Connect with us

Kerala

മുഖ്യമന്ത്രിക്ക് മൂന്ന് ദിവസത്തെ വിശ്രമം; സന്ദര്‍ശക പ്രവാഹം

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന അക്രമ സംഭവത്തില്‍ കല്ലേറില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡോക്ടര്‍മാര്‍ മൂന്ന് ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. നെറ്റിയിലെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെങ്കിലും നെഞ്ചിലെ ക്ഷതവും അതോടനുബന്ധിച്ച നീര്‍ക്കെട്ടുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്. ഇത് അണുബാധക്ക് കാരണമായേക്കാമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല. അതിനാലാണ് മൂന്ന് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. മോഹന്‍ദാസ് പറഞ്ഞു.

മെഡിക്കല്‍ പേ വാര്‍ഡിന് സമീപത്തെ വി ഐ പി മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുഖ്യമന്ത്രിയെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഡി ഡാലസ്, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ജോര്‍ജ് കോശി, സര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. സഫിയ, ന്യൂറോളജി വിഭാഗം മേധാവി ഡോ. അനില്‍ പീതാംബരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. ചികിത്സയുടെ ഭാഗമായി സി ടി സ്‌കാനിംഗ് ഉള്‍പ്പെടെ വിവിധ പരിശോധനകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കി. നെഞ്ചിന്റെ വലതു ഭാഗത്തായാണ് കല്ലേറില്‍ ക്ഷതമേറ്റിരിക്കുന്നത്. ഈ ഭാഗത്ത് വേദന അനുഭവപ്പെടുന്നുണ്ട്. ഇന്നലെ രാവിലെ ഡ്രസ്സിംഗ് നടത്തിയപ്പോള്‍ നെറ്റിയിലെ മുറിവില്‍ നിന്ന് ഗ്ലാസ് ചില്ലിന്റെ തരികള്‍ കണ്ടെടുത്തിരുന്നു. ഉച്ചയോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയോടെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ ഇന്ന് കൊല്ലത്ത് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 31ലേക്കാണ് ജനസമ്പര്‍ക്ക പരിപാടി മാറ്റിയത്.
അതേസമയം, മുഖ്യമന്ത്രിയെ കാണാന്‍ സന്ദര്‍ശക പ്രവാഹമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ അദ്ദേഹത്തെ കാണാനെത്തെി. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ ഫോണില്‍ ബന്ധപ്പെട്ട് അസുഖ വിവരം തിരക്കി. ഗവര്‍ണര്‍ നിഖില്‍ കുമാറും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

Latest