Connect with us

Kerala

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്‌

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. ഇതോടെ സര്‍വകലാശാലാ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും.
ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. ജീവനക്കാരുടെ പഞ്ചിംഗ് സ്റ്റേഷനുകളില്‍ പോലീസീനെ വിന്യസിക്കുന്നുമുണ്ട്. ജീവനക്കാരുടെ സമരത്തിനെതിരെ ഡയസ്‌നോണ്‍ നിലനില്‍ക്കെയാണ് ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുന്നത്. അതേ സമയം ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി കെ എന്‍ എ ഖാദര്‍ എം എല്‍ എ ജീവനക്കാരുമായി ആശയവിനിമയം നടത്തി. സംഘടനാ നേതാക്കളായ പി ഉമര്‍ കരീം മേച്ചേരി, യു വി രാജഗോപാല്‍, എന്നിവരുമായാണ് എം എല്‍ എ ആശയവിനിമയം നടത്തിയത്. തുടര്‍ന്ന് വൈസ്ചാന്‍സലറുമായും എം എല്‍ എ ചര്‍ച്ച നടത്തി. എം എല്‍ എയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കമെന്ന് വിസി അറിയിച്ചു. അങ്ങിനെയെങ്കില്‍ ചൊവ്വാഴ്ച സമരം തീരാനാണ് സാധ്യത.
എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തിന്റെ സാഹചര്യം ബോധ്യപ്പെടുത്താനായി സമര സമിതി നേതാക്കള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, ടി എന്‍ പ്രതാപന്‍ എം എല്‍ എ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി പിഎം ജില്ലാ സെക്രട്ടറി പി ടി വാസുദേവന്‍ എന്നിവരെയാണ് സമര സമിതിക്കാര്‍ കണ്ടത്. സമര സമിതി നേതാക്കളായ പി അബ്ദുര്‍റഹ്മാന്‍, പി പ്രേമരാജന്‍, കെ സദാനന്ദന്‍, ഹബീബ് കോയ തങ്ങള്‍, റഫീഖ് എന്നിവരാണ് രാഷ്ട്രീയ കക്ഷി നേതാക്കളെ കണ്ടത്.