Connect with us

Gulf

ആശങ്കയോടെ പ്രവാസികള്‍: ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Published

|

Last Updated

ജിദ്ദ: നിതാഖാത്തിന്റെ ഇളവ് കാലാവധി അവസാനിക്കാനിരിക്കെ സഊദിയിലെ പ്രവാസികള്‍ ആശങ്കയുടെ മുള്‍മുനയില്‍. തൊഴില്‍ രേഖകള്‍ ശരിപ്പെടുത്താന്‍ ആറ് മാസത്തിലധികം സമയം ലഭിച്ചിട്ടും അതുപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് വിരലടയാളം നല്‍കുന്നതിന് തര്‍ഹീലുകളില്‍ മണിക്കൂറുകളോളം വരി നില്‍ക്കുകയാണ്. ഹുറൂബില്‍ പെട്ടവരാണ് ഇത്തരക്കാരിലധികവും. സ്‌പോണ്‍സറുടെ പക്കല്‍ നിന്നുള്ള രേഖകള്‍ ലഭിക്കാത്തവരും മതിയായ രേഖകളുടെ അഭാവം കാരണം കോണ്‍സുലേറ്റില്‍ നിന്ന് എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുമെല്ലാം ഈ വിഭാഗത്തില്‍പ്പെടും.

ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ നടത്തുന്ന പതിനായിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ നിതാഖാത്ത് വ്യവസ്ഥകള്‍ പാലിക്കാനാകാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലാക്കുന്നതിനായി ഇതിനകം തന്നെ പലരും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ചിലര്‍ ജോലിക്കാരുടെ എണ്ണം പകുതിയായി കുറച്ചു. രേഖകള്‍ ശരിയാക്കാതെ ജോലിയില്‍ തുടരാന്‍ അധിക പേരും തയാറാകുന്നില്ല.
അതേസമയം, ആശ്രിത വിസയിലുള്ള അധ്യാപകര്‍ക്ക് തുടരുന്നതിന് തടസ്സമില്ലെന്നായിരുന്നു ഈ അധ്യയന വര്‍ഷാരംഭത്തില്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. എന്നാല്‍, നിതാഖാത്ത് കാലാവധി തീരും മുമ്പ് കുടുംബ വിസയിലുള്ള മുഴുവന്‍ പേരെയും സ്‌കൂളിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റണമെന്ന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് രാജ്യത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളെയും പ്രതിസന്ധിയിലാക്കും.
മിക്ക സ്‌കൂളുകളിലെയും പകുതിയിലധികം അധ്യാപകരും കുടുംബ വിസയിലുള്ളവരാണ്. മലയാളികളുടെ മേല്‍നോട്ടത്തിലുള്ള സ്‌കൂളുകളിലാകട്ടെ തൊണ്ണൂറ് ശതമാനം അധ്യാപകരും കുടുംബ വിസയിലുള്ളവരാണ്. ഇവരെ സ്‌കൂള്‍ വിസയിലാക്കുന്നതിന് സാങ്കേതിക, യോഗ്യതാ പ്രശ്‌നങ്ങള്‍ തടസ്സങ്ങളായി നില്‍ക്കുന്നു. വന്‍ സാമ്പത്തിക ബാധ്യതയും ഇതിനു വരും. സ്‌കൂള്‍ ബസുകളിലെ ജീവനക്കാരില്‍ അധികവും അതാത് സ്‌കൂള്‍ വിസകളിലുള്ളവരല്ല.
അതിനിടെ, നിതാഖാത്ത് ഇളവ് കാലാവധി ഇനിയും നീട്ടുന്നതായ വ്യാജ വാര്‍ത്തകള്‍ ചില ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വ്യാപകമായി ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അതില്‍ വഞ്ചിതരാകരുതെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബ് അല്‍ അന്‍സി വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ റെയ്ഡ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest