Connect with us

National

ആന്ധ്രയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പടിയിറക്കം

Published

|

Last Updated

ഹൈദരാബാദ്: രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമെന്ന് കൊണ്ടാടപ്പെട്ടിരുന്ന ആന്ധ്രാ പ്രദേശില്‍ നിരവധി പ്രൊഫഷനല്‍ കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കൂണ് പോലെ മുളച്ച് പൊങ്ങിയ സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ മിക്കതും വിദ്യാര്‍ഥികളെ കിട്ടാതെ വലയുകയാണ്. 700 എന്‍ജിനിയറിംഗ് കോളജുകളിലായി 2.26 ലക്ഷം സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ഈ വര്‍ഷം 1.08 ലക്ഷം സീറ്റുകളും കാലിയാണ്.
വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഹൈദരബാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാത്രം 40 എന്‍ജിനീയറിംഗ് കോളജുകളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. ഇവിടെ ചേര്‍ന്ന വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളെ വേറെ എങ്ങോട്ടെങ്കിലും മാറ്റി കോളജ് അടച്ചു പൂട്ടാന്‍ സര്‍ക്കാറിന്റെ അനുമതി തേടിയിരിക്കുകയാണ്. ഇതില്‍ പല കോളജുകളിലും അഞ്ചും ആറും പേരാണ് ചേരാനെത്തുന്നത്. ഈ വര്‍ഷം 609 സ്വകാര്യ എന്‍ജിനീയറിംഗ് കോളജുകളില്‍ 13 എണ്ണത്തില്‍ ഒരു കിട്ടിയും ചേര്‍ന്നിട്ടില്ല.
ഈയടുത്ത കാലം വരെ ആന്ധ്രയിലെ കോളജുകളില്‍ നിന്ന് എന്‍ജിനീയറിംഗ്, മെഡിസിന്‍, ഫാര്‍മസി, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവയില്‍ ബിരുദ, ഡിപ്ലോമാ കോഴ്‌സുകള്‍ക്ക് എത്തുന്നവരുടെ വന്‍ തിരക്കായിരുന്നു. കൃത്യമായ പരിശോധന ഇല്ലാതെ വിവേചനരഹിതമായി കോളജുകള്‍ അനുവദിച്ചത് തന്നെയാണ് വിനയായത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മോശം അധ്യാപകര്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലാബുകള്‍ തുടങ്ങിയവയും കാരണമായി. ഇതെല്ലാം കാരണം പഠന നിലവാരം കുത്തനെ ഇടിഞ്ഞതോടെ വിദ്യാര്‍ഥികള്‍ ആന്ധ്രയിലെ കോളജുകളെ കൈയൊഴിയുകയായിരുന്നു.
തെലങ്കാനയെ ചൊല്ലി നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളും അക്രമാസക്ത സമരങ്ങളും വിദ്യാര്‍ഥികളെ ആന്ധ്രയില്‍ നിന്നും പ്രത്യേകിച്ച് ഹൈദരബാദില്‍ നിന്നും അകറ്റിയെന്നും വിലയിരുത്തപ്പെടുന്നു. എന്തും സംഭവിക്കാവുന്ന സ്‌ഫോടനാത്മകമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ പുറത്ത് നിന്നുള്ളവര്‍ ഇവിടേക്ക് വരാന്‍ ധൈര്യപ്പെടുന്നില്ല. കര്‍ണാടകവും തമിഴ്‌നാടുമാണ് ഈ സാഹചര്യത്തിന്റെ ഗുണഭോക്താക്കള്‍. വിദ്യാര്‍ഥികള്‍ വന്‍ തോതില്‍ ഈ സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ്.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ സമിതി പുറത്തിറക്കിയ കണക്ക് പ്രകാരം 14 സംസ്ഥാനങ്ങളില്‍ നിന്നായി അടച്ചുപൂട്ടല്‍ അനുമതി തേടിയ 143 സാങ്കേതിക സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 56ഉം ആന്ധ്രാ പ്രദേശില്‍ നിന്നാണ്.

 

Latest