Connect with us

Kerala

റബ്ബറിന്റെ വിലയിടിവ്: സംസ്ഥാനത്ത് കര്‍ഷക കുടുംബങ്ങള്‍ വലയുന്നു

Published

|

Last Updated

കൊല്ലം: റബ്ബര്‍ വിലയിലുണ്ടായ വന്‍ തകര്‍ച്ച ഗ്രാമീണ മേഖലകളിലെ കര്‍ഷക കുടുംബങ്ങളെ ദുരിതത്തിലാക്കി. ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള വരുമാനത്തിലുണ്ടായ ഗണ്യമായ കുറവ് കര്‍ഷക കുടുംബങ്ങളെ കടക്കെണിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍ റബ്ബര്‍ കൃഷി നടത്തിവരുന്നത് നാമമാത്ര കര്‍ഷകരാണ്. തോട്ടങ്ങള്‍ ഈ മേഖലയില്‍ വിരളമാണ്. സ്വന്തം കൃഷിയിടങ്ങളില്‍ നൂറോ ഇരുന്നുറോ റബ്ബര്‍ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഏറെയും. ഒരു കുടുംബത്തിലെ കൂട്ടായ അധ്വാനത്തിലൂടെയാണ് ഇത്രയും റബ്ബര്‍ മരങ്ങള്‍ നട്ടുനനച്ച് വളര്‍ത്തി പാകമാക്കിയെടുക്കുന്നത്. ഇതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് ഓരോ കുടുംബത്തിന്റെയും നിലനില്‍പ്പുതന്നെ സാധ്യമാകുന്നത്. പത്ത് വര്‍ഷം മുമ്പുവരെ നാളീകേരമായിരുന്നു ഗ്രാമീണ കുടുംബങ്ങളുടെ ഏക വരുമാന മാര്‍ഗം. തെങ്ങുകള്‍ക്ക് രോഗം പടര്‍ന്നുപിടിക്കുകയും നാളീകേരത്തിന് വിലയില്ലാതാകുകയും ചെയ്തതോടെ കര്‍ഷകര്‍ തെങ്ങു കൃഷി ഉപേക്ഷിക്കുകയും റബ്ബര്‍ കൃഷിയിലേക്ക് തിരിയുകയുമായിരുന്നു. നെല്‍കൃഷിയും നഷ്ടമായതോടെ കിഴക്കന്‍ മേഖലയിലെ ഏല നിലങ്ങള്‍ പോലും റബ്ബര്‍ കൃഷിക്ക് വഴിമാറി.

ആദ്യ കാലങ്ങളില്‍ റബ്ബറിന് വലിയ വില ലഭിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകള്‍ കുറവായിരുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് വില വര്‍ധിക്കുകയും അതിനനുസൃതമായി അനുബന്ധ ചെലവുകള്‍ വര്‍ധിക്കുകയും ചെയ്തതിനു ശേഷം ഇപ്പോഴുണ്ടായിട്ടുള്ള വില ഇടിവാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. 2011-2012 വര്‍ഷങ്ങളില്‍ റബ്ബര്‍ ഷീറ്റ് കിലോക്ക് 240 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോഴത്തെ വില ശരാശരി 145 രൂപയാണ്. റബര്‍ വില 240 രൂപയായി ഉയര്‍ന്നപ്പോള്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും വിലയും കൂലിയും വര്‍ധിച്ചിരുന്നു.

കര്‍ഷക തൊഴിലാളികളുടെ കൂലിയും റബ്ബര്‍ വെട്ടുന്നതിന്റെയും ഷീറ്റടിക്കുന്നതിന്റെയും കൂലിയും രാസവളങ്ങളുടെയും ആസിഡിന്റെയും വിലയും ഈ കാലയളവില്‍ ഇരട്ടിച്ചിരുന്നു. റബ്ബര്‍ ഷീറ്റ് വില 145 വരെയായി കുറഞ്ഞിട്ടും ഇരട്ടിച്ച മറ്റ് കാര്യങ്ങളിലെ വില അതേ പടി തുടരുകയാണ്. പല കുടുംബങ്ങളും റബ്ബര്‍ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബര്‍ ബോര്‍ഡില്‍ നിന്നോ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ലോണെടുത്ത് കൃഷിയിറക്കിയവരാണ് ഗ്രാമീണ മേഖലകളിലെ കര്‍ഷകരില്‍ ഭൂരിപക്ഷവും. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഈ കുടുംബങ്ങളെല്ലാം.
കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ ഇറക്കുമതി നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ചില സംഘടനകള്‍ സമര പരിപാടികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വന്‍കിട തോട്ടമുടമകള്‍ ഈ വിഷയത്തില്‍ ഗൗരവമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. നാമമാത്ര കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചിട്ടില്ല.

പത്ത് തൈ റബ്ബര്‍ നട്ട് ഉപജീവനം നടത്തുന്നവര്‍ തോട്ടമുടകളുമായുള്ള ചര്‍ച്ചകളില്‍പ്പോലും കക്ഷിയാകില്ല. സര്‍ക്കാറിന്റെ ചര്‍ച്ചകളിലും ഇവര്‍ക്ക് ഇടമുണ്ടാകില്ല.

 

Latest