Connect with us

Malappuram

അലീഗഢ് മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വകലാശാലയാക്കാന്‍ നീക്കം

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണയിലെ അലീഗഢ് മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വകലാശാലയാക്കി കൈയൊഴിയാന്‍ നീക്കം. ഈ മാസം 10ന് ചേര്‍ന്ന അലീഗഢ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച നീക്കം നടക്കുന്നതായി സ്ഥാനമൊഴിഞ്ഞ അലീഗഢ് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. പി മുഹമ്മദ് പറഞ്ഞു. നിലവില്‍ സര്‍വകലാശാലകള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലാണ്. പുതുതായി തുടങ്ങുമെന്നുപറയുന്ന സര്‍വകലാശാലകള്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലാണ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രി പള്ളം രാജുവും ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി റഹ്മാന്‍ഖാനും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. അലീഗഢിന്റെ മലപ്പുറം, മുര്‍ഷിദാബാദ് കേന്ദ്രങ്ങള്‍ ഈ പേരു പറഞ്ഞാണ് കൈയൊഴിയാന്‍ നീക്കം നടത്തുന്നത്.

മലപ്പുറം കേന്ദ്രത്തില്‍ ഇതിനകം 104 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 64 കോടി രൂപയാണ് ഇനി ലഭിക്കാനുള്ളത്. ഈ തുകകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാകില്ല. ഭാരിച്ച തുക നല്‍കാന്‍ ആസൂത്രണ ബോര്‍ഡ് അനുമതിയും നല്‍കില്ല. ഇക്കാരണങ്ങള്‍ കാട്ടിയാണ് കേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഒമ്പതാം ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് 10ന് ചേര്‍ന്ന യോഗത്തില്‍ രണ്ടംഗങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ നിയമോപദേശം തേടാന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചു. ഇപ്പോള്‍ കേന്ദ്രത്തിലുള്ള ബി എ, എല്‍ എല്‍ ബി കോഴ്‌സുകളില്‍ 23 ശതമാനം പേര്‍ മാത്രമാണ് മലയാളികളുള്ളത്. എം ബി എ കോഴ്‌സില്‍ ഒരാള്‍. കഴിഞ്ഞ തവണത്തെ ബാച്ചില്‍ ഒറ്റ മലയാളിയും ഉണ്ടായിരുന്നില്ല. അലീഗഢ് സര്‍വകലാശാലയില്‍ പഠിക്കുന്നവര്‍ക്ക് അലീഗഡിന്റെ തന്നെ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അമ്പത് ശതമാനം സംവരണമുണ്ട്.
20 ശതമാനം സീറ്റുകളിലേക്ക് വിസിക്ക് നേരിട്ടും പ്രവേശനം നല്‍കാം. ഒമ്പതാം ക്ലാസ് ആരംഭിച്ചാല്‍ അമ്പത് ശതമാനം സംവരണത്തിലൂടെ മലയാളി വിദ്യാര്‍ഥികള്‍ക്ക് കയറിവരാനാകും. ഇതിന് തടയിടാനാണ് മലപ്പുറം സെന്റര്‍ വിരുദ്ധ ലോബി വി സിയെ ഉപയോഗിച്ചു കരുക്കള്‍ നീക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയാക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ആ വിഭാഗം നടത്തുന്ന സ്ഥാപനങ്ങള്‍ക്കേ ന്യൂനപക്ഷ പദവി ലഭിക്കൂ. കേന്ദ്ര സര്‍വകലാശാലയായാല്‍ 10 ശതമാനം സംവരണം മാത്രമാണ് മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കുക. നിലവില്‍ അലിഗഢ് സര്‍വകലാശാലയില്‍ 50 ശതമാനം സംവരണം ലഭിക്കും. കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന പ്രലോഭനം അപ്രായോഗികവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നും ഡോ. പി മുഹമ്മദ് പറയുന്നു. സര്‍വകലാശാലയുടെ സുപ്രധാന സമിതികളായ കോര്‍ട്ട്, അക്കാഡമിക് കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ എന്നിവയില്‍ നിന്നും കേന്ദ്രം ഡയറക്ടര്‍മാരെ ഒഴിവാക്കിയത് മലപ്പുറം സെന്ററിനെ ദോഷകരമായി ബാധിക്കും. ഫണ്ട് ലഭ്യമായിട്ടും അടിയന്തര നിയമനങ്ങളും കെട്ടിട നിര്‍മാണവും വൈകിപ്പിക്കുന്നതിലും ഗൂഢാലോചനയുണ്ടെന്നും ഡോ. പി മുഹമ്മദ് പറഞ്ഞു.

 

Latest