Connect with us

International

ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് അറസ്റ്റില്‍

Published

|

Last Updated

കൈറോ: ഈജിപ്തിലെ പ്രമുഖ ബ്രദര്‍ഹുഡ് നേതാവ് ഇസ്വാം അല്‍ അരിയാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീംഡം ആന്‍ഡ് ജസ്റ്റിസ്റ്റ് പാര്‍ട്ടി (എഫ് ജെ പി)യുടെ ഉപമേധാവിയെയാണ് കൈറോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ നടന്ന അക്രമാസക്തമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്വാമിനെ അറസ്റ്റ് ചെയ്യാന്‍ ജൂലൈയില്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും മാസങ്ങളോളമായി ഇയാള്‍ വിവിധയിടങ്ങളിലായി ഒളിവിലായിരുന്നു. സൈന്യത്തിനെതിരെ ആക്രമണം നടത്താനും മറ്റും അനുയായികളോട് ആഹ്വാനം ചെയ്ത കുറ്റത്തിന് പുറമെ കൊലപാതക കുറ്റവും ഇസ്വാമിന് നേരെ ചുമത്തിയിട്ടുണ്ട്. ഇസ്വാമിനൊപ്പമുണ്ടായിരുന്ന നിരവധി ബ്രദര്‍ഹുഡ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യാനും മറ്റുമായി ഇവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ജനകീയ പ്രക്ഷോഭത്തിനിടെയുണ്ടായ സൈനിക അട്ടിമറിക്കിടെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അധികാരം തിരികെ നല്‍കണമെന്നാവാശ്യപ്പെട്ട് മാസങ്ങളോളമായി ബ്രദര്‍ഹുഡും എഫ് ജെ പിയും നടത്തിയ ആക്രമണങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാതലത്തില്‍ നിരവധി ബ്രദര്‍ഹുഡ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എഫ് ജെ പി വൈസ് പ്രസിഡന്റായ ഇസ്വാമിന്റെയും അറസ്റ്റ്.
അതിനിടെ, അറസ്റ്റിലായ ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബദീഇനെയും മറ്റും വിചാരണ ചെയ്യേണ്ടിയിരുന്ന മൂന്ന് ജഡ്ജിമാര്‍ വിചാരണയില്‍ നിന്ന് വിട്ടുനിന്നു. ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ താത്പര്യമില്ലെന്നും തങ്ങളുടെ മനസ്സാക്ഷി ഇത്തരം ഒരു കേസ് കൈകാര്യം ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും ജഡ്ജി മുഹമ്മദ് ഫഹ്മി അല്‍ ഖ്വര്‍മുതി വ്യക്തമാക്കി. കൈറോയില്‍ ജൂണ്‍ 30നുണ്ടായ ആക്രമണങ്ങളുടെയും കലാപങ്ങളുടെയും പിന്നില്‍ ബദീഉം കൂട്ടാളികളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

Latest