Connect with us

Kerala

മഅ്ദനിയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും: ഇ ടി

Published

|

Last Updated

തിരുവനന്തപുരം: ബംഗളൂരു സ്്‌ഫോടനക്കേസില്‍ അന്യായമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനത്തിനായി തനിക്ക് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. പാര്‍ലിമെന്റില്‍ വിഷയം നിരന്തരം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് പടിക്കല്‍ രാവിലെ മുതല്‍ ആരംഭിച്ച സത്യഗ്രഹ സമരത്തില്‍ കേരള മുസ്‌ലിം സംയുക്തവേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, കരമന അശ്‌റഫ് മൗലവി, ബസേലിയോസ് മാര്‍ത്തോമ്മാ യാക്കോബ് പ്രഥമന്‍ കാത്തോലിക്കാ ബാവ, എം എല്‍ എമാരായ കോവൂര്‍ കുഞ്ഞുമോന്‍, ജമീലാ പ്രകാശം, മുസ്‌ലിംലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്, നീല ലോഹിതദാസന്‍ നാടാര്‍, അഡ്വ. കെ പി മുഹമ്മദ് തുടങ്ങിയവര്‍ ഐക്യ ദാര്‍ഢ്യ പ്രഭാഷണം നടത്തി.
സമരത്തിന് മുന്നോടിയായി ഇന്നലെ രാവിലെ എട്ടിന് ബീമാപള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു. പ്രാര്‍ഥനക്ക് പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സംയുക്ത വേദി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ സ്വാഗതവും സംയുക്ത വേദി ജില്ലാ പ്രസിഡന്റ് പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

Latest