Connect with us

Kerala

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം: ഇസ്‌ലാം പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം അടക്കമുള്ള ഒരു വിഷയത്തിലും രാജ്യത്തെ നിയമം ലംഘിക്കപ്പെടരുതെന്ന് എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇസ്‌ലാം ഒരു പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ രാജ്യത്ത് സര്‍ക്കാര്‍ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഇത് കൈയിലെടുക്കാന്‍ പാടില്ല. എന്നാല്‍ ആ നിയമം പര്യാപ്തമാണെന്ന അഭിപ്രായമില്ല. ചില സാഹചര്യങ്ങളില്‍ പ്രത്യേക ഭേദഗതി വേണ്ടിവരും. നിയമം അടിച്ചേല്‍പ്പിക്കപ്പെടരുത്. മതപരമായ കാഴ്ചപ്പാടുകള്‍ മുഖവിലക്കെടുത്ത്, സാഹചര്യങ്ങളെല്ലാം വിലയിരുത്തി ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്ന് കാന്തപുരം പറഞ്ഞു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ അടുത്ത ആറ് മാസം നടക്കുന്ന കര്‍മപരിപാടികള്‍ വിവരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ചില മതനിഷേധികളും വനിതാ കൂട്ടായ്മകളും സംഘടനകളും സ്ത്രീകളെ വിപത്തിലേക്ക് തള്ളിവിടുകയാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന നിലപാടുകള്‍ ചില സാമുദായിക സംഘടനകള്‍ സ്വീകരിക്കുന്നത് മുസ്‌ലിംകള്‍ നേടിയെടുത്ത സാമൂഹിക പദവി തകര്‍ക്കാനേ ഉപകരിക്കൂ. പെണ്‍കുട്ടികളുടെ ജീവിതം സംബന്ധിച്ച മതപരവും സമൂഹികശാസ്ത്രപരവുമായ വിലയിരുത്തലുകളെ മുഖവിലക്കെടുക്കാതെ താത്കാലിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ സംരക്ഷകരായി രംഗത്തിറങ്ങിയവര്‍ മതത്തിലും സമൂഹത്തിലും അവര്‍ വഹിക്കുന്ന പദവികളെ ദുരുപയോഗം ചെയ്യുകയാണ്. ഇത്തരക്കാരുടെ നീക്കങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ചും അതിലെ സ്ത്രീകളുടെ പദവികളെക്കുറിച്ചും തെറ്റിദ്ധാരണ പരത്തും. മതത്തിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിലേക്ക് വലിച്ചിഴക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
കുടംബ ജീവിതത്തിനും ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്ന വിപുലമായ പദ്ധതിക്ക് എസ് വൈ എസ് തുടക്കം കുറിക്കുകയാണെന്ന് കാന്തപുരം പറഞ്ഞു. മഹല്ല് സംവിധാനങ്ങളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്ക് നാളെ സംസ്ഥാനത്തെ ആറായിരത്തോളം യൂനിറ്റുകളില്‍ തുടക്കം കുറിക്കും. “യൗവനം നാടിനെ നിര്‍മിക്കുന്നു” എന്ന തലക്കെട്ടില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ മാതൃസംഗമങ്ങളും സഹോദരീ സംഗമങ്ങളും സംഘടിപ്പിക്കും. വിവാഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ വീക്ഷണങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെക്കുറിച്ചും കര്‍മശാസ്ത്ര, നിയമവിദഗ്ധര്‍ ഈ മീറ്റുകളില്‍ ക്ലാസെടുക്കും. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ആറായിരത്തോളം വളണ്ടിയാര്‍മാര്‍ക്ക് എസ് വൈ എസ് പരിശീലനം നല്‍കിയിട്ടുണ്ട്. അവിവാഹിതരായ യുവാക്കള്‍ക്കായി സര്‍ക്കിള്‍ തലത്തില്‍ മാര്‍ച്ച് മാസത്തില്‍ കൗണ്‍സലിംഗ് ആരംഭിക്കുമെന്നും കാന്തപുരം പറഞ്ഞു.
ആതുര ശ്രുശൂഷ രംഗത്ത് കൂടുതല്‍ ഇടപെടുന്നതിനായി സാന്ത്വനം രണ്ടാം ഘട്ട കര്‍മ പദ്ധതിക്ക് തുടക്കം കുറിക്കും. അടുത്ത മാസം കേളത്തിലെ മുഴുവന്‍ യൂനിറ്റുകളിലും ഹെല്‍ത്ത് സ്‌കൂളുകള്‍ നടക്കും. കിടപ്പിലായ രോഗികള്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച 18,964 സന്നദ്ധസേവകര്‍ സാന്ത്വനം ക്ലബ്ബുകള്‍ വഴി സേവനം ചെയ്യും. യൂനിറ്റുകളില്‍ ആരംഭിക്കുന്ന സാന്ത്വന കേന്ദ്രങ്ങള്‍ വഴി അവശരായ രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കും.
താലൂക്ക്, ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യ നിരക്കില്‍ മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കല്‍ ഷോപ്പുകളും ലബോറട്ടറികളും ഡിസംബര്‍ അവസാനത്തോടെ മുഴുവന്‍ ജില്ലകളിലും തുടങ്ങും. സര്‍ക്കാര്‍ ആശുപത്രികളുടെ 60 വാര്‍ഡുകള്‍ സാന്ത്വനം പരിപാടിയുടെ ഭാഗമായി ദത്തെടുക്കും. 1,58,200 കുടുംബങ്ങള്‍ക്ക് നേരിട്ട് സാന്ത്വനത്തിന്റെ സേവനങ്ങള്‍ ലഭിക്കും.
അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സോണ്‍ തലങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അന്യ സംസ്ഥാന തൊഴിലാളി സംഗമങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 60 കേന്ദ്രങ്ങളില്‍ ബസ് യാത്രക്കാര്‍ക്കും മറ്റുമായി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. കുടിവെള്ള പദ്ധതി, നീര്‍ത്തട ശുചീകരണം, ബുക്ക് ഷോപ്പ് എന്നിവയും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി നടത്തുമെന്നും കാന്തപുരം അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട് പങ്കെടുത്തു.

---- facebook comment plugin here -----

Latest