Connect with us

Ongoing News

മികച്ചത് സച്ചിന്റെ ഇന്നിംഗ്‌സ് : പുജാര

Published

|

Last Updated

മുംബൈ: താനും രോഹിത് ശര്‍മയും നേടിയ സെഞ്ച്വറിയേക്കാള്‍ മികവുറ്റതായിരുന്നു സച്ചിന്റെ 74 റണ്‍സ് ഇന്നിംഗ്‌സെന്ന് ചേതേശ്വര്‍ പുജാര. മൂന്ന് ഇന്നിംഗ്‌സുകളില്‍ വെച്ചേറ്റവും പ്രിയങ്കരമായത് സച്ചിന്റെതാണ്. ടീമിന് ആവശ്യമുള്ളപ്പോഴായിരുന്നു സച്ചിന്‍ സമ്മര്‍ദത്തിനടിപ്പെടാതെ റണ്‍സടിച്ചത്. അവസാന മത്സരത്തില്‍ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് വന്നിട്ടും സച്ചിന്‍ അതൊന്നും കാര്യമാക്കാതെ അനായാസം കളിച്ചു. അത്ര എളുപ്പമുള്ള സാഹചര്യമല്ല ഇത്. ആരുമൊന്ന് പതറിപ്പോകും – പുജാര പറഞ്ഞു.
സച്ചിനൊപ്പം കുറേ നേരം കളിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമാണ്. അദ്ദേഹത്തിന്റെ അവസാന ഇന്നിംഗ്‌സെന്ന പ്രത്യേകതയുമുണ്ട്. ടെസ്റ്റില്‍ ആദ്യ അര്‍ധസെഞ്ച്വറി നേടുമ്പോള്‍ മറ്റേയറ്റത്ത് സച്ചിനായിരുന്നു. ഇന്നലെയും അതാവര്‍ത്തിച്ചു. സച്ചിന്റെ അവസാന ബാറ്റിംഗ് പങ്കാളിയാകാനും തനിക്ക് സാധിച്ചു. മത്സരത്തിനിടെ ലഭിച്ച സാങ്കേതിക ഉപദേശം വിലപ്പെട്ടതായിരുന്നു. ഔട്ട് സ്വിംഗറുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ വലത് ഷോള്‍ഡര്‍ കൃത്യമാക്കാനാവശ്യപ്പെട്ടത് സച്ചിനാണ്. അദ്ദേഹം നല്‍കിയ ടിപ്‌സ് മറക്കാന്‍ സാധിക്കില്ല. പതിനഞ്ച് ടെസ്റ്റുകളേ ഞാന്‍ കളിച്ചിട്ടുള്ളൂ. ഈയൊരു അനുഭവത്തില്‍ നിന്ന് മനസ്സിലായി സച്ചിന്‍ ഇന്ത്യന്‍ ടീമിലെത്തുന്ന യുവാക്കള്‍ക്ക് എത്രമാത്രം പ്രചോദനവും സഹായവുമാണെന്ന് – പുജാര വൈകാരികമായി പറഞ്ഞു.
അവസാന ടെസ്റ്റ് ഇന്നിംഗ്‌സിന് സച്ചിന്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയില്ല. എന്നുമുള്ളതു പോലെ തന്നെ. മറ്റൊന്നിലേക്കും ശ്രദ്ധ പോകരുത്. ക്രീസില്‍ ചെന്ന് സ്‌കോര്‍ ചെയ്യുന്നതില്‍ മാത്രമാകണം ഏകാഗ്രതയെന്ന് സച്ചിന്‍ ഉപദേശിച്ചത് പുജാര മനസ്സില്‍ സൂക്ഷിക്കുന്നു. രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് മികച്ച മറ്റൊരു ഇന്നിംഗ്‌സ്. വി വി എസ് ലക്ഷ്മണ്‍ വാലറ്റക്കാരുടെ സഹായത്താല്‍ പൊരുതുന്ന കാഴ്ച ഓര്‍മ വന്നു രോഹിതിന്റെ കളി കണ്ടപ്പോള്‍. തന്റെ മികച്ച ഫോം പുജാരയെ സന്തോഷിപ്പിക്കുന്നു. സ്ഥിരത നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.

Latest