Connect with us

Kerala

'സുപ്രഭാത'ത്തെ വീണ്ടും ലീഗ് തള്ളി

Published

|

Last Updated

കോഴിക്കോട്: ചേളാരി വിഭാഗം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സുപ്രഭാതം പത്രവുമായി ബന്ധപ്പെട്ട് സംഘടനയിലും ലീഗ് നേതാക്കള്‍ക്കിടയിലുമള്ള അവ്യക്തത തുടരുന്നു. ദിനപത്രത്തിനായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനമുള്ള പരസ്യം ചന്ദ്രിക നിഷേധിച്ചു. സുപ്രഭാതം പ്രഖ്യാപന സമ്മേളനം ലീഗ് നേതാക്കളും പാണക്കാട് കുടുംബവും ബഹിഷ്‌ക്കരിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സുപ്രഭാതം എന്ന് ഒഴിവാക്കി ഇഖ്‌റഅ് പബ്ലിക്കേഷന്റെ പേരിലാണ് പരസ്യം നല്‍കിയത്. ഇന്നലെ പുറത്തിറങ്ങിയ മാധ്യമത്തില്‍ “ഒരുദിന വരുമാനം സുപ്രഭാതത്തിന്” എന്നാണ് പരസ്യം നല്‍കിയിട്ടുളളത്. ചന്ദ്രികയില്‍ ഇത് “ഒരുദിന വരുമാന സമാഹരണം” എന്ന് മാത്രമാണുള്ളത്.

ആഗസ്റ്റ് 1 ന് പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്രത്തിന് പ്രവര്‍ത്തകരില്‍ നിന്ന് ഒരു ദിവസത്തെ വരുമാനം സമാഹരിക്കുന്നു എന്നാണ് ചേളാരി വിഭാഗം നല്‍കിയ പരസ്യത്തിന്റെ ഉള്ളടക്കത്തിലുള്ളത്. എന്നാല്‍ ചന്ദ്രികയില്‍ ഇത് ആഗസ്റ്റ് 1 ന് ആരംഭിക്കുന്ന സംരംഭത്തിന് പ്രവര്‍ത്തകരില്‍ നിന്ന് ഒരു ദിവസത്തെ വരുമാനം സമാഹരിക്കുന്നു എന്നാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നിവരാണ് പരസ്യത്തില്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്. പത്രവുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ ഇറക്കിയ പരസ്യം രണ്ട് തരത്തില്‍ പ്രസിദ്ധീകരിച്ച് വന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയകുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. നേരത്തെ പത്രം ഇറക്കുമെന്ന് ചേളാരി വിഭാഗം പ്രഖ്യാപിച്ചത് മുതല്‍ ലീഗ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയുള്ള പരസ്യമായിട്ടും ചന്ദ്രിക പൂര്‍ണതോതില്‍ പ്രസിദ്ധീകരിക്കാത്തത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

 

Latest