Connect with us

Editorial

അക്രമ രാഷ്ട്രീയത്തിന് തടയിടണം

Published

|

Last Updated

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് പരുക്കേല്‍ക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരവും ജനാധിപത്യ കേരളത്തിന് അപമാനകരവുമാണ്. സംസ്ഥാന പോലീസ് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന മുഖ്യമന്ത്രിക്കെതിരെ എല്‍ ഡി എഫ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് അദ്ദേഹത്തിന്റെ കാറിന് നേരെ കല്ലേറുണ്ടായതും നെറ്റിക്ക് പരുക്കേറ്റതും. അക്രമരാഷ്ട്രീയവും സമരങ്ങളും കേരളത്തിന് പുത്തരിയല്ലെങ്കിലും മുഖ്യമന്ത്രി തെരുവില്‍ ആക്രമക്കപ്പെടുന്നത് ഇതാദ്യമായാണ്.
അക്രമം ആസൂത്രിതമാണെന്ന് യു ഡി എഫ് ആരോപിക്കുമ്പോള്‍, ഇടതു മുന്നണിക്ക് ഇതില്‍ അശേഷവും പങ്കില്ലെന്ന് നേതാക്കള്‍ തറപ്പിച്ചു പറയുന്നു. എങ്കിലും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് സമരത്തിനാഹ്വാനവും നേതൃത്വവും നല്‍കിയ നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. സമരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ജനാധിപത്യപരവും അക്രമരഹിതവുമായി പര്യവസാനിക്കുമെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത നേതാക്കള്‍ക്കുണ്ട്. പ്രതിഷേധിക്കാനും പ്രക്ഷോഭത്തിനും തങ്ങള്‍ക്കവകാശമുള്ളതു പോലെ, സഞ്ചാര, പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന് പ്രതിയോഗികള്‍ക്കും അവകാശമുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. സമരത്തിന്റെ പേരില്‍ ജനപ്രതിനിധികളെയെന്നല്ല, സാധാരണ പൗരന്മാരെ പോലും വഴിയില്‍ തടയുന്നത് അവകാശലംഘനവും അതിക്രമവുമാണ്.
ഒരാശയം സ്ഥാപിച്ചെടുക്കേണ്ടത് ആരോഗ്യപരമായ സംവാദങ്ങളിലൂടെയാണ്. എതിരാളിയെ അടിച്ചൊതുക്കിയും തെരുവില്‍ തടഞ്ഞുമല്ല. അത് വിപരീത ഫലമേ ഉളവാക്കൂ. എല്‍ ഡി എഫ് ആരോപിക്കുന്നതു പോലെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി അടുത്ത ജനവിധിയിലൂടെ അദ്ദേഹത്തെ പുറത്താക്കാവുന്നതാണ്. അതാണ് ജനാധിപത്യ രീതി. പകരം നാടുനീളെ സംഘര്‍ഷവും അരാജകത്വവും സൃഷ്ടിക്കുന്നത് നാടിന്റെയും ജനങ്ങളുടെയും സ്വസ്ഥത നഷ്ടപ്പെടുത്തുക മാത്രമല്ല, സമൂഹത്തില്‍ വളര്‍ന്നു വരുന്ന കക്ഷിരാഷ്ട്രീയവിരുദ്ധ ചിന്താഗതി ശക്തിപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. അരാഷ്ട്രീയ ബോധത്തിന്റെ വളര്‍ച്ചയില്‍ ആശങ്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍, തങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങളാണ് അതിന് പ്രചോദനമെന്നത് വിസ്മരിക്കുകയാണ്.
സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തിനും സമരത്തിനും ഇടക്കാലത്ത് അല്‍പ്പം ശമനമുണ്ടായിരുന്നു. പഴയ ദുരവസ്ഥ തിരിച്ചു വരികയാണോ എന്നാശങ്കപ്പെടേണ്ട സ്ഥിതിയാണിന്ന്. ഏതെങ്കിലും ഒരു കക്ഷിക്കോ മുന്നണിക്കോ മാത്രമല്ല ഇതിന്റെ ഉത്തരവാദിത്വം. എല്ലാ രാഷ്ട്രീയക്കാരും തുല്യരാണ് ഇക്കാര്യത്തില്‍. ഇപ്പോള്‍ ഇടതുമുന്നണിയെ വിമര്‍ശിക്കുന്നവരും അക്രമത്തിന്റെ വഴി തിരഞ്ഞെടുത്ത നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പൊതുവേദികളില്‍ സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെക്കുറിച്ചു വാചലരാകുന്നവര്‍, തിരശ്ശീലക്ക് പിന്നില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനും വകവരുത്താനും ആയുധ പരിശീലനവും ബോംബ് നിര്‍മാണവും നടത്തുന്ന കാര്യം ഒരു രഹസ്യമല്ല. സമാധാനത്തിന്റെ പാതയായ ഇസ്‌ലാമിന്റെ ലേബലില്‍ സംഘടിച്ചവര്‍ പോലും ഇതില്‍ നിന്നൊഴിവല്ല.
എതിരാളികളുടെ തലയറുക്കുന്നതും കൈ വെട്ടുന്നതും മാത്രമല്ല, അണികളെ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നതും അക്രമരാഷ്ട്രീയമാണ്. രാഷ്ട്രീയ പാര്‍ട്ടി ക്യാമ്പുകളിലും ശില്‍പ്പശാലകളിലും പൊതുവേദികളില്‍ പോലും എതിരാളികളെ ആക്രമിക്കാന്‍ പ്രചോദനമേകുന്ന പ്രസംഗങ്ങള്‍ സാധാരണമാണ്. അവയില്‍ നിന്ന് ആവേശവും വീര്യവും ഉള്‍ക്കൊണ്ടാണ് അണികള്‍ അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. ക്രമേണ അവര്‍ പക്കാ ക്രിമിനലുകളായി മാറുന്നു. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ അവരിലേറെയും വളര്‍ന്നു വന്നത് രാഷ്ട്രീയത്തിലൂടെയോ അതിന്റ തണലിലോ ആണെന്ന് കാണാം.
തീവ്രവാദവും ഭീകരതയും മതങ്ങളുടെയും സമൂദായങ്ങളുടെയും പേരിലാണ് പൊതുവെ കെട്ടിവെക്കാറ്. എന്നാല്‍ കൊടിയ തീവ്രവാദവും ഭീകരതയും അരങ്ങേറുന്നത് രാഷ്ടീയത്തിലാണെന്നതാണ് രാഷ്ട്രീയാതിക്രമങ്ങളും കൊലപാതകങ്ങളും വിളിച്ചോതുന്നത്. പലപ്പോഴും മതതീവ്രവാദത്തെ പഴി ചാരി ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. കണ്ണൂരില്‍ സംഭവിച്ചത് ഇനിയും ആവര്‍ത്തിക്കാതിരിക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാത്രമല്ല, നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണ്. രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇതിന് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. സമരങ്ങളും പ്രക്ഷോഭങ്ങളും സമാധാനപരമായിരിക്കുമെന്ന് ഉറപ്പ് വരുത്താന്‍ അവര്‍ പ്രതിജ്ഞാബദ്ധരാകണം. അണികളെ അക്രമ രാഷ്ട്രീയത്തിലേക്ക് നയിക്കുന്ന പ്രവണത ഒഴിവാക്കുകയും പ്രതിയോഗികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിച്ചു കൊണ്ടുള്ള ജനാധിപത്യ സമര രീതിയെക്കുറിച്ചു അവരെ ബോധവത്കരിക്കുകയും വേണം.