Connect with us

Kerala

സ്വഭാവദൂഷ്യം: പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം: സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടക്കെതിരെ നടപടി. പാച്ചല്ലൂര്‍ സ്വദേശിയായ യുവതിയുമായുള്ള വഴിവിട്ട ബന്ധവും തുടര്‍ന്ന് വിവാഹം ചെയ്യേണ്ടിവന്ന സാഹചര്യവുമാണ് നടപടിക്ക് ആധാരം. ജമാഅത്തെ ഇസ്‌ലാമി വക്താവായി അറിയപ്പെടുന്ന ജമാലുദ്ദീന്‍ മങ്കട നേരത്തെ ശാന്തപുരം ഇസ്‌ലാഹിയ കോളജ് അധ്യാപകനായിരുന്നു. മൗലവിയെ സംരക്ഷിക്കാന്‍ പാളയം മുസ്‌ലിം ജമാഅത്ത് കമ്മറ്റിയിലെ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെ അതീവ രഹസ്യമായി മൗലവിയുടെ നിക്കാഹ് നടത്തിയതിന്റെ പേരില്‍ യുവതിയുടെ സ്വദേശമായ പാച്ചല്ലൂര്‍ മഹല്ല് ഭരണസമിതിയിലും വന്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ചേര്‍ന്ന പാളയം മുസ്‌ലിം ജമാഅത്ത് ഭരണസമിതിയുടെ അടിയന്തരയോഗമാണ് മൗലവിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. മൗലവിക്കെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ കമ്മീഷനെയും നിയോഗിച്ചു. പാളയം ജമാഅത്തില്‍ നേരത്തെ ഇമാം പദവി വഹിച്ച രണ്ട് പേരില്‍ നിന്ന് ഫത്‌വ(മതവിധി) തേടാനാണ് തീരുമാനം. മൗലവിക്കെതിരെ ചില പരാതികള്‍ ഉണ്ടെന്ന് പാളയം ജമാഅത്ത് ഭരണസമിതി സ്ഥിരീകരിച്ചെങ്കിലും നടപടിയെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ജമാലുദ്ദീന്‍ മങ്കട അവധിയിലാണെന്നാണ് ജമാഅത്ത് ഭാരവാഹികളുടെ ഔദ്യോഗിക ഭാഷ്യം.
മൗലവിക്കെതിരെ ചില പരാതികളുണ്ടെന്നത് വാസ്തവമാണെന്ന് ജമാഅത്ത് പ്രസിഡന്റ് ഹാജി എസ് എ അസീം സാഹിബ് സിറാജിനോട് പറഞ്ഞു. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കും. അന്വേഷിക്കാതെ നടപടിയൊന്നുമെടുക്കാനാകില്ല. ഇമാം നിലവില്‍ അവധിയിലാണെന്നും അദ്ദേഹം പറഞ്ഞു. പാളയം മുസ്‌ലിം ജമാഅത്തിന്റെ നിയമാവലിയനുസരിച്ച് ഇമാമിനെതിരെ നടപടിയെടുക്കും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഇമാമിനെ ഔദ്യോഗികമായി പിരിച്ചുവിടുമെന്നാണ് വിവരം.
തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിനിയുമായി രണ്ട് വര്‍ഷമായി തുടരുന്ന ബന്ധമാണ് മൗലവിയുടെ സ്ഥാനം തെറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. നേരത്തെ രണ്ട് തവണ വിവാഹ മോചനം നേടിയതാണ് യുവതി. ജമാഅത്തെ ഇസ്‌ലാമിയുടെ പാളയം ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസിലൂടെയാണ് മൗലവി യുവതിയുമായി അടുത്തതെന്നാണ് വിവരം. ബന്ധം മുറുകിയതോടെ യുവതി വിവാഹഭ്യര്‍ഥന നടത്തി. നേരത്തെ വിവാഹിതനായ മൗലവി രണ്ടാം വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒക്‌ടോബര്‍ 20ന് രാത്രി അതീവ രഹസ്യമായാണ് പാച്ചല്ലൂര്‍ ജമാഅത്തില്‍ വെച്ചാണ് നിക്കാഹ് നടന്നത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിഷയം പാളയം ജമാഅത്ത് ഭരണസമിതിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു. ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ഇമാം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് അംഗീകരിക്കാന്‍ക്കാന്‍ കഴിയില്ലെന്ന് ഭരണ സമിതിയിലെ പ്രബല വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചു. മൗലവിയെ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികള്‍ രംഗത്തുവന്നെങ്കിലും അംഗീകരിച്ചില്ല. ഒടുവില്‍ ഇമാം പദവിയില്‍ നിന്ന് നീക്കണമെന്ന പൊതുവികാരമാണ് ഭരണസമിതിയുടെ അടിയന്തര യോഗത്തിലുണ്ടായത്. ജമാലുദ്ദീന്‍ മങ്കടയില്‍ നിന്ന് രാജിക്കത്ത് എഴുതി വാങ്ങിയതായും സൂചനയുണ്ട്.
അതേസമയം, മൗലവിയെ തിരിച്ചുകൊണ്ടുവരാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമാണ് അന്വേഷണ കമ്മീഷനും ഫത്‌വ തേടലും. അധാര്‍മിക ഇടപെടല്‍ പകല്‍പോലെ വ്യക്തമായിട്ടും കമ്മീഷനെ വെച്ചതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പാളയം ജമാഅത്തില്‍ നേരത്തെ ഇമാമായി പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം വലിയപള്ളി ഇമാം ഹാഫിസ് പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, തമ്പാനൂര്‍ സെന്‍ട്രല്‍ ജുമുഅ മസ്ജിദ് ഇമാം ഹംസ മൗലവി ഫാറൂഖി എന്നിവരില്‍ നിന്ന് ഫത്‌വ തേടാനാണ് തീരുമാനം.
അഞ്ച് വര്‍ഷമായി പാളയം മുസ്‌ലിം ജമാഅത്ത് ഇമാമായി പ്രവര്‍ത്തിക്കുന്ന മൗലവി ജമാലുദ്ദീന്‍ മങ്കടക്ക് കഴിഞ്ഞ മാസമാണ് അഞ്ച് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കിയത്. ജമാഅത്തെ ഇസ്‌ലാമി വേദികളിലെ പ്രമുഖ പ്രഭാഷകനാണ് ജമാലുദ്ദീന്‍ മങ്കട. സ്‌കൂള്‍ അധ്യാപകനായ ജമാലുദ്ദീന്‍ അവധിയെടുത്താണ് ഇമാമായി സേവനമനുഷ്ടിച്ചിരുന്നത്. ഭാര്യയും മക്കളും ഉണ്ടായിരിക്കെ രണ്ടാം വിവാഹം ചെയ്തത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മങ്കടക്കെതിരെ ക്രിമിനല്‍ നടപടിക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest