Connect with us

Malappuram

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ ഹോക്കി: കേരളത്തിനായി മലപ്പുറത്തെ കുട്ടികള്‍

Published

|

Last Updated

മലപ്പുറം: ബുധനാഴ്ച ഡല്‍ഹിയില്‍ നാളെയാരംഭിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെ കുട്ടികള്‍ പുറപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മലപ്പുറം ആതിഥ്യം വഹിച്ച സംസ്ഥാന ടൂര്‍ണമെന്റില്‍ വിജയികളായ കോട്ടപ്പടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമാണ് ദേശീയ മത്സരത്തിനിറങ്ങുന്നത്. പങ്കെടുക്കാന്‍ സാമ്പത്തികമില്ലാതെ കുട്ടികള്‍ ഏറെ വിഷമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കുട്ടികള്‍ തന്നെ തെരുവിലിറങ്ങി പിരിവെടുത്തു വലിയ തുക സ്വരൂപിച്ചു. മലപ്പുറം നഗരസഭ, ജില്ലാ സര്‍വീസ് സഹകരണ ബേങ്ക് തുടങ്ങിയവരും സഹായഹസ്തം നീട്ടിയപ്പോള്‍ കരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവരുടെ സ്വപ്‌നം പൂവണിയുകയായിരുന്നു. 16 അംഗ ടീമിനൊപ്പം സ്‌കൂളിലെ അധ്യാപകരായ ഇ ആബിദലി, പി മുഹമ്മലി, നിധിന്‍ പുളിക്കല്‍, ടി നിസാമുദ്ദീന്‍ എന്നിവരുമുണ്ട്. ഇവര്‍ക്ക് സ്‌കൂളില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. പി ഉബൈദുല്ല എം എല്‍ എ, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, പി ടി എ പ്രസിഡന്റ് കെ അബ്ദുര്‍റസാഖ്, വൈസ് പ്രസിഡന്റ് കെ സുഭാഷിനി, പ്രിന്‍സിപ്പല്‍ കെ പി ബീന സംബന്ധിച്ചു.

തിരൂരില്‍ നിന്ന് ഉച്ചക്ക് 2.15ന് നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് ടീം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ടി അരുണ്‍, കെ എഫ് വിഷ്ണുദാസ്, തശ്‌രീഫ് റോഷന്‍, ടി മുഹമ്മദ് ശഫീഖ്, മുഹമ്മദ് രിസ്‌വാന്‍, കെ ശഹന്‍, സി സൂരജ്, പി കെ മുഹമ്മദ് അജ്മല്‍, യു നതീഷ്, എം പ്രതിന്‍, എം എസ് മുഹമ്മദ് ഫര്‍ശിദ്, കെ വൈശാഖ്, ടി യദുകൃഷ്ണന്‍, പി സഹല്‍, കെ മുഹമ്മദ് ശഫീഖ്, മുഹമ്മദ് ശിഹാബ് എന്നീ വിദ്യാര്‍ഥികളാണ് ടീമിലുള്ളത്. അടുത്ത മാസം 14നാണ് ഫൈനല്‍ മത്സരം. 2010-11 ല്‍ ഛത്തീസ്ഗഢില്‍ നടന്ന പൈക്ക ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഹോക്കി മത്സരത്തിലും കോട്ടപ്പടി ഗവ. ബോയ്‌സ് ടീം പങ്കെടുത്തിരുന്നു. സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ച് ഇതുവരെ എത്തിച്ചത് കായികാധ്യാപകന്‍ എം ഉസ്മാന്‍ മാസ്റ്ററാണ്. ഈ മാസം ഒമ്പതിന് നടക്കുന്ന മലപ്പുറം സബ്ജില്ലാ കായികമേളയില്‍ പങ്കെടുക്കാനുള്ള സ്‌കൂള്‍ ടീമിനെ പരിശീലിപ്പിക്കുന്നതിന്റെ തിരക്കിലായതിനാല്‍ അദ്ദേഹം കുട്ടികള്‍ക്കൊപ്പമില്ല. കുട്ടികള്‍ മുന്നേറുകയാണെങ്കി സബ്ജില്ലാ കായികമേള കഴിഞ്ഞാലുടന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു.

 

Latest