Connect with us

Editors Pick

ഒരു കിലോ ഉപ്പിന് വില 150 രൂപ

Published

|

Last Updated

പാറ്റ്‌ന: ഉപ്പിന് വില നൂറ്റമ്പത് രൂപ. ബീഹാറിലാണ് ഒരു കിലോഗ്രാം ഉപ്പ് ലഭിക്കണമെങ്കില്‍ നൂറ്റമ്പത് രൂപ നല്‍കേണ്ടത്. അവശ്യ വസ്തുവായ ഉപ്പ് ആവശ്യത്തിന് ലഭിക്കാന്‍ ഇല്ലെന്ന അഭ്യൂഹം പരന്നതോടെയാണ് വില നൂറ്റമ്പത് വരെ ഉയര്‍ന്നത്. എന്നാല്‍, സംസ്ഥാനത്ത് ഉപ്പ് കിട്ടാനില്ലെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. വേണ്ടത്ര ഉപ്പ് കിട്ടാനില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്യാം റസാഖ് പറഞ്ഞു.
ആവശ്യത്തിന് ഉപ്പ് വരും ദിവസങ്ങളില്‍ ലഭിക്കില്ലെന്ന വാര്‍ത്ത പരന്നതോടെ ബീഹാറിലെ സമസ്തിപൂര്‍, മധുഭാനി, ഷോഹാര്‍ തുടങ്ങിയ ജില്ലകളില്‍ അമ്പത് മുതല്‍ നൂറ്റമ്പത് രൂപ വരെ നല്‍കിയാണ് ഒരു കിലോഗ്രാം ഉപ്പ് ആളുകള്‍ വാങ്ങിയത്. അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത വന്നത്. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കരിഞ്ചന്തയില്‍ നിന്ന് വന്‍ തുക ചെലവാക്കി ഉപ്പ് വാങ്ങരുതെന്ന് ജനങ്ങളോട് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്ന് മന്ത്രി ശ്യാം റസാഖ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാറിന് അപകീര്‍ത്തി വരുത്തുന്നതിനായി പ്രതിപക്ഷമായ ബി ജെ പി നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മന്ത്രി ആരോപിച്ചു. സര്‍ക്കാറിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.