Connect with us

International

നിതാഖാത്ത് പരിശോധനക്കിടെ റിയാദില്‍ സംഘര്‍ഷം; രണ്ട് മരണം

Published

|

Last Updated

റിയാദ്: സഊദിയിലെ നിതാഖാത്ത് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അനധികൃത താമസക്കാരേയും നിയമലംഘകരേയും പിടികൂടുന്നതിന് വേണ്ടിയുള്ള പോലീസ് പരിശോധനക്കിടെ റിയാദില്‍ സംഘര്‍ഷം. റിയാദിനടുത്ത് മന്‍ഫൂഅയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എത്യോപ്യന്‍ പൗരന്‍മാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടയില്‍ എത്യോപ്യക്കാര്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സഊദി പോലീസ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കല്ലേറില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് പരിശോധനക്കെത്തിയ പോലീസിന് നേരെ എത്യോപ്യക്കാര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു എത്യോപ്യക്കാരാന്‍ കൊല്ലപ്പെടുകയും ചെയ്തു.
മന്‍ഫൂഅയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അധികൃതമായി നടത്തിവരുന്ന പലകടകളും ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. പല കടകളും അക്രമികള്‍ കൊള്ളയടിച്ചതായും മന്‍ഫൂഅയില്‍ താമസിക്കുന്ന മലയാളിയായ ദൃക്‌സാക്ഷി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് മുതല്‍ അര്‍ധ രാത്രി വരെ ഈ പ്രദേശം അക്രമികളുടെ കൈയിലായിരുന്നു. പോലീസ് വാഹനമുള്‍പ്പടെ തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്യാതെ ഇന്നലെ വൈകുന്നേരം വരെ റോഡില്‍ തന്നെയായിരുന്നു. റോഡില്‍ രക്തം തളംകെട്ടിയ പാടുകളുമുണ്ട്.
അതിനിടെ, അനധികൃത താമസക്കാരായ എത്യോപ്യക്കാരെ കെട്ടിട ഉടമകള്‍ ബന്ധപ്പെട്ട് താമസസ്ഥലത്തുനിന്ന് ഒഴിവാക്കാന്‍ തുടങ്ങി. ഇതോടെ ആയിരക്കണക്കിന് എത്യോപ്യക്കാര്‍ മന്‍ഫൂഅ നഗരത്തില്‍ തമ്പടിച്ചിരിക്കുകയാണ്. എത്യോപ്യന്‍ എംബസിയുടെ സഹായത്തോടെ അനധികൃത താമസക്കാരെ പോലീസ് ബസുകളില്‍ കയറ്റിക്കൊണ്ടുപോയി. വിദേശികള്‍ തിങ്ങിത്താമസിക്കുന്ന മന്‍ഫൂഅയില്‍ ഭൂരിഭാഗവും എത്യോപ്യക്കാരും ആഫ്രിക്കക്കാരുമാണ്. അതിര്‍ത്തി ചാടിക്കടന്നും ഉംറ വിസയിലെത്തിയും ഇവിടെ സ്ഥിരതാമസമാക്കിയവരാണ് ഭൂരിഭാഗവും. ഇവരില്‍ കുടുംബ സമേതം താമസിക്കുന്നവരും ഇവിടെ ജനിച്ചുവളര്‍ന്നവരുമുണ്ട്. ഇവരെ പിടികൂടി പൂര്‍ണമായും ഒഴിവാക്കുന്നതിന് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
റിയാദ് ഉപ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന്‍ സംഭവ സ്ഥലത്തെ സുരക്ഷാ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതേസമയം, നിയമലംഘകര്‍ക്കെതിരെ പരിശോധന ശക്തമായി തുടരുമെന്നും ആര്‍ക്കും വിട്ടുവീഴ്ച നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.