Connect with us

International

രഹസ്യം ചോര്‍ത്തിയത് യൂറോപ്യന്‍ രാജ്യങ്ങള്‍: അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: സഖ്യരാഷ്ട്രങ്ങളുടെ നേതാക്കളുടെതടക്കം കോടിക്കണക്കിന് യൂറോപ്യന്‍ പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കക്കെതിരെ കടുത്ത വിമര്‍ശങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കെ, ആരോപണങ്ങള്‍ നിഷേധിച്ച് രഹസ്യാന്വേഷണ വിഭാഗം മേധാവി രംഗത്ത്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയത് എന്‍ എസ് എ അല്ലെന്നും യൂറോപ്യന്‍ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളാണ് തങ്ങളുടെ കൈവശമുള്ളതെന്നും എന്‍ എസ് എ മേധാവി ജനറല്‍ കെയ്ത് അലക്‌സാണ്ടര്‍ വ്യക്തമാക്കി.
ചാരപ്രവൃത്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിശദാംശം നല്‍കിക്കൊണ്ട് യു എസ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളുമായി ഈ വിഷയത്തില്‍ എന്‍ എസ് എ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും 2001ലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദേശരാജ്യങ്ങളിലെ നേതാക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്നത് എന്‍ എസ് എയുടെയും അമേരിക്കയുടെയും നയമാണെന്ന ന്യായീകരണവുമായി യു എസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജെയിംസ് ക്ലാപ്പെര്‍ രംഗത്തെത്തി. പതിറ്റാണ്ടുകളായി ഫോണ്‍ വിവരങ്ങളടക്കമുള്ള രഹസ്യങ്ങള്‍ എന്‍ എസ് എ ചോര്‍ത്തിയിരുന്നെന്നും യു എസ് കോണ്‍ഗ്രസില്‍ അദ്ദേഹം വ്യക്തമാക്കി.
ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് യു എസ് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങള്‍ എന്‍ എസ് എക്കെതിരെ പ്രതിഷേധം അറിയിച്ചത് ശരിയായില്ലെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന ജര്‍മന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയിലെത്തി. രഹസ്യാന്വേഷണ മേധാവിയടക്കമുള്ള സംഘം വൈറ്റ് ഹൗസ് വക്താക്കളുമായി ചര്‍ച്ച ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയതില്‍ ജര്‍മനി നേരത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി ചോര്‍ത്തല്‍ നടത്തിയിരുന്നോ, ഇപ്പോഴും ഫോണ്‍ നിരീക്ഷിക്കുന്നുണ്ടോ, ഇതേ കുറിച്ച് ഒബാമക്കറിയമായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ജര്‍മന്‍ വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.