Connect with us

National

ഇന്ത്യയുടെ ചൊവ്വാ ദൗത്യം: മംഗള്‍യാന്റെ കൗണ്‍ഡൗണ്‍ തുടങ്ങി

Published

|

Last Updated

ചെന്നെ: ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗള്‍യാന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് മംഗള്‍യാന്റെ വിക്ഷേപണം. അമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് കൗണ്ട് ഡൗണ്‍. പി എസ ്എല്‍ വി 25 റോക്കറ്റാണ് മംഗള്‍യാനെ ഭ്രമണ പഥത്തിലെത്തിക്കുക.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണോയെന്ന് കണ്ടെത്തുകയാണ് മംഗള്‍യാന്‍ പ്രധാന ലക്ഷ്യം. ഇതിനായി മീഥേന്റെ സാന്നിധ്യമുണ്ടോയെന്നാണ് അന്വേഷിക്കുക. മീഥേന്റെ സാന്നിധ്യമുണ്ടെങ്കിലെ ജീവന്‍ ഉണ്ടാകൂ. ഗ്രഹത്തിന്റെ കൂടുതല്‍ പഠനകളും ചിത്രങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

ഭൂമിയുടെ ഭ്രമണപഥത്തില്‍ പി എസ് എല്‍ വി മംഗള്‍യാനെ വിക്ഷേപിക്കും. തുടര്‍ന്ന് മംഗള്‍യാന്‍ 300 ദിവസത്തെ യാത്രക്ക് ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഐ എസ് ആര്‍ ഒയുടെ കണക്കുകൂട്ടല്‍. ദൗത്യം വിജയിച്ചാല്‍ റഷ്യക്കും അമേരിക്ക്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുന്ന രാജ്യമായിരിക്കും ഇന്ത്യ.

വിക്ഷേപണത്തിന് മുമ്പുള്ള എട്ട് മണിക്കൂര്‍ പ്രവര്‍ത്തനങ്ങളുടെ റിഹോഴ്‌സല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോഞ്ച് ഓതറൈസേഷന്‍ കമ്മിറ്റി ഇന്നലെ വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കിയിരുന്നു. കൗണ്ട്ഡൗണിന്റെ അവസാന 12 മിനിറ്റ് പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും.

മറ്റു രാജ്യങ്ങളുടെ ചൊവ്വ പര്യവേക്ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറിയ തുക ഉപയോഗിച്ചുള്ള ചൊവ്വ ദൗത്യമാണിത്. പദ്ധതിയുടെ ചെലവ് 450 കോടി രൂപയാണ്.