Connect with us

Articles

വി എസിന്റെ നഷ്ടം

Published

|

Last Updated

ലാവ്‌ലിന്‍ കേസില്‍ തിരുവനന്തപുരത്തെ സി ബി ഐ പ്രത്യേക കോടതി നടത്തിയ വിധിപ്രസ്താവം ഏറ്റവും നഷ്ടമുണ്ടാക്കിയത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ്. വിധി കേട്ട പാടെ അദ്ദേഹം ആകെ തളര്‍ന്നു. ടെലിവിഷന്‍ ക്യാമറകളെ നേരിടാന്‍ മടിച്ചു. അവസാനം വളരെ പ്രയാസത്തോടെ ക്യാമറകളുടെ മുമ്പില്‍ നിന്നപ്പോള്‍ മുഖം കനത്തുവീര്‍ത്തു. വിധിയെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ വി എസ് ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു: “”മുമ്പ് ഞാന്‍ പറഞ്ഞതൊക്കെ ഈ വിധിയോടെ അപ്രസക്തമായിരിക്കുന്നു””. നിരുപാധികം കീഴടങ്ങുകയായിരുന്നു വി എസ്.
എ കെ ജി സെന്ററില്‍ പിണറായി വിജയനെ പൊതിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും ടെലിവിഷന്‍ ക്യാമറകളും പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും. പിണറായി പുതിയൊരു ശക്തിയോടെ വരികയാണ്. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി അദ്ദേഹത്തെ ചുറ്റി വരിഞ്ഞുനിന്നിരുന്ന ലാവ്‌ലിന്‍ ബാധ വിട്ടൊഴിഞ്ഞു പോയിരിക്കുന്നു. കമലാ ഇന്റര്‍നാഷനല്‍, ടെക്‌നിക്കാലിയ, ദീപക് കവാര്‍ എന്നിങ്ങനെ നുണക്കഥകളുടെ കെട്ടുപാടുകളില്‍ നിന്ന് പിണറായി മോചിതനായിരിക്കുന്നു. എ കെ ജി സെന്ററിലും പുറത്ത് തെരുവീഥികളിലും നാടൊട്ടുക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ കന്റോണ്‍മെന്റ് ഹൗസിന്റെ വാതിലുകള്‍ പൂട്ടിക്കിടന്നു. ഉള്ളില്‍ വി എസ് തനിയെ. ആരോടും ഒന്നും പറയാതെ, പുറത്തിറങ്ങാതെ ഒറ്റപ്പെട്ടുകഴിഞ്ഞുകൂടി.
കേസില്‍ പിണറായിവന്‍ വിജയം നേടിയപ്പോള്‍ വി എസ് സ്വയം പരാജയം ഏറ്റുവാങ്ങിയതെന്തിന്? പിണറായിയെ വേട്ടയാടാന്‍ വി എസ് മുന്നിട്ടിറങ്ങിയതും ആ നീക്കം തകര്‍ന്നു തരിപ്പണമായതും തീര്‍ച്ചയായും കാരണമാകാം. പക്ഷേ, എന്തിന് അങ്ങനെയൊരു നീക്കം നടത്തി? ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ ഒഴിവായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വി എസ് തന്നെയാണ് പിണറായി വിജയന്റെ പേര് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിര്‍ദേശിച്ചത്. “വിജയനാകട്ടെ സെക്രട്ടറി” എന്ന് അദ്ദേഹം ഉറക്കെ പറയുകയായിരുന്നു. എല്ലാവരും പിന്താങ്ങി. വി എസിനെതിരെ പാര്‍ട്ടിയില്‍ ഒരു ശബ്ദം പോലും ഉയരുമായിരുന്നില്ല അന്ന്. പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ക്കാരും എം എ ബേബിയും തോമസ് ഐസക്കുമൊക്കെ അന്ന് വി എസിന്റെ സ്വന്തം ആള്‍ക്കാരായിരുന്നു.
വി എസും പിണറായിയും തമ്മില്‍ അകന്നതെങ്ങനെ? ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ പാര്‍ട്ടിക്കാര്‍ക്കും കഴിയുന്നില്ല. ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. വി എസിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടുണ്ടാകില്ല. എപ്പോഴും പാര്‍ട്ടിയിലെ കരുത്തനായിരുന്നു വി എസ് അച്യുതാനന്ദന്‍. 1980 മുതല്‍ 92 വരെ പാര്‍ട്ടി സെക്രട്ടറി. പിന്നീട് പ്രതിപക്ഷ നേതാവ്. ഇടതു മുന്നണി കണ്‍വീനര്‍, മുഖ്യമന്ത്രി എന്നീ പദവികളിലെല്ലാം പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനത്ത് തന്നെയായിരുന്നു അദ്ദേഹം. എപ്പോഴും പാര്‍ട്ടി നേതാക്കളെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തി. കൂട്ടത്തോടെ പുറത്താക്കി. കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിങ്ങനെ മുതിര്‍ന്ന നേതാക്കളെയൊക്കെ വെട്ടിനിരത്തി. പക്ഷേ, പിണറായി മാത്രം വി എസിന്റെ ചൊല്‍പ്പടിക്ക് നിന്നില്ല. പൊരുതി നിന്നു. മുറിവേറ്റിട്ടും തളരാതെ.
ആരുടെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആളല്ല പിണറായി. “എെന്തടാ” എന്നാരെങ്കിലും ചോദിച്ചാല്‍ “എന്തെടാ” എന്ന് തിരിച്ചുചോദിക്കുന്നവന്‍. താന്‍ സെക്രട്ടറിയാക്കിയ ആള്‍ പാര്‍ട്ടില്‍ പിടി മുറുക്കുന്നത് കണ്ട് വിഷമിച്ചു നിന്നു വി എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സെക്രട്ടറിയുടെ ശക്തിയും അധികാരവും സ്വാധീനവും വി എസിന് നന്നായറിയാം. പാര്‍ട്ടിയുടെ നിയന്ത്രണം കൈവിട്ടു പോകുകയാണെന്നു വി എസിന് മനസ്സിലായി. പാര്‍ട്ടിയുടെ നിയന്ത്രണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടില്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു.

pinarayi-vijayan

എന്നും വി എസിന്റെ ലക്ഷ്യമായിരുന്നു മുഖ്യമന്ത്രി സ്ഥാനം. പക്ഷേ, പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് പലപ്പോഴും കൈ വിട്ടുപോയി. 1987ല്‍ അധികാരമേറിയ നായനാര്‍ സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടപ്പോഴാണ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വന്നത്. 1991 ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പില്‍ 14ല്‍ 12 ജില്ലകളിലും ഇടതു മുന്നണി ജയിച്ചു. നല്ല അവസരമെന്ന് കണക്കുകൂട്ടി സര്‍ക്കാര്‍ രാജി വെച്ച് തിരഞ്ഞെടുപ്പിന് പോകണമെന്ന് വി എസ് നിര്‍ദേശം മുന്നോട്ട് വെച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തവരെ പ്രാകി പല്ലിറുമ്മിക്കൊണ്ട് വി എസ് പറഞ്ഞു: “പാര്‍ലിമെന്ററി വ്യാമോഹികള്‍”. നായനാര്‍ക്ക് കാലാവധി തീരും മുമ്പേ രാജി വെക്കേണ്ടിവന്നു. പക്ഷേ, വി എസിന് ഭാഗ്യം തെളിഞ്ഞില്ല. 1991 മെയ് 21ന് രാജീവ് ഗാന്ധി മനുഷ്യ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതാണ് വിനയായത്. ജൂണ്‍ 12-ാം തീയതി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയത് 89 സീറ്റ്. ജൂണ്‍ 24ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1991ല്‍ വീണ്ടുമൊരു തിരിച്ചടി വി എസ് നേരിട്ടു. കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാട് സമര്‍ഥമായി ഇടപെട്ടു. തോമസ് ഐസക് ഉള്‍പ്പെടെ 15 പേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ വി എസ് അപടകം പതിയിരിക്കുന്നത് കണ്ടില്ല. 15-ാം തീയതി ഉച്ചയോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഇ കെ നായനാര്‍ സെക്രട്ടറിയാകുന്നതാണ് കണ്ടത്. ആകെ തളര്‍ന്നുപോയ വി എസ് ഉടനെ കൊല്‍ക്കത്തക്ക് വിമാനം കയറി. ജ്യോതി ബസുവിന്റെ പിന്തുണയോടെ പ്രതിപക്ഷ നേതൃസ്ഥാനം തിരികെ വാങ്ങിയ വി എസ് പിന്നെ മുന്നോട്ട് തന്നെ കുതിച്ചു.
1996ല്‍ മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രി പദം കൈവിട്ടുപോയെങ്കിലും 2006ല്‍ അദ്ദേഹം ആ സ്ഥാനത്തെത്തുക തന്നെ ചെയ്തു. ഇതിനിടക്ക് 1998ല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയാകുകയും അധികം താമസിയാതെ ഇരുവരും തമ്മില്‍ ശത്രുത തുടങ്ങുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ടും വി എസിന്റെ മനസ്സ് മാറാത്തതെന്തേ? കേരളത്തില്‍ ഏത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും പാര്‍ട്ടിയാണ് അടുത്ത ആശ്രയം. പക്ഷേ, വി എസ് ഒരിക്കലും പാര്‍ട്ടിയെ ആശ്രയിച്ചില്ല. വി എസ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാകട്ടെ അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമെല്ലാം ചൊല്‍പ്പടിക്ക് നിര്‍ത്തിയിരുന്നു താനും. മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദന്‍ ഉപദേശകരായി സി ആര്‍ നീലകണ്ഠന്‍, കെ എം ഷാജഹാന്‍, പി സി ജോര്‍ജ് തുടങ്ങിയവരെ കൂടെ കൂട്ടി. ഇവരുടെ ബലത്തില്‍ പിണറായി വിജയനെതിരെ അങ്കത്തിനിറങ്ങി അദ്ദേഹം. ലാവ്‌ലിനായിരുന്നു പ്രധാന ആയുധം. സി എ ജി റിപ്പോര്‍ട്ടും ഉപദേശകരൊക്കെ നല്‍കിയ വിവരങ്ങളും മാറിമാറി ഉപയോഗിച്ചു. പക്ഷേ പിണറായി പാര്‍ട്ടിയില്‍ പിടി മുറുക്കുകയായിരുന്നു. അവിടെ വി എസ് ഒറ്റപ്പെട്ടു. ഷാജഹാനും പി സി ജോര്‍ജുമെല്ലാം വഴിയെ വി എസിനെ വിട്ടുപോകുകയും ചെയ്തു.
ഇപ്പോഴിതാ, കേസില്‍ നിന്ന് മോചിതനായി പിണറായി തല ഉയര്‍ത്തി നില്‍ക്കുന്നു. ഇനിയത്തെ ചോദ്യം വി എസിന്റെ ഭാവി എന്താകുമെന്നത് തന്നെ. ഡാറ്റാ സെന്റര്‍ കേസ് ഉമ്മന്‍ ചാണ്ടി സി ബി ഐക്ക് വിട്ടുകഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണ പിള്ളയുമൊക്കെ വി എസിനെ വീഴ്ത്താന്‍ കരുക്കള്‍ നീക്കുന്നു. വി എസിനെ നീക്കണമെന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ പോളിറ്റ് ബ്യൂറോ കമ്മീഷന്‍ അന്വേഷണം നടത്തി മടങ്ങിയിരിക്കുന്നു. വി എസിന് മുന്നിലെ ചോദ്യചിഹ്നം വളരുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇനി എത്ര നാള്‍?