Connect with us

Articles

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്റെ പഠനവും

Published

|

Last Updated

സങ്കീര്‍ണമായ ഇക്കോളജിക്കല്‍ പ്രാധാന്യം, കാലാവസ്ഥാ വ്യതിയാനത്തിലുള്ള പങ്ക്, ഭൂമിശാസ്ത്രപരമായ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ പശ്ചിമഘട്ടത്തിന്റെ നാശം അതിഭീകരമായ പരിസ്ഥിതി നാശത്തിലാണെത്തിക്കുക. ഈ പൈതൃക പ്രധാന്യമുള്ള മലനിരകളില്‍ മനുഷ്യന്റെ ആക്രമണോത്സുക കടന്നാക്രമണം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്നു എന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2010 മാര്‍ച്ചില്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി പശ്ചിമ ഘട്ട ഇക്കോളജിക്കല്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിലെ പ്രൊഫസറായ മാധവ് ഗാഡ്ഗില്‍ ലോകം അംഗീകരിച്ച ജൈവവൈവിധ്യ ശാസ്ത്രജ്ഞനാണ്. പശ്ചിമ ഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥ, ഈ മേഖലയില്‍ 1986ലെ പരിസ്ഥിതി നിയമം അനുശാസിക്കുന്ന പ്രകാരം ഏതെല്ലാം പ്രദേശങ്ങള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണം, പശ്ചിമ ഘട്ട ഇക്കോളജി അതോറിറ്റി സ്ഥാപിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയ വിഷയങ്ങളെ പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ തുടങ്ങിയവയായിരുന്നു സമിതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍.
ഈ പശ്ചാത്തലത്തിലാണ് താപി താഴ്‌വര മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ടത്തിന്റെ ഒരു ലക്ഷത്തി എഴുപത്തിനാലായിരത്തി എഴുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പ്രൊഫ. ഗാഡ്ഗിലും സസംഘവും പഠനവിധേയമാക്കിയത്. പശ്ചിമഘട്ടത്തിന് തമിഴ്‌നാട്ടില്‍ ഏറ്റവും വീതി കൂടിയ 210 കിലോമീറ്റര്‍ ഭാഗവും മഹാരാഷ്ട്രയില്‍ 48 കിലോമീറ്റര്‍ മാത്രം വീതിയുള്ള പ്രദേശവും ഉണ്ട്. മോഹന്‍ റാം കമ്മിറ്റി റിപ്പോര്‍ട്ട്, സുപ്രീം കോടതി വിധികള്‍, നാഷനല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ്‌ലൈഫ്, സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് സമിതി കണക്കിലെടുത്തിരുന്നു. സാറ്റലൈറ്റ് ഇമേജറി, ശാസ്ത്രീയമായ വിവരശേഖരണം, സ്ഥല സന്ദര്‍ശനം, പ്രാദേശിക ജനവിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങിയവ അടിസ്ഥാനമാക്കി പഠനം നടത്തി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍, പശ്ചിമ ഘട്ടത്തിന്റെ “ശരിയായ ഗുണഭോക്താക്കളായ” റിസോര്‍ട്ട് മാഫിയകള്‍, ഖനി മുതലാളിമാര്‍, തടി വ്യവസായികള്‍, പാറമട, മെറ്റല്‍ ക്രഷര്‍ ഉടമകള്‍, റോഡ് കോണ്‍ട്രാക്ടര്‍മാര്‍, അണക്കെട്ട് നിര്‍മാണ രംഗത്തുള്ളവര്‍, എസ്റ്റേറ്റ് ഉടമസ്ഥര്‍, എം സാന്‍ഡ് മണ്ണ് മാഫിയകള്‍, വന്‍കിട ഹോട്ടല്‍ വ്യാപാരികള്‍, രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാര്‍ തുടങ്ങി എല്ലാവരുടെയും സമ്മര്‍ദത്തിന് വഴങ്ങി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതാനായി സ്‌പെയ്‌സ് സാങ്കേതിക വിദഗ്ധനായ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ 10 അംഗ ഉന്നതതല കര്‍മ സമിതിയെ നിയമിച്ചു പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി.
പ്ലാനിംഗ് കമ്മീഷന്‍ അംഗമായ കസ്തൂരിരംഗന്‍ ഒരു ഇക്കോളജി വിദഗ്ധനൊന്നുമല്ല. ഇന്നത്തെ പശ്ചിമ ഘട്ടത്തിന്റെ അവസ്ഥയെക്കുറിച്ച് ആധികാരികമായ ഒരു പഠനം നടത്താതെ 2013 ഏപ്രില്‍ 15ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുസ്ഥിര വികസനവും തുല്യ വികസനവും പശ്ചിമ ഘട്ടത്തെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ സാധ്യമാകുമെന്നതായിരുന്നു ഉന്നത കര്‍മസമിതിയുടെ പഠനവിഷയം. ഇത് ഡബ്ലിയു ജി ഇ ഇ പിയുടെ പഠനവിഷയങ്ങളില്‍ നിന്ന് വളരെ വിഭിന്നമാണ്. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനോ ആ നിര്‍ദേശങ്ങള്‍ വേണ്ട വിധത്തില്‍ പഠനവിധേയമാക്കാനോ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല കര്‍മസമിതിക്ക് സാധിച്ചില്ല. ഇതിന് പ്രധാന കാരണം കസ്തൂരി രംഗന്‍ സമിതിക്ക് ഇക്കോളജിയെക്കുറിച്ചും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള പ്രായോഗിക പരിജ്ഞാനമില്ല എന്നതാണ്. മാത്രമല്ല, ഈ മേഖലയില്‍ വേണ്ടത്ര പഠനങ്ങള്‍ അവര്‍ നടത്തിയില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഉന്നത തല കര്‍മ സമിതിയെ നിയമിക്കാന്‍ കാരണക്കാരായ ഒരു പറ്റം ആളുകളെ സമാധാനിപ്പിക്കാനായിരുന്നുവെന്നത് രണ്ട് റിപ്പോര്‍ട്ടുകളും വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകും. ക്രമാതീതമായ പ്രകൃതി ചൂഷണം മൂലം പശ്ചിമ ഘട്ടത്തിന് എന്തു സംഭവിച്ചുവെന്ന് കസ്തൂരിരംഗന്‍ മറച്ചുവെച്ചു. വനം കൊള്ളക്കാര്‍ റോഡ് വെട്ടിയും തടി വെട്ടിയും നശിപ്പിച്ച കാടുകളുടെ നിജസ്ഥിതി, നിയമവിരുദ്ധമായി കെട്ടിയിരിക്കുന്ന റിസോട്ടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയുടെ വിവരങ്ങള്‍, അനധികൃതമായി തുരന്നെടുക്കുന്ന ഗ്രാനൈറ്റ്, കല്‍ക്കരി, ഇരുമ്പയിര്, മണ്ണ്, കരിങ്കല്ല് എന്നിവയുടെ അളവും വ്യാപ്തിയും വിനോദസഞ്ചാരത്തിന്റെ പേരില്‍ പശ്ചിമ ഘട്ട മലടമടക്കുകളില്‍ നടക്കുന്ന ഭൂമി കൈയേറ്റം, ഏലമലക്കാടുകളില്‍ കാടിന്റെ അടിത്തട്ട് വെട്ടിത്തെളിയിച്ച് ഏലം, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നീ കൃഷികള്‍ നടത്തി നശിപ്പിച്ച നിത്യഹരിതവനങ്ങളുടെ നിജസ്ഥിതി, മെറ്റല്‍ ക്രഷറുകള്‍, പാറമടകള്‍, കുടിവെള്ള കമ്പനികള്‍, ആദിവാസികളുടെ മറവില്‍ നടത്തുന്ന ചൂഷണങ്ങള്‍, കഞ്ചാവ് കൃഷി, ലക്ഷക്കണക്കിന് ലിറ്റര്‍ കീടനാശിനികളുടെ സഞ്ചാര പഥം, മണ്ണൊലിപ്പ്, മലയിടിച്ചില്‍, ഉരുള്‍ പൊട്ടല്‍, ജൈവവൈവിധ്യനാശം, വന്യജീവിക്കടത്ത്, ഔഷധ സസ്യ ഉന്‍മൂലനം തുടങ്ങിയവയെക്കുറിച്ചൊന്നും പരാമര്‍ശമില്ല. വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമായ നിബിഡ വനങ്ങളുടെ കണക്ക് കസ്തൂരിരംഗന്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചു.
കോര്‍പ്പറേറ്റ് ലോബിക്കായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുക എന്നത് ജനങ്ങളെയും ഭാവി തലമുറയെയും കബളിപ്പിക്കലാണ്. അതത് ഗ്രാമസഭകള്‍ ഓരോരോ സമൂഹത്തിനും വേണ്ട വികസനം തീരുമാനിക്കട്ടെ എന്ന പ്രൊഫ. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസ്‌ക്തമായ ഭാഗമാണ് കസ്തൂരിരംഗന്‍ ഒഴിവാക്കിയത്. ഒട്ടനവധി പണാധിപത്യ ശക്തികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗൂഢ നീക്കങ്ങള്‍ നടത്തിയതിന്റെ തെളിവാണ് പതിറ്റാണ്ടുകളായി ഹൈ റേഞ്ചില്‍ കാര്‍ഷിക വൃത്തി നടത്തി ഉപജീവനം നടത്തുന്ന സാധാരണ കര്‍ഷകരെ കുടിയിറക്കാന്‍ ഗാഡ്ഗില്‍ നിര്‍ദേശിച്ചിരിക്കുന്നുവെന്ന വ്യാജ പ്രചാരണം.
ഹൈ റേഞ്ചില്‍ വന്ന മാറ്റങ്ങള്‍ പ്രകൃതിക്കേറ്റ മുറിപ്പാടുകളാണെന്ന് മനസ്സിലാക്കാത്ത ഹൈറേഞ്ച് കര്‍ഷകര്‍ വിരളമാണ്. ഇന്നത്തെ നിരക്കില്‍ ഹൈറേഞ്ച് ചൂഷണം തുടരുകയാണെങ്കില്‍ ഹൈറേഞ്ച് ജീവിതം അവസാനിപ്പിക്കേണ്ടിവരും. വനനാശം രൂക്ഷമായതിനാല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ വേട്ടയാടുന്നതും സര്‍വസാധാരണമായിരിക്കുന്നു. അതിശക്തമായ രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും ഹൈറേഞ്ചിലെ മണ്ണിന്റെ ഗുണനിലവാരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഉത്തരാഞ്ചലിലുണ്ടായ പോലുള്ള മിന്നല്‍ പ്രളയവും മലയിടിച്ചിലും ഏത് നിമിഷവും സംഭവിക്കാമെന്ന് ഹൈറേഞ്ചിലെ സാധാരണ കര്‍ഷകര്‍ ഭയപ്പെടുന്നുണ്ട്. ഹൈറേഞ്ചിലെ അണക്കെട്ടുകളുടെ ആധിക്യം ജലബോംബുകള്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ ഹൈറേഞ്ച് നിവാസികള്‍. ഇന്നത്തെ രീതിയിലുള്ള പശ്ചിമ ഘട്ട വിഭവ ചൂഷണം നിയന്ത്രിക്കണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഏതിരഭിപ്രായമില്ല. സാധാരണ കര്‍ഷകന്റെ ഈ വികാരമാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.
നടന്നത് നടന്നു; ഇനി എന്ത് വേണം, എന്ത് വേണ്ട എന്നാണ് റിപ്പോര്‍ട്ടില്‍ മാധവ് ഗാഡ്ഗില്‍ അക്കമിട്ട് നിരത്തിയത്. ഹൈറേഞ്ചിന്റെ ഇന്നത്തെ സ്ഥിതിക്ക് മാറ്റം വേണമെന്നങ്കില്‍ എന്ത് വേണം എന്നതായിരുന്നു ഗാഡ്ഗിലിനെ പഠനത്തിന് നിയോഗിക്കുമ്പോള്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം മുന്നോട്ട് വെച്ചത്. പക്ഷേ, ബാഹ്യ ശക്തികള്‍ക്ക് വഴങ്ങുന്ന പരിസ്ഥിതി മന്ത്രിയും പരിവാരങ്ങളും വന്നതിന് ശേഷമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്തിനാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ കസ്തൂരിരംഗന്‍ സമതിയെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ചതെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നു. 2013 ഒക്‌ടോബര്‍ 19ന് കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ ഒക്‌ടോബര്‍ 23ന് കേരള സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കയാണ്. ഇതെല്ലാം കണ്ട് കേരളത്തിലെ ജനങ്ങള്‍ അന്ധാളിച്ചിരിക്കയാണ്. സമിതികളെ വീണ്ടും വീണ്ടും നിയമിച്ച് ഉത്തരവിറക്കുമ്പോള്‍ ചോര്‍ന്നുപോകുന്നത് പശ്ചിമ ഘട്ട സംരക്ഷണമെന്ന ആത്യന്തിക ലക്ഷ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പഠനം നടത്താന്‍ ഒരു സമിതിയെ വെക്കുക. ശേഷം അതിനെ നേര്‍പ്പിക്കാന്‍ വേറൊരു കമ്മിറ്റിയെ നിയോഗിക്കുക, അതിനെ പറ്റി പഠിക്കാന്‍ മൂന്നാമതൊരു സമിതിയെ നിയമിക്കുക. വിചിത്രമായ കലാപരിപാടിയായി ഇത് തുടരുകയാണ്. സാധാരണ ജനങ്ങള്‍ എന്നും കബളിപ്പിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും വന്‍കിട കുത്തക മുതലാളിമാരോടൊപ്പം ചേര്‍ന്ന് പ്രകൃതിയെ, കുടിവെള്ള ലഭ്യതയെ, കാലാവസ്ഥയെ എന്നെന്നേക്കുമായി സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന കുടില തന്ത്രങ്ങളാണ് ഈ സമിതി നിയോഗിക്കലിലൂടെ സംജാതമാകുന്നത്. ഭരണം ജനങ്ങളില്‍ നിന്ന് അകലുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കേരള സര്‍ക്കാറിന്റെ അനാവശ്യ ആവലാതികളും സമിതി നിര്‍മാണവും.

Latest