Connect with us

Kerala

പോലീസിന്റെത് ഗുരുതര വീഴ്ച

Published

|

Last Updated

കണ്ണൂര്‍: പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ അക്രമം പോലീസിന്റെ ഗുരുതര വീഴ്ചമൂലം. സംഘര്‍ഷ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വിഴ്ചയെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരുക്കേല്‍ക്കാനിടയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂര്‍ പോലുള്ള പ്രദേശത്ത് പ്രതിഷേധത്തിന്റെ ശക്തി മുന്‍കൂട്ടി കാണാന്‍ പോലീസിനു കഴിഞ്ഞില്ലെന്നതാണ് ഏറ്റവും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങാണ് കണ്ണൂരില്‍ നടന്ന പോലീസ് മീറ്റ്. അതുകൊണ്ടു തന്നെ മീറ്റില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിക്ക് ഏതു വിധത്തിലുള്ള സുരക്ഷയാണൊരുക്കേണ്ടതെന്ന കൃത്യമായ പദ്ധതി ആവിഷ്‌കരിക്കാമായിരുന്നു. രാവിലെ മുതല്‍ തന്നെ ചടങ്ങ് നടക്കുന്ന കണ്ണൂര്‍ പോലീസ് മൈതാനിയിലേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം ബാരിക്കേഡുകള്‍ കൊണ്ട് അടച്ചിട്ടിരുന്നു. ഉച്ചയോടെ സമരക്കാര്‍ നഗരത്തിലെത്തിത്തുടങ്ങിയപ്പോഴെല്ലാം പോലീസ് കൃത്യമായി ഇവരെ നിയന്ത്രിക്കാനെത്തിയിരുന്നു. എന്നാല്‍, വൈകീട്ട് കൂടുതല്‍ പ്രതിഷേധക്കാരെത്തി ടൗണ്‍ സ്റ്റേഷനു സമീപത്തെ റോഡിലും കണ്ണൂര്‍ പോലീസ് മൈതാനിക്ക് മുന്‍വശത്തെ എസ് പി സി എ ജംഗ്ഷന്‍ റോഡിലുമെല്ലാം കൂടി നിന്നപ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ പോലീസിനു കഴിഞ്ഞില്ല.
പോലീസ് മൈതാനിക്ക് സമീപത്ത് നിന്ന് നൂറ് മീറ്റര്‍ അകലെ മുഖ്യമന്ത്രിയെത്തിയപ്പോഴും കാര്യമായൊന്നും ചെയ്യാന്‍ പോലീസിനു കഴിഞ്ഞില്ല. റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചതിനു തൊട്ടടുത്ത് ഒരു നിരയായി നിന്നുമാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. പോലീസിനെ മറികടന്ന് പ്രതിഷേധക്കാര്‍ കൂടുതലെത്തിയപ്പോഴും കവാടത്തിനകത്തുള്ള പോലീസുകാര്‍ക്ക് പുറത്തേക്ക് വരാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിയുടെ വാഹനം ഏതാനും സമയം റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നപ്പോഴാണ് കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നത്.
മുഖ്യമന്ത്രി അക്രമിക്കപ്പെട്ടതിന് ഒരു ന്യായീകരണവും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ ഇതിനകം വിലയിരുത്തിയിട്ടുണ്ട്. പോലീസിനു വീഴ്ച പറ്റിയെന്ന തരത്തിലായിരുന്നു മന്ത്രി ജോസഫിന്റെയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണം. ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം എ ഡി ജി പിമാരായ ശങ്കര്‍ റെഡ്ഢി, മഹേന്ദ്രന്‍, ഐ ജി സുരേഷ് രാജ് പുരോഹിത് തുടങ്ങിയ നിരവധി ഉന്നത ഉദ്യോഗസ്ഥരും കണ്ണൂര്‍, കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടുമാരും മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലുണ്ടായിരുന്നിട്ടും കാര്യമായ സുരക്ഷയൊരുക്കാന്‍ കഴിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.

Latest