Connect with us

Articles

ലെവിയാത്തന്‍ അഥവാ അധികാര കേന്ദ്രീകരണത്തിന്റെ തത്വശാസ്ത്രം

Published

|

Last Updated

മാന്‍ പവര്‍, മസില്‍ പവര്‍, മണി പവര്‍ ഈ മൂന്നുമാണ് രാഷ്ട്രീയാധികാരത്തിലേക്കുള്ള ഗോവണിപ്പടികള്‍ എന്ന് സിദ്ധാന്തവത്കരിച്ച ബ്രിട്ടീഷ് തത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനും ആയിരുന്നു തോമസ് ഹോബ്‌സ് (1588-1677) ആളൊരു പള്ളിവികാരിയുടെ മകനായിരുന്നുവെങ്കിലും ഈശ്വരവിശ്വാസം ലവലേശം ഇല്ലായിരുന്നു. കൈയിലിരിപ്പ് അത്ര നല്ലതല്ലാത്തതിനാല്‍ 1640ല്‍ ജനങ്ങളെ പേടിച്ചു പാരീസിലേക്കു പലായനം ചെയ്തു. ഇംഗ്ലണ്ടിന്റെ ഭാവി രാജാവാകാനിരുന്ന ചാള്‍സ് 11ാമനെ പാരീസില്‍ ഒളിപ്പിച്ചു താമസിപ്പിച്ചുകൊണ്ട് രാഷ്ട്രമീമാംസ പഠിപ്പിച്ചു. ഇംഗ്ലണ്ടില്‍ അക്കാലത്തുയുര്‍ന്നു വന്ന രാജവിരുദ്ധ ജനവികാരത്തെ എങ്ങനെ അമര്‍ച്ച ചെയ്യാം, രാജാവിന്റെ പരമാധികാരം എങ്ങനെ അരക്കിട്ടുറപ്പിക്കാം ഈ വക വിഷയങ്ങളില്‍ രാജകുമാരന് നല്ല ശിക്ഷണം ഹോബ്‌സ് കൊടുത്തു. അതിനായി അദ്ദേഹം സ്വാംശീകരിച്ച രാഷ്ട്രമീമാംസതത്വങ്ങള്‍ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ച പുസ്തകമാണ് “ലെവിയാത്തന്‍”(1651). ലെവിയാത്തന്‍ ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒരു ഭീകര കടല്‍ ജീവിയാണ്. രാജ്യത്തിന്റെ പരമാധികാരം കൈയാളുന്ന വ്യക്തി, സകല അധികാരങ്ങളും തന്നില്‍ മാത്രമായി കേന്ദ്രീകരിക്കണമെന്നും എന്തും വെട്ടിവിഴുങ്ങുന്ന ലെവിയാത്തന്‍ അഥവാ തിമിംഗലമായി മാറണണമെന്നും ആയിരുന്നു ഹോബ്‌സിന്റെ രാഷ്ട്രീയ വേദാന്തം. സ്വന്തം താത്പര്യം കഴിഞ്ഞേ മറ്റെന്തും പരിഗണിക്കാവൂ എന്നായിരുന്നു ഈ ഗുരുനാഥന്റെ പഠിപ്പിക്കല്‍.
ആധുനിക കാലത്ത് ഹോബ്‌സും അദ്ദേഹത്തിന്റെ ആശയങ്ങളും ശുദ്ധ അശ്ലീലമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഹൊബീഷ്യന്‍ എന്നാല്‍ ഇന്നര്‍ഥം അഴിമതിയുടെ സംസ്‌കാരം സ്വാംശീകരിച്ചവന്‍ എന്നാണ്. ഹോബ്‌സ് യൂറോപ്പിലെ രാജാക്കന്മാര്‍ക്ക് ഇത്തരം ഉപദേശങ്ങള്‍ നല്‍കുന്നതിന് എത്രയോ മുമ്പ് തന്നെ നമ്മുടെ ഇന്ത്യന്‍ രാജാക്കന്മാര്‍ ഈ ദര്‍ശനം കൃത്യമായി നടപ്പിലാക്കിത്തുടങ്ങിയിരുന്നു. രാജാക്കന്മാര്‍ തുലഞ്ഞുപോയിട്ടും അവര്‍ക്കു പിന്നാലെ വന്ന ജനാധിപത്യവാദികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് ശുദ്ധ ഹൊബീഷ്യന്മാരായി അരങ്ങ് വാഴുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഗുജറാത്തിലെ മോഡി മുസ്‌ലിംവിരോധം ജനങ്ങളില്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണെങ്കില്‍ കേരളത്തിലെ ഉമ്മന്‍ ചാണ്ടി ദരിദ്രരുടെ കണ്ണുനീരിനെ കൈമുതലാക്കിക്കൊണ്ടാണ് ജനാധിപത്യ സംസ്‌കാരത്തിലെ അധികാര വികേന്ദ്രീകരണ സങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ട് ഹൊബീഷ്യന്മാരാകാന്‍ ശ്രമിക്കുന്നത്.
ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ജനസമ്പരര്‍ക്ക പരിപാടിയാണ് ഉമ്മന്‍ ചാണ്ടി ജനപ്രീതിക്കുള്ള മുടക്കുമുതലായി വിനിയോഗിക്കുന്നത്. പരാതി പരിഹാരത്തിന് മാത്രം ഒരു ദര്‍ബാര്‍! തുടര്‍ച്ചയായി പതിനഞ്ച് മണിക്കൂര്‍ അധ്വാനം. തലേന്ന് പുലര്‍ച്ചെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ ജനസമ്പര്‍ക്ക വേദിയില്‍ രാത്രിയും പകലും മുഴുവന്‍ പാമ്പുകളോടൊപ്പം ജീവിക്കുന്ന ഒരു പാമ്പുവേലായുധനെപോലെ, സൈക്കിളില്‍ കയറിയാല്‍ പിന്നെ ഒരാഴ്ചവരെ അതില്‍ നിന്നിറങ്ങാതെ തീറ്റയും കുടിയും വിസര്‍ജനവും ഒക്കെ അതിലിരുന്നു തന്നെ നിര്‍വഹിക്കുന്ന തമിഴന്‍ ശിങ്കാരവടിവേലുവിനെപോലെ ശൂന്യതയില്‍ നിന്നും സ്വര്‍ണ ബിസ്‌കറ്റ് എടുക്കുന്ന ശ്രീ സത്യസായി ബാബയെപോലെ ഇങ്ങനെ എന്തിനോടാണ്, ആരോടാണ് ഈ പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞെന്ന മാന്ത്രിക മുഖ്യമന്ത്രിയെ ഉപമിക്കേണ്ടതെന്നറിയുന്നില്ല. പതിനയ്യായിരം പേരുടെ പരാതികളാണ് ഈ പതിനഞ്ച് മണിക്കൂര്‍ കൊണ്ട് ഈ ആള്‍ദൈവം പരിഹരിച്ചു കളഞ്ഞത്. എന്തൊരത്ഭുത സിദ്ധി! ഇദ്ദേഹത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിപദം തേടിവരാത്തതെന്താണ് എന്നാണ് പാവപ്പെട്ട പത്രം വായനക്കാരന്‍ വായ പൊളിച്ചിരുന്നാലോചിച്ചുപോകുന്നത്.
യേശുക്രിസ്തുപോലും ആകെ ചെയ്തത് മുപ്പത്തിനാല് അത്ഭുതപ്രവൃത്തികള്‍! അതുതന്നെ മുപ്പത്തിമൂന്ന് വര്‍ഷം കൊണ്ടായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ സത്യക്രിസ്ത്യാനികള്‍ ആരും വിശുദ്ധ വേദപുസ്തകത്തിലെ താഴെ പറയുന്ന ചിത്രം ഓര്‍ത്തുപോകും. “”ജനബാഹുല്യം നിമിത്തം യേശുവിന്റെ അടുക്കല്‍ എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന് മുകളിലുള്ള മേല്‍ക്കൂര പൊളിച്ച് ഒരു വിടവുണ്ടാക്കി അവര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാത രോഗിയോട് പറഞ്ഞു: “മകനേ എഴുന്നേറ്റ് നിന്റെ കിടക്കയും എടുത്തു വീട്ടിലേക്കു പോകുക.” തത്ക്ഷണം അയാള്‍ എഴുന്നേറ്റ് എല്ലാവരും കാണ്‍കെ കിടക്കയും എടുത്തു പുറത്തേക്കു പോയി. ഇത് കണ്ട് അവരെല്ലാവരും അത്ഭുതപ്പെട്ടു” (ബൈബിള്‍ മാര്‍ക്കോസ് 2:12). സ്‌ട്രെച്ചറില്‍ കിടത്തി ജനസമ്പര്‍ക്ക പരിപാടിയിലേക്കും ചലനശേഷി നഷ്ടപ്പെട്ട മനുഷ്യരെ വളരെ കഷ്ടപ്പെട്ട് ഉന്തിക്കൊണ്ടുപോകുന്നതല്ലാതെ അവരാരും തിരികെ കിടക്കയെടുത്ത് നടന്നു പോകുന്നത് കാണുകയുണ്ടായില്ല. അത്തരക്കാര്‍ക്കെല്ലാം 1000, 1500, 3000 വരെ തുകയുടെ ചെക്ക് നല്‍കിയതായാണ് വാര്‍ത്താചാനലുകള്‍ പറഞ്ഞത്. ഇത്ര ചെറിയ ഒരു കാര്യത്തിനാണോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഈ മാമാങ്കം നടത്തുന്നത്?
വളരെ ചെറിയ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രിക്കു വിശ്വാസമുള്ള കീഴുദ്യോഗസ്ഥന്മാര്‍ ആരും ഇല്ലെന്നാണോ നമ്മള്‍ ധരിക്കേണ്ടത്? ചീഫ് സെക്രട്ടറി മുതല്‍ വില്ലേജ് ഒഫീസര്‍ വരെ നീളുന്ന അനേകം ബ്യൂറോക്രാറ്റുകളും (ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാര്‍ എന്ന് മലയാളം) അവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷത്തില്‍ പരം ഭൂതഗണങ്ങളും സര്‍ക്കാറില്‍ നിന്നും പ്രതിമാസം ശമ്പളം പറ്റുന്നതെന്തിനായിരിക്കും? ഇവരാകെ അഴിമതിക്കാരും കെടുകാര്യസ്ഥരും ആണെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കരുതുന്നുവെങ്കില്‍ അങ്ങനെ ആകട്ടെ. നമുക്കിവിടെ ചില തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളൊക്കെയുണ്ടല്ലോ, കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍, ഇവരുടെ ഒക്കെ ജനസമ്പര്‍ക്കത്തിനെന്തുപോരായ്മയാണുള്ളത്. എന്ന് വിശദീകരിക്കാന്‍ ഉള്ള ബാധ്യതയെങ്കിലും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ആരാധകരോ നിറവേറ്റണം. താഴെ തലങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകാതെ വരുമ്പോള്‍ ജനങ്ങള്‍ മഹാരാജാവിനെ സമീപിക്കുകയും അദ്ദേഹത്തെ കൊണ്ടു സങ്കട പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന രാജവാഴ്ചക്കാലത്തെ പുനഃസൃഷ്ടിക്കാനാണോ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ 66-ാം പിറന്നാള്‍ ആഘോഷിച്ചതിന് ശേഷവും കോണ്‍ഗ്രസ് പാര്‍ട്ടി പരിശ്രമിക്കുന്നത് ? അതുകൊണ്ടായിരിക്കണമല്ലോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണ് കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജിച്ച മുഖ്യമന്ത്രിയെന്ന വായ്ത്താരി ചില കോണ്‍ഗ്രസ് നേതാക്കളും അവരെ അനൂകൂലിക്കുന്ന ചില പത്രങ്ങളും നടത്തുന്നത്.
ജനസമ്പര്‍ക്ക പരിപാടി എന്ന ഒരു നൂതന നമ്പര്‍ കണ്ടുപിടിച്ച യു എന്‍ അവാര്‍ഡ് വരെ ഒപ്പിച്ചെടുത്ത ഈ മുഖ്യമന്ത്രി പ്രതിപക്ഷത്തുനിന്നും രൂക്ഷമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമ്പോഴും സര്‍ക്കാറിന്റെ സകല ശേഷികളും പ്രയോജനപ്പെടുത്തി ജില്ല തോറും നടത്തുന്ന അത്ഭുതരോഗശാന്തി ശുശ്രൂഷയില്‍ പതിനായിരങ്ങള്‍ ഒത്തുകൂടുന്നത് മുഖ്യമന്ത്രിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയുടെ അടയാളമാണത്രെ. ഇതു തന്നെയല്ലേ തമിഴ്‌നാട്ടില്‍ ജയലളിതാ മാഡവും കരുണാനിധിയും ഒക്കെ ജനപിന്തുണയാര്‍ജിക്കാന്‍ കെട്ടിയാടിയ കൂടിയാട്ടങ്ങള്‍. ജനങ്ങള്‍ക്ക് സൗജന്യ അരി, സാരി, ടി വി, രാജ്യത്ത് നിലവിലുള്ള നിയമങ്ങളേയും അവ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്മാരേയും വെറും നോക്കികുത്തികളാക്കിക്കൊണ്ട് ഇത്തരം കഞ്ഞിവീഴ്ത്തല്‍ പരിപാടികളും പബ്ലിസിറ്റി സ്റ്റണ്ടുകളും നടത്തി രാജ്യത്ത് സോഷ്യലിസം വരുത്താമെന്ന് വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ സ്ഥിരതാമസമാക്കിയവരാകാനേ തരമുള്ളൂ. ഇത് അധികാര ദുര്‍വിനിയോഗമാണ്. അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കലാണ്. അഴിമതിയാണ്; കൈക്കൂലിയുടെ മറ്റൊരു രൂപമാണ്.
കേരള മുഖ്യമന്ത്രി തനിക്കെതിരെ വളര്‍ന്നു വരുന്ന ജനരോഷത്തെ മറികടക്കാന്‍ തന്റെ ആവനാഴിയിലെ ഒടുക്കത്തെ ആയുധമായ ജനസമ്പര്‍ക്ക പരിപാടിയുടെ കൊടിക്കൂറ പാറിച്ച് അതീവ സുരക്ഷയോടെ കണ്ണൂരിലെ പോലീസുകാരുടെ ഏതോ കലാപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് യാത്രാമധ്യേ കാറിന് ഏറുകൊണ്ടതും ചില്ലുപൊട്ടി അദ്ദേഹത്തിന് പരിക്കേറ്റതും. സരിതയും ശാലു മേനോനും കവിതാ പിള്ളയും ഒക്കെ തത്കാലം കര്‍ട്ടനു പിന്നിലേക്ക് വലിഞ്ഞു. ഇപ്പോള്‍ ഇതാണ് മാധ്യമങ്ങള്‍ അലക്കിക്കൊണ്ടിരുന്നത്. തത്ക്ഷണ പ്രതികരണത്തിന്റെ കുത്തകാവകാശം സ്വന്തമാക്കിയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സുഗതകുമാരി ടീച്ചറും സാംസ്‌കാരിക നായകന്മാരും യഥാസമയം ഞെട്ടുകയും അപലപിക്കുകയും ഒക്കെ ചെയ്തു. മുഖ്യമന്ത്രിക്കു തത്കാലം രണ്ടുമൂന്ന് ദിവസത്തെ വിശ്രമം. ഭാര്യയും മകളും കൊച്ചുമകനുമൊക്കെ ആയി സൈ്വരസല്ലാപത്തിന് കിട്ടിയ ഒരു കനകാവസരം! ഇതെല്ലാം ടി വി ചാനലുകള്‍ നമുക്ക് കാണിച്ചു തന്നു.
കല്ലേറുകൊണ്ട മുഖ്യമന്ത്രി പോലീസ് അസോസിയേഷന്റെ പരിപാടിയില്‍ അര മണിക്കൂര്‍ പ്രസംഗിച്ചു. തങ്ങളുടെ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലൊന്നും സംഘാടകര്‍ യാതൊരു മാറ്റവും വരുത്തിയില്ല. പരിപാടിയുടെ സമാപനത്തില്‍ അവര്‍ ഉഗ്രന്‍ ഒരു കരിമരുന്നു പ്രയോഗം തന്നെ നടത്തി. മുഖ്യമന്ത്രിക്കേറു കൊണ്ടതില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന് സി പി എം ജില്ലാ സെക്രട്ടറി, പി ജയരാജന്‍ അതിനൊരു കമന്റും പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ ക്യാമറയില്‍ പതിയാതെ പോയത് മാധ്യമങ്ങള്‍ നിലയുറപ്പിച്ചത് സമരക്കാരുടെ ഇടയിലായിരുന്നു എന്നതിനാലാണ്. സമരക്കാരുടെ എണ്ണം കഷ്ടിച്ച് ആയിരത്തില്‍ താഴെ. സമരക്കാരുടെ പ്രതിരോധം നേരിടാന്‍ എത്തിയത് 1057 പോലീസുകാര്‍. എന്നിട്ടും എറിയാന്‍ വന്നവന്‍ എറിഞ്ഞിട്ടുപോയി. അതാരാണെന്നോ അയാളെന്തിനിത് ചെയ്തു എന്നോ നമ്മള്‍ പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത ആഭ്യന്തര വകുപ്പിനാണ്. അവരുടെ കൈയില്‍ ക്യാമറയും മുമ്പിലും പിമ്പിലും പോലീസ് വണ്ടികളും ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് ഇതില്‍ ഒരു പഴയ കെ എസ് യു കളിയുടെ മണം പരക്കുന്നത്.
സംഘടിതമായി പ്രതിഷേധിക്കാനും പ്രക്ഷോഭം നയിക്കാനും ശേഷിയുള്ള ഒരു രാഷ്ട്രീയ കക്ഷിയും ലോകത്തൊരിടത്തും ഏതെങ്കിലും നേതാക്കന്മാരെ വ്യക്തിപരമായി ആക്രമിച്ച ചരിത്രം കേട്ടിട്ടുപോലും ഇല്ല. അതിനാഗ്രഹം ഉണ്ടെങ്കില്‍ പോലും അതവരുടെ സംഘടിത ശക്തിക്കു തിരിച്ചടിയാവുകയേ ഉള്ളൂ എന്നാര്‍ക്കാണറിയാത്തത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ വരെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വധിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും ചെയ്തത് സംഘടനാശേഷിയുള്ള ഏതെങ്കിലും പ്രസ്ഥാനങ്ങളായിരുന്നില്ല. പിന്നെയോ സ്വന്തം അമര്‍ഷം ഉള്ളില്‍ അടക്കിയ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു. സ്വയം ചാവേറുകളാകാന്‍ സന്നദ്ധരായ അത്തരം വ്യക്തികള്‍ തുനിഞ്ഞിറങ്ങിയാല്‍ ഏത് സുരക്ഷാ സംവിധാനങ്ങളേയും മറി കടന്നുകൊണ്ട് അവര്‍ക്കത് ചെയ്യാന്‍ കഴിയും. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഒന്നും വധിക്കപ്പെട്ടത് അവരുടെ വിമര്‍ശകരായ എതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശപ്രകാരമായിരുന്നില്ല. കേരളത്തില്‍ തന്നെ ഭരണാധികാരികള്‍ക്കെതിരെ കായികാക്രമണം നടന്നിട്ടുണ്ട്. ദിവാന്‍ സി പി രാമസ്വാമിയുടെ മൂക്കിന് തന്നെ ഒരിക്കല്‍ വെട്ടേല്‍ക്കുകയുണ്ടായി. സി എച്ച് മുഹമ്മദ് കോയയെ തലശ്ശേരി ടി ബിയില്‍ വെച്ച് ഒരു വ്യക്തി ചെരുപ്പ് ഊരി കരണത്തടിച്ച സംഭവം ഉണ്ടായി. ഇതെല്ലാം ഒറ്റപ്പെട്ട വ്യക്തികളുടെ സാഹസിക ശ്രമങ്ങളായിരുന്നു. കൊല്ലം എം പി പിതാംബരക്കുറുപ്പ് എന്ന വിശ്വാമിത്രന്റെ തപസ്സിളക്കാന്‍ ശ്വേതാ മേനോന്‍ എന്ന “ദേവലോകസുന്ദരി” പ്രത്യക്ഷപ്പെട്ടതും ചാനലുകള്‍ അതിന് പിന്നാലെ പാഞ്ഞതും പി കൃഷ്ണ പിള്ള സ്മാരക മന്ദിരത്തിന് തീവെച്ചതുപോലും, എല്ലാം ലക്ഷ്യം പിഴച്ച വെടിപോലെ കലാശിച്ചു. പാവം ഉമ്മന്‍ ചാണ്ടി! ഇനി ദൈവം തുണ.
ഏതായാലും ഈ ഏറു പരിപാടി ആസൂത്രണം ചെയ്തവര്‍ ഒരു വെടിക്ക് ഒന്നിലേറെ പക്ഷികളെ വീഴ്ത്തിയിരിക്കുന്നു. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ അക്രമികളാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കാന്‍ ഒരവസരം കൂടാതെ കണ്ണൂരിലെ മുഖ്യ കോണ്‍ഗ്രസ് നേതാവിന്റെ മുഖ്യശത്രുവായ ആഭ്യന്തരമന്ത്രിയെ ആഞ്ഞടിക്കുന്നതിന് കിട്ടിയ ഒരു വടി. ഈ സാധ്യതകള്‍ തത്പര കക്ഷികള്‍ പരമാവധി ആഘോഷിക്കുക തന്നെ ചെയ്തു.

ഫോണ്‍- 9446268581