Connect with us

Gulf

ഇളവ് കാലം അവസാനിച്ചു; ഇന്ന് മുതല്‍ പരിശോധന

Published

|

Last Updated

ജിദ്ദ: നിതാഖാത് പദ്ധതി നടപ്പാക്കുന്നതിന് അനുവദിച്ച ഇളവ് കാലം അവസാനിച്ചു. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥ സംഘങ്ങള്‍ രാജ്യമൊട്ടാകെയുള്ള വ്യാപക പരിശോധനക്ക് ഇന്നു മുതല്‍ തുടക്കം കുറിക്കും. സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുക. പ്രത്യേക വനിതാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വീടുകളില്‍ കയറിയുള്ള പരിശോധന ഉണ്ടാകുമെന്ന വാര്‍ത്ത തൊഴില്‍ മന്ത്രാലയ വക്താവ് നിഷേധിച്ചു.
പദവി ശരിയാക്കുന്നതിനും എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി എത്തിയവരുടെ വന്‍ തിരക്കാണ് ജവാസാത്ത്, മക്തബുല്‍ അമല്‍, തര്‍ഹീല്‍ കേന്ദ്രങ്ങളില്‍ ഇന്നലെ അനുഭവപ്പെട്ടത്. അതേസമയം, ധാരാളം അപേക്ഷകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളതിനാല്‍ ഇളവ് സമയം ഒരിക്കല്‍ കൂടി നീട്ടിത്തരണമെന്ന് സഊദിയോട് പാക്കിസ്ഥാന്‍ എംബസി ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിതാഖാത്ത് പരിശോധന പൂര്‍ത്തിയാക്കുന്നതിനും നിയമലംഘകരായ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനും മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. രാജ്യം മുഴുവന്‍ ഒരേസമയം പരിശോധനകള്‍ നടക്കുമെങ്കിലും തരംതിരിക്കല്‍ പ്രക്രിയ ദിവസങ്ങള്‍ കൊണ്ട് അവസാനിക്കില്ല. പരിശോധന സമ്പൂര്‍ണമാകുന്നതു വരെ ഇടവേളകളില്ലാതെ തുടരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബ് അല്‍ അന്‍സി വ്യക്തമാക്കി. രേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവരെ പിടികൂടിയാല്‍ തടവ് ശിക്ഷക്കും പിഴക്കുമൊപ്പം അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
അതിനിടെ, ജിദ്ദ മഹ്ജറില്‍ വിദേശികള്‍ നടത്തുന്ന കടകളില്‍ പകുതിയോളം അടച്ചിട്ടു. ബനൂമാലിക്കിലും നാല്‍പ്പത് ശതമാനത്തോളം വര്‍ക്ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകളും ഇന്ന് മുതല്‍ തുറക്കില്ലെന്ന് അവിടെ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മലയാളിയായ ഷൈന്‍ പറഞ്ഞു.

Latest