Connect with us

Kerala

വാഹനവ്യൂഹത്തിനുനേരെ കല്ലേറ്; മുഖ്യമന്ത്രിക്ക് പരുക്ക്‌

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ ഡി എഫ് നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹനത്തിനു നേരെ കല്ലേറ്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ നെറ്റിക്കും നെഞ്ചിനും പരുക്കേറ്റു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന മന്ത്രി കെ സി ജോസഫിന്റെ ദേഹത്തും കല്ല് വീണു. ഇന്നലെ വൈകീട്ട് 5.40 ഓടെയാണ് മുഖ്യമന്ത്രിയുടെ വാഹനം കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനു തൊട്ടടുത്തായി സമരക്കാര്‍ തടഞ്ഞത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു കോഴിക്കോട് നിന്ന് കാര്‍ മാര്‍ഗം മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് എല്‍ ഡി എഫ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, മുഖ്യമന്ത്രിക്ക് സുരക്ഷയേര്‍പ്പെടുത്തുന്നതിനുവേണ്ടി ആറ് പ്ലാറ്റൂണ്‍ പോലീസ് സേനയെ നഗരത്തില്‍ വിന്യസിച്ചു. സംസ്ഥാന പോലീസ് മേധാവിയടക്കം സ്ഥലത്തുള്ളതിനാല്‍ ഉച്ചയോടെ തന്നെ നഗരത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് മൈതാനിയിലേക്ക് കടക്കുന്നതിനുള്ള മുഴുവന്‍ കവാടങ്ങളും ബാരിക്കേഡുകള്‍ കൊണ്ട് പോലീസ് അടക്കുകയും ജലപീരങ്കിയുള്‍പ്പെടെ സജ്ജീകരിക്കുകയും ചെയ്തിരുന്നു. വൈകീട്ട് നാല് മണിയോടെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം വി ജയരാജന്‍, സി കൃഷ്ണന്‍, കെ കെ നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ പോലീസ് മൈതാനത്തിന്റെ പ്രധാന കവാടത്തിനു സമീപത്തെത്തിയെങ്കിലും ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല.
വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സമരക്കാര്‍ മൈതാനിയുടെ മറ്റു മൂന്ന് ഭാഗത്തു നിന്നും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചുകൊണ്ടിരുന്നു. പോലീസ് മൈതാനിയിലേക്കുള്ള മറ്റൊരു പ്രവേശന കവാടമായ ടൗണ്‍ സ്റ്റേഷനു സമീപത്തു കൂടിയാണ് മുഖ്യമന്ത്രിക്ക് അകത്തേക്ക് കടക്കാനുള്ള മാര്‍ഗമൊരുക്കിയിരുന്നത്. ഇവിടെ ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ ഡി വൈ എസ് പി. സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
5.40 ഓടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കാള്‍ടെക്‌സ് ജംഗ്ഷനിലെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തെ പോലീസ് ബാരിക്കേഡിന് തൊട്ടടുത്ത് വെച്ച് സമരക്കാര്‍ തടയുകയായിരുന്നു. സമരക്കാരെ വിരട്ടിയോടിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടയിലാണ് വാഹനങ്ങള്‍ക്കുനേരെ വ്യാപകമായി കല്ലേറുണ്ടായത്. അക്രമത്തില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ രണ്ട് വശത്തെയും ചില്ലുകള്‍ തകര്‍ന്നു. വാഹനത്തിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖിന്റെ കൈവിരലുകള്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. കാറിന്റെ ചില്ല് തകര്‍ന്ന് നെറ്റിയില്‍ കൊണ്ടാണ് മുഖ്യമന്ത്രിക്ക് മുറിവേറ്റത്. മുഖ്യമന്ത്രിയെ പിന്നീട് കൊയിലി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മന്ത്രി കെ സി ജോസഫിന്റെ ദേഹത്തും കല്ലുകള്‍ വീണു. മന്ത്രിമാരെ കൂടാതെ ഗണ്‍മാന്‍ രവിയും ഡ്രൈവര്‍ മധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കേറ്റിട്ടില്ല. സമരക്കാരെ പോലീസ് ലാത്തിവീശിയോടിച്ചു. ഇതിനിടയില്‍ പോലീസ് വാഹനങ്ങള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു.
കണ്ണൂരില്‍ നിന്ന് മടങ്ങിയ മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മുഖ്യമന്ത്രിയുടെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനമാചരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി