Connect with us

National

മുസാഫര്‍നഗര്‍: പതിനായിരം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുസാഫര്‍നഗറില്‍ കലാപത്തിന് ഇരകളായവരില്‍ പതിനായിരം പേര്‍ ഇപ്പോഴും ക്യാമ്പില്‍ കഴിയുകയാണെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. അഭയാര്‍ഥികളായി 58 ക്യാമ്പുകളില്‍ എത്തിയ 50955 പേരില്‍ 41000 പേര്‍ തിരികെ പോയതായി യു പി സര്‍ക്കാര്‍ അറിയിച്ചു.
പത്ത് ക്യാമ്പുകളിലായി പതിനായിരം പേര്‍ കഴിയുന്നുണ്ടെന്ന് ശഹരണ്‍പൂര്‍ ഡിവിഷനല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച തത്സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളില്‍ സുരക്ഷാ ഭീഷണിയുണ്ടാകില്ലെന്ന് ആത്മവിശ്വാസം പകര്‍ന്നിട്ടും ഇവര്‍ തിരിച്ചുപോകുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തെ തുടര്‍ന്നുണ്ടായ അങ്ങേയറ്റത്തെ ഭയമാണ് ഇതിന് കാരണം. തിരിച്ചുപോകാന്‍ കൂട്ടാക്കാത്ത ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് പി സദാശിവം നേതൃത്വം നല്‍കുന്ന ബഞ്ച് ഈ മാസം 21ന് റിപ്പോര്‍ട്ട് പരിഗണിക്കും. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 581 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച 61 പേരുടെയും കുടുംബങ്ങള്‍ക്ക് മൊത്തം 6.15 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ 35 പേര്‍ക്ക് 17.50 ലക്ഷം രൂപയും സാരമായി പരുക്കേറ്റ 47 പേര്‍ക്ക് 9.40 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 1.49 കോടി രൂപയാണ് അനുവദിച്ചത്. മരിച്ച 56 പേരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. ചികിത്സാ സൗകര്യം അടക്കം ക്യാമ്പുകളില്‍ സര്‍ക്കാര്‍ നടത്തിയ തയ്യാറെടുപ്പുകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിരവധി ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. കഴിഞ്ഞ മാസം 30ന് നാല് പേര്‍ വീണ്ടും കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണത്തില്‍ തൃപ്തമാകാതെ സ്വതന്ത്ര സംഘത്തെ നിയമിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സെപ്തംബര്‍ ഏഴ്, എട്ട് തീയതികളില്‍ മുസാഫര്‍നഗര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലുണ്ടായ കലാപത്തില്‍ 61 പേരാണ് കൊല്ലപ്പെട്ടത്.

Latest