Connect with us

Sports

മെക്‌സിക്കോ, സ്വീഡന്‍ ക്വാര്‍ട്ടറില്‍

Published

|

Last Updated

ദുബൈ: നിലവിലെ ചാമ്പ്യന്‍മാരായ മെക്‌സിക്കോ, സ്വീഡന്‍ എന്നിവര്‍ ഫിഫ അണ്ടര്‍- 17 ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെ പരാജയപ്പെടുത്തിയപ്പോള്‍ ഏഷ്യന്‍ കരുത്തര്‍ ജപ്പാനെ 2-1ന് വീഴ്ത്തിയാണ് സ്വീഡന്റെ മുന്നേറ്റം.
ഇരു പകുതികളിലുമായി നേടിയ ഗോളുകളാണ് മെക്‌സിക്കോക്ക് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ നൈജീരിയയോട് ഒന്നിനെതിരെ ആറ് ഗോളുകള്‍ കീഴടങ്ങി നാണംകെട്ട മെക്‌സിക്കോ ഉജ്ജ്വലമായ തരിച്ചുവരവ് നടത്തിയാണ് ഇപ്പോള്‍ ക്വാര്‍ട്ടര്‍ പ്രവേശം ആഘോഷിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഇറ്റലി മികച്ച ഗോളവസരം സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. 26ാം മിനുട്ടിലാണ് മെക്‌സിക്കോ അക്കൗണ്ട് തുറന്നത്. ടോപ് കോര്‍ണറില്‍ നിന്ന് അലെജാന്‍ഡ്രോ ഡയസാണ് മെക്‌സിക്കോക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി ക്ക് മുമ്പ് ഇരുപക്ഷവും നിര്‍ലോഭം അവസരങ്ങള്‍ സൃഷ്ടുക്കുന്നുണ്ടായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇറ്റലിക്കാര്‍ക്ക് മെക്‌സിക്കന്‍ നിരയില്‍ ഭീതി വിതക്കാന്‍ സാധിച്ചു. എന്നാല്‍ തുടര്‍ ആക്രമണങ്ങള്‍ ഒരുക്കി മെക്‌സിക്കോ കൂടുതല്‍ കരുത്താര്‍ജിച്ചു. 88ല്‍ വെച്ച് അസൂറികള്‍ സമനില പിടിക്കേണ്ടതായിരുന്നു. എന്നാല്‍ ആല്‍ബര്‍ട്ടോ കെരിയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സ്റ്റോപ്പ് ഏജ് ടൈമില്‍ ഇവാന്‍ ഒച്ചാവോ നേടിയ ഹെഡ്ഡര്‍ ഗോള്‍ മെക്‌സിക്കോയുടെ വിജയം ഉറപ്പാക്കി. ബ്രസീല്‍- റഷ്യ പോരാട്ടത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ എതിരാളികള്‍.
ഏഷ്യന്‍ കരുത്തരും ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റം നടത്തിയവരുമായ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്വീഡന്റെ സ്വപ്‌നക്കുതിപ്പ്. ഇതാദ്യമായാണ് സ്വീഡന്‍ അവസാന എട്ടില്‍ ഇടം നേടുന്നത്. എട്ട് മാറ്റങ്ങള്‍ വരുത്തിയ ജപ്പാന്‍ കോച്ചിന്റെ തീരുമാനം അവരുടെ കളിയെ കാര്യമായി ബാധിച്ചു. കണക്ക് പ്രകാരം ജപ്പാന്‍ കളിയില്‍ ഗോള്‍ നേടിയിട്ടില്ല. സ്വീഡന്റെ ലിനസ് ലോക്വിസ്റ്റ് സമ്മാനിച്ച സെല്‍ഫ് ഗോളാണ് ജപ്പാന് ആശ്വാസം പകര്‍ന്നത്. കളി തുടങ്ങി 11ാം മിനുട്ടില്‍ സ്വീഡന്‍ ജപ്പാന്‍ വലയില്‍ പന്തെത്തിച്ചു. ഇടത് വിംഗില്‍ നിന്ന് മുന്നേറി മിര്‍സ ഹാല്‍വാഡ്‌സിക് കൈമാറിയ ക്രോസില്‍ നിന്ന് വാല്‍മിര്‍ ബെരിഷയാണ് ഗോളിന് അവകാശിയായത്. 36ാം മിനുട്ടില്‍ സ്വീഡന്‍ ലീഡുയര്‍ത്തി. ഗുസ്താവ് എംഗ്‌വാലാണ് രണ്ടാം ഗോള്‍ സ്വീഡന് സമ്മാനിച്ചത്. ഹാല്‍വാഡ്‌സികിന്റെ ഗോള്‍ ശ്രമം ജപ്പാന്‍ ഗോളി കുത്തിയകറ്റി. എന്നാല്‍ റീബൗണ്ടിലൂടെ എംഗ്‌വാല്‍ പന്ത് വലയിലെത്തിച്ചു. ടൂര്‍ണമെന്റില്‍ എംഗ്‌വാല്‍ നേടുന്ന മൂന്നാം ഗോളാണിത്.
രണ്ടാം പതുതി തുടങ്ങി 56ാം മിനുട്ടിലാണ് ജപ്പാന് അനുകൂലമായി സെല്‍ഫ് ഗോള്‍ പിറന്നത്. ഹിരോകി ഒഗാവയുടെ ഗോള്‍ ശ്രമം വിഫലമാക്കാന്‍ ശ്രമിച്ച സ്വീഡന്‍ പ്രതിരോധ താരം ലിനസ് ലോക്വിസ്റ്റിന് പിഴച്ചത് ഏഷ്യന്‍ ടീമിന് നേരിയ ആശ്വാസം നല്‍കുകയായിരുന്നു. ഹോണ്ടുറാസ്- ഉസ്‌ബെക്കിസ്ഥാന്‍ മത്സരത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ സ്വീഡന് എതിരാളികള്‍.

Latest