Connect with us

Articles

അനുഗ്രഹമായ പനി; അത്യാര്‍ത്തിയുടെ കച്ചവടം

Published

|

Last Updated

പനി ഒരനുഗ്രഹമാണെന്നാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്. ശരീരത്തെ ബുദ്ധിമുട്ടിക്കുന്ന രോഗകാരണത്തെ കത്തിച്ചും വയറിളക്കിയും ജീവനെ രക്ഷിക്കുകയാണ് ശരീരത്തിന്റെ ധര്‍മം. അതുകൊണ്ട് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കിനെ കത്തിച്ചുകളയുന്നതിനുള്ള ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ ചൂട് കൂട്ടുന്ന നല്ല കര്‍മമാണ് പനി. പ്രകൃതി ചികിത്സകനായ ഡോ. ജേക്കബ് വടക്കന്‍ചേരി പറയുന്നു. എന്നാല്‍ ഇതിനെ ശത്രുവായി കണ്ട് മരുന്നുപ്രയോഗങ്ങള്‍ നടത്തുമ്പോഴാണ് ശരീരത്തില്‍ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത്. രോഗവും മരണവും സംഭവിക്കുന്നതും അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
106 ഡിഗ്രി വരെയുള്ള പനി ശരീരത്തിന് ഒരപകടവും വരുത്തുന്നില്ലെന്ന് ലോകത്തിലെ ഏറ്റവും ആധികാരിക വൈദ്യശാസ്ത്ര ഗ്രന്ഥമായ മാര്‍ട്ടിന്റൈല്‍- ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സില്‍ പറയുന്നുണ്ട്. ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസ് ഗ്രന്ഥിയാണ്. അണുബാധ, നീര്‍ക്കെട്ട്, നിയോപ്ലാസ്റ്റിക് രോഗങ്ങള്‍ ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവയാണ് പനിയുടെ കാരണങ്ങള്‍. ചില മരുന്നുകള്‍ അധികമാകുന്നതുകൊണ്ടും അനസ്‌ത്യേഷ്യാ മരുന്നുകള്‍ കൊണ്ടും മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊണ്ടും ഹൈപ്പോതലാമസിന് കേട് സംഭവിച്ച് പനിയുണ്ടാകാറുണ്ട്.
ഗര്‍ഭിണികള്‍, ശരീരത്തില്‍ ജലാംശം കുറഞ്ഞുപോയവര്‍, ജീവചൈതന്യം നശിച്ചവര്‍, ഹൃദ്രോഗം, ശ്വാസതടസ്സം, നാഡീവ്യൂഹ രോഗങ്ങള്‍ എന്നിവ ഉള്ളവരിലൊഴിച്ച് 106 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ പനി ഉണ്ടാകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ഇതില്‍ കുറഞ്ഞ പനിക്ക് ചികിത്സിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ 106 ഡിഗ്രിയില്‍ കൂടുതലുള്ള പനി ജീവാപായമുണ്ടാക്കുമെന്നതിനാല്‍ അടിയന്തരമായി നിയന്ത്രിക്കേണ്ടതാണ്. മരുന്നുകള്‍ ഇവിടെ ഫലപ്രദമല്ല. തണുത്ത വെള്ളത്തില്‍ ശ്രദ്ധാപൂര്‍വം മുക്കുന്നതും ഐസ് വെള്ളത്തില്‍ എനിമ നല്‍കുന്നതുമൊക്കെയാണ് പ്രതിവിധി.
ഈ ആധികാരിക വൈദ്യ ശാസ്ത്ര ഗ്രന്ഥത്തില്‍ പനിയെക്കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെയാണ്. എന്നാല്‍ മെഡിക്കല്‍ കോളജുകളിലെ പാഠപുസ്തകമായ ഡേവിഡ് സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ എന്ന ഗ്രന്ഥം ഒന്നുകൂടി അടിവരയിടുന്നു. അതിങ്ങനെയാണ്.
പനി ഒരു പ്രതിരോധ നടപടിയാണ്. ശരീരത്തില്‍ ചൂട് കൂട്ടുന്നത് വൈറസിന്റെയും ബാക്ടീരിയകളുടെയും വ്യാപനത്തെ തടയുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ആന്റി പൈററ്റിക്കുകള്‍ കൊണ്ട് പനിയെ അടിച്ചമര്‍ത്തുന്നത് വൈറല്‍ ബാക്ടീരിയ ആക്രമണത്തെ കൂട്ടുകയും ഇന്‍ഫഌവന്‍സ, മീസില്‍സ്, റിനോ വൈറസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ വഷളാക്കുകയും ചെയ്യുന്നുണ്ട്. ആന്റിബയോട്ടിക്കുകളും കോണ്‍കോള്‍ഡും ഏഴ് ആര്‍ ടി സി ആന്റിബയോട്ടിക്കുകളും പ്ലാസിബോയുമായി താരതമ്യപ്പെടുത്തി നടത്തിയ പഠനത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെ ന്യായീകരിക്കുന്നതിനുള്ള തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാല്‍ ദോഷഫലങ്ങള്‍ കൂടുന്നതായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗം തെളിയിച്ചിട്ടുമുണ്ട്. ഈ ആധുനിക വൈദ്യശാസ്ത്രം പഠിച്ചിറങ്ങിയവരാണ് നിസ്സാരമായ പനിയെ കച്ചവടവത്കരിച്ചത്. സ്വയം ചെയ്യുന്ന പ്രതിരോധ പ്രവര്‍ത്തനത്തെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചൂഷണം.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട പ്രിന്‍സിപ്പലും ഗ്രന്ഥകാരനുമായ ഡോ. കെ മാധവന്‍കുട്ടിയുടെ അഭിപ്രായം തന്നെ കേള്‍ക്കുക: 95 ശതമാനം പനിയും സാരമുള്ളവയേയല്ല. പനി വന്നാല്‍ ഭാരിച്ച ജോലികള്‍ ഉപേക്ഷിച്ച് ധാരാളം വിശ്രമിക്കുക. ബെഡ് റെസ്റ്റ് തന്നെയാണ് നല്ലത്. ധാരാളം വെള്ളം കുടിക്കുക. സാധാരണ നിലയില്‍ വൈറസുകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഒന്നും ഫലപ്രദമല്ല. ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണം വരുത്തണം. ഫാസ്റ്റ് ഫുഡുകളും കോളകളും മറ്റും നമുക്ക് മുഖ്യ ആഹാരമായി തീര്‍ന്നതാണ് പല രോഗങ്ങളും ഇത്രയേറെ വ്യാപകമാകാന്‍ കാരണം. അദ്ദേഹം പറയുന്നു.
ഈ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുകയും ഈ രീതി അവലംബിക്കുകയും ചെയ്യുന്ന എത്രയോ അലോപ്പതി ഡോക്ടര്‍മാരുണ്ട്. അതു തന്നെയാണ് പ്രകൃതിചികിത്സകരും പറയുന്നത്. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും അതുതന്നെ. ഹോമിയോപ്പതിയും ആയൂര്‍വേദവും ഇതിന് സമാനമായ ചികിത്സാ രീതികള്‍ അവലംബിക്കുന്നു. അതുകൊണ്ട് തന്നെ അവിടെ പനിമരണങ്ങളെയില്ല.
പനിലക്ഷണങ്ങളായ വിശപ്പില്ലായ്മ, തൊണ്ടവേദന, വായക്ക് കയ്പ്, ശരീരവേദന എന്നിവയൊക്കെ അനുഭവപ്പെട്ടാല്‍ ഉടനെ ഭക്ഷണം കഴിക്കുന്നത് താത്കാലികമായി നിര്‍ത്താനാണ് ഇവര്‍ നിര്‍ദേശിക്കാറുള്ളത്. പൂര്‍ണ വിശ്രമമാണ് ആവശ്യം. വായയിലെ കയ്പ് ഭക്ഷണം വേണ്ട എന്നതിന്റെ സിഗ്നലാണ് തരുന്നത്. ഈ സമയത്ത് കട്ടിയുള്ള ആഹാരത്തെ ദഹിപ്പിക്കാനുള്ള ശേഷി ശരീരത്തിനുണ്ടാകില്ല. പച്ചവെള്ളമോ കരിക്കിന്‍ വെള്ളമോ മാത്രം കുടിക്കുക. കരിക്കിന്‍ വെള്ളത്തിന് ഗ്ലൂക്കോസിനേക്കാള്‍ ഫലമുണ്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ പനി താനെ മാറും. ഇടിമൂഴിക്കല്‍ പ്രകൃതി ചികിത്സാ ആശുപത്രിയിലെ സൂര്യപ്രകാശ് പറയുന്നു: സാധാരണ പനി വന്നാല്‍ വീട്ടില്‍ വിശ്രമിക്കാനും അവരവരോട് സ്വയം ചികിത്സകള്‍ ചെയ്യാനുമാണ് പറയാറ്. വേണ്ട നിര്‍ദേശങ്ങള്‍ ഫോണില്‍ നല്‍കുകയും ചെയ്യും. അവരെയൊന്നും ആശുപത്രിയില്‍ അഡ്മിറ്റാക്കുകയോ മാസങ്ങളോളം ചികിത്സിക്കുകയോ ചെയ്യേണ്ടതില്ല. ഗുരുതരമായ അസുഖമുള്ളവരിലെ പനിയെ മാത്രമാണ് ഗൗരവത്തോടെ സമീപിക്കേണ്ടതെന്നും അദ്ദേഹം തുടരുന്നു. എന്നിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ നമ്മള്‍ ഒരുക്കമല്ല. പുതുതലമുറയിലെ അലോപ്പതി ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രികളുടെയും കഴുത്തറപ്പന്‍ ചികിത്സാ രീതി തന്നെയാണ് നമുക്ക് പഥ്യം. പനിയാണെങ്കിലും വന്‍ തുക ആശുപത്രി ബില്ലായി ചെലവാകാതെ അസുഖം മാറിയാല്‍ നമുക്കത് തൃപ്തി നല്‍കാതായിരിക്കുന്നു.
ഡെങ്കി, ചിക്കുന്‍ ഗുനിയ, എച്ച് വണ്‍ എന്‍ വണ്‍, ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗത്തിലെ മഞ്ഞപ്പിത്തം, ബാക്ടീരിയ കൊണ്ടുണ്ടാകുന്ന എലിപ്പനി, ടൈഫോയ്ഡ്, കോളറ തുടങ്ങിയവക്കെല്ലാം ഹോമിയോ പ്രതിരോധ മരുന്ന് മരുന്ന് ഫലപ്രദമാണെന്നാണ് കോഴിക്കോട് ഗവ ഹോമിയോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം അബ്ദുലത്തീഫ് പറയുന്നത്. 2003ല്‍ ഡെങ്കിപ്പനി പടര്‍ന്നപ്പോള്‍ തിരുവനന്തപുരത്തെ 670 റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴി 20 ലക്ഷം ആളുകളില്‍ പരീക്ഷിച്ച് വിജയിച്ചതാണിത്. ഈ മരുന്ന് കഴിച്ച 86 ശതമാനം പേര്‍ക്ക് പനി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കച്ചവടവത്കരിക്കപ്പെട്ട വൈദ്യശാസ്ത്രത്തിന്റെ മുഖ്യ പരിപാടി മരുന്നുകളാല്‍ രോഗത്തെ തടയുകയാണ്. മിക്ക രോഗങ്ങളെയും മാറ്റുന്നത് ശരീരം സ്വയം ചെയ്യുന്ന പ്രവൃത്തിയാലാണ്. അതിന് ഒരു വിദഗ്ധന്റെയോ രാസവസ്തുവിന്റെയോ ആവശ്യമില്ല- കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഡോ. ബേബി ജോണ്‍ പറയുന്നു. ജീവ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരം അവയെ പുറത്തുകളയും. വിഷമാലിന്യങ്ങളെയും ശരീരം പുറംതള്ളുകയോ ശരീരഭാഗത്ത് എവിടെയെങ്കിലും മുഴ രൂപത്തില്‍ ശേഖരിച്ച് വെക്കുകയോ ചെയ്യും. ഇതാണ് രോഗലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ അനവധിയാണെങ്കിലും രോഗ കാരണം ഒന്നുമാത്രമാണ്. ശരീരത്തിലെ മാലിന്യം. രോഗമുക്തി മാര്‍ഗവും മാലിന്യനിര്‍മാര്‍ജനവും ഒന്നു മാത്രമേയുള്ളൂ.. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പനിക്ക് അലോപ്പതി ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകള്‍ ദിവ്യൗഷധമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ എത്രമാത്രം ആരോഗ്യത്തിന് ഹാനികരമാണതെന്ന് കേള്‍ക്കണോ? അതേക്കുറിച്ച് നാളെ.