്ന് ബന്ധുക്കള്‍ ഉറക്കെ പറയുന്നു. അതേറ്റു പറയാനും സമരമുഖത്ത് സജീവമാകാനും സമരസമിതിയും ഉണ്ട്.
ഇവരെല്ലാം രണ്ട് സീസണുകളിലുണ്ടായ പനി മരണങ്ങളിലെ ഏതാനും ഇരകള്‍. അഞ്ഞൂറ് പേരുടെ പ്രതിനിധികള്‍. മുന്‍ വര്‍ഷങ്ങളിലെ രക്തസാക്ഷികളുടെ കണക്കുകള്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പനി മരുന്നുകള്‍ മനുഷ്യനെ കൊല്ലുന്നു. സാമ്പത്തികമായും ശാരീരികമായും തകര്‍ക്കുന്നു. പല കുടുംബങ്ങളെയും അനാഥമാക്കുന്നു. ചെറുബാല്യങ്ങളെപ്പോലും ചുടുലപ്പറമ്പിലേക്ക് പറഞ്ഞയക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചൊന്നും ആരും ആലോചിക്കുന്നില്ല. അന്വേഷണങ്ങളില്ല. ഓരോ പനി മരണവും സംഭവിച്ചത് ആശുപത്രികളില്‍ നിന്നായിരുന്നു എന്നതിന് പത്രവാര്‍ത്തകള്‍ സാക്ഷി. ചികിത്സയിലെയും മരുന്നിന്റെയും ഭീകരത കൊണ്ടാണതെന്നതിന് കുടുംബങ്ങള്‍ സാക്ഷി. ചികിത്സാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതുകൊണ്ടാണ് പല മരണങ്ങളുമുണ്ടായതെന്നതിന് ആരോഗ്യ വകുപ്പിന്റെ കുറ്റസമ്മതം. പനിയുടെ ചികിത്സ ഇവര്‍ ചെയ്യുന്നതൊന്നുമല്ലെന്നതിന് ആധനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും തെളിവ്. എന്നിട്ടും അതിനെ വിചാരണ ചെയ്യാന്‍ ആരും ഒരുക്കമാകുന്നില്ല. ഈ അപകടത്തെക്കുറിച്ചുപോലും മലയാളി ബോധവാന്‍മാരുമല്ല.
പനി ഒരു രോഗമല്ല, രോഗങ്ങളെ ഇല്ലാതാക്കാനുള്ള ശുദ്ധീകരണ പ്രക്രിയ മാത്രമാണ് എന്നാണ് പനിയെക്കുറിച്ചുള്ള ആധികാരിക രേഖകളിലെല്ലാം പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്. എനിക്ക് പനി തരൂ. ഞാന്‍ സകല രോഗങ്ങളെയും മാറ്റിത്തരാമെന്നായിരുന്നു. ലോകത്തിലെ ഏറ്റവും ആധികാരിക ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥമായ മാര്‍ട്ടിന്റൈല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ് എന്ന ഗ്രന്ഥത്തിന്റെ എട്ടാമത്തെ പേജില്‍ ഇത് ശരിവെക്കുന്നു.
നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്ന ഡേവിഡ് സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ എന്ന ഗ്രന്ഥത്തിന്റെ 136ാം പേജില്‍ ഇതിന് അടിവരയിടുന്നു. ലോകപ്രസിദ്ധമായ ഗൈട്ടന്റെ ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിക്കല്‍ ഫിസിയോളജിയുടെ 73ാം അധ്യായത്തിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഇതെല്ലാം അലോപ്പതി ഡോക്ടര്‍മാരുടെ വേദ പുസ്തകങ്ങളാണ്. ആയൂര്‍വേദക്കാരും ഹോമിയോക്കാരും പ്രകൃതി ചികിത്സാവിധിക്കാരും സിദ്ധ, യൂനാനിക്കാരും ഇവയെ അംഗീകരിക്കുന്നു. അപ്പോള്‍ പിന്നെ ആര് ആരെയാണ് കബളിപ്പിക്കുന്നത്…?
ആയൂര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും സ്വീകരിക്കുന്ന പനി ബാധിതര്‍ ചികിത്സമൂലം മരിക്കുന്നില്ല…? എന്നാല്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിക്കപ്പെടുന്ന ആരോഗ്യവാന്‍മാരായ പനിബാധിതര്‍ ഇയ്യാംപാറ്റകളെപ്പോലെ മരിച്ചൊടുങ്ങുന്നു…? ചികിത്സയുടെ മാനദണ്ഡങ്ങള്‍ തെറ്റിച്ചത് കൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണിത്..?
ഔഷധങ്ങള്‍ രോഗലക്ഷണങ്ങളെ താത്കാലികമായി മാറ്റുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും. രോഗ ലക്ഷണങ്ങളെ തടയുകയല്ല വേണ്ടത്, രോഗകാരണങ്ങളെ ഇല്ലാതാക്കുകയാണ്. രോഗകാരണങ്ങളെ ഇല്ലായ്മ ചെയ്താല്‍ രോഗത്തെ ശരീരം തന്നെ സ്വയം അകറ്റും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മന:ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി വിരമിച്ച ഡോ. ബേബി ജോണ്‍ പറയുന്നു. രോഗങ്ങള്‍ നമ്മെ കൊല്ലാനല്ല രക്ഷിക്കാനാണ് വരുന്നത്. മരണകാരണം രോഗങ്ങളല്ല, പ്രാണക്ഷയമാണ്. പ്രാണക്ഷയം സംഭവിച്ചു എന്ന് ശരീരം നമ്മോട് പറയുന്ന ഭാഷയാണ് രോഗങ്ങള്‍. രോഗങ്ങളെയല്ല, രോഗ കാരണങ്ങളെയാണ് തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മെഡിക്കല്‍ സയന്‍സില്‍ പഠിച്ചതിനും പഠിപ്പിച്ചതിനും നേര്‍വിപരീതമായാണ് ചില അലോപ്പതി ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും അവലംബിക്കുന്നത്. അതിന്റെ ഫലമായാണ് ഈ മരണങ്ങളില്‍ ഏറെയും ഉണ്ടാകുന്നതെന്ന് ആയൂര്‍വേദ ഡോക്ടറായ ഡോ പി പി രാധാകൃഷ്ണന്‍ പറയുന്നു. അത്തരത്തിലുണ്ടായ ഒരുപാട് മരണങ്ങളും അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ട്.
കോഴിക്കോട്ടെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഡോ. എം സി സൗമ്യയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള അനുഭവവും തിക്താനുഭവങ്ങളുമുണ്ടായ ഒട്ടേറെപ്പേരെയാണ് ഈ അന്വേഷണത്തില്‍ സിറാജിന് കണ്ടെത്താനായത്. ഇതെല്ലാം സത്യമാണെന്ന് സമര്‍ഥിക്കുന്നു സിറാജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും. അതെക്കുറിച്ച് നാളെ.

hamzaalungal07@gmail.com

Latest