Connect with us

Articles

പാര്‍ട്ടി ഫണ്ടുകളുടെ ഉറവിടം തേടുമ്പോള്‍

Published

|

Last Updated

അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കു ലഭിക്കുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഒരു പൊതുതാത്പര്യ ഹരജിയില്‍ ജസ്റ്റിസുമാരായ എന്‍ പ്രദീപ്, വി കെ റാവു എന്നിവര്‍ ഉള്‍പ്പെട്ട ഡല്‍ഹി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. പാര്‍ട്ടിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന പരാതിയില്‍ അതേക്കുറിച്ച് അന്വേഷിക്കാനും ഡിസംബര്‍ 10നു മുമ്പ് അന്വേഷണ പുരോഗതി അറിയിക്കാനുമാണ് കോടതി ഉത്തരവ്. അടുത്ത കാലത്ത് രൂപവത്കൃതമാകുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ വെല്ലുവിളി ഉയര്‍ത്തുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്യുന്ന ആം ആദ്മിക്ക് കനത്ത തിരിച്ചടിയാണ് ഈ അന്വേഷണം. അന്നാ ഹസാരെ നേതൃത്വം കൊടുത്ത സമരത്തില്‍നിന്നു പിരിച്ച പണം വകമാറ്റിയാണ് കെജ്‌രിവാള്‍ ഫണ്ട് സ്വരൂപിച്ചതെന്ന് അന്നായുടെ അനുയായികള്‍ ആരോപിക്കുകയും സ്രോതസ്സ് അന്വേഷിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതടക്കം പലരും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അമേരിക്ക, ബ്രിട്ടന്‍, ഹോങ്കോംഗ്, കാനഡ, ആസ്‌ട്രേലിയ, യു എ ഇ, സഊദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യാക്കാരില്‍ നിന്ന് മാത്രമേ പണം വാങ്ങിയിട്ടുള്ളുവെന്നുമാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയുടെ വിശദീകരണം. 10 ലക്ഷത്തില്‍ കൂടുതലുള്ള സംഭാവനകള്‍ പാര്‍ട്ടിയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചശേഷമാണ് സ്വീകരിച്ചതെന്നും ഗുപ്ത പറയുകയുണ്ടായി. മറ്റു പല പാര്‍ട്ടികളും വിദേശത്ത് നിന്നടക്കം ഇതിനേക്കാള്‍ കൂടുതല്‍ പണം സ്വരൂപിച്ചിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്നും അദ്ദേഹം ചോദിക്കുന്നു.
ഗുപ്തയുടെ ചോദ്യം ന്യായമാണ്. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്ന ആദ്യത്തെ പാര്‍ട്ടിയല്ല ആം ആദ്മി. പല പ്രമുഖ പാര്‍ട്ടികള്‍ക്കും വന്‍തോതില്‍ പാര്‍ട്ടി ഫണ്ടുകളുണ്ട്. അവയില്‍ നല്ലൊരു പങ്കിന്റെയും ഉറവിടം വിദേശ രാഷ്ടങ്ങളാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 10 പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ അറിയപ്പെടുന്ന വരുമാനം 2,490 കോടി രൂപ വരും. ഇതില്‍ 80 ശതമാനവും ലഭിച്ചത് കോണ്‍ഗ്രസിനും ബി ജെപി ക്കുമായിരുന്നു. 2007-08 മുതല്‍ 2011-12 വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വരുമാനം അന്വേഷിച്ചു ഹരിയാനയിലെ വിവരാവകാശനിയമ പ്രവര്‍ത്തകനായ രമേശ് വര്‍മ നല്‍കിയ ഹരജിയിലാണ് ആദായ നികുതി വകുപ്പ് ഇത് വെളിപ്പെടുത്തിയത്. ഈ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് 1385.36 കോടി രൂപ ലഭിച്ചു. ബി ജെപി ക്കു 682 കോടി, എന്‍ സി പിക്ക് 141.34 കോടി, ബി എസ് പിക്ക് മുന്ന് വര്‍ഷം കൊണ്ട് 147.18 കോടി, സി പി എമ്മിന് നാല് വര്‍ഷം കൊണ്ട് 85.61 കോടി, സി പി ഐക്ക് രണ്ട് വര്‍ഷം കൊണ്ട് 28.47 കോടി, ജെ ഡി യുവിന് ഒരു വര്‍ഷം കൊണ്ട് 15.51 കോടി എന്നിങ്ങനെ പോകുന്നു മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്ത് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളുടെ സമ്പാദ്യം ഇതിനേക്കാള്‍ കൂടുതല്‍ വരും. കോണ്‍ഗ്രസ് 1662 കോടി ബി എസ് പി 1226 കോടി, ബി ജെ പി 852 കോടി, സി പി എം 335 കോടി, സമാജ്‌വാദി പാര്‍ട്ടി 200 കോടി, എന്‍ സി പി 140 കോടിയുമാണ് ഇതടിസ്ഥാനത്തിലുള്ള പാര്‍ട്ടികളുടെ സമ്പാദ്യം. 1961ലെ ആദായ നികുതി വകുപ്പ് നിയമം സെക്ഷന്‍ എ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിനു നികുതി ബാധകമല്ലെന്ന കാര്യവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
രാജ്യത്തെ കുത്തക മുതലാളിമാരാണ് രാഷ്ട്രീയക്കാരുടെ മുഖ്യ വരുമാന സ്രോതസ്സ്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പണം നല്‍കിയത് ബിര്‍ളയായിരുന്നു. ബി ജെ പിക്ക് 16.6 കോടിയും കോണ്‍ഗ്രസിന് 30.6 കോടിയും ഈ വര്‍ഷം ബിര്‍ള നല്‍കിയപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ വിഹിതം യഥാക്രമം 4.1 കോടിയും 5.6 കോടിയുമായിരുന്നു. വന്‍കിട കുത്തകകളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സി പി എമ്മിന്റെ സമ്പാദ്യത്തിലുമുണ്ട് കോര്‍പ്പറേറ്റുകളുടെ വിഹിതമെന്നതാണ് വിരോധാഭാസം. ആന്ധ്രയിലെ 33 സ്വകാര്യ കമ്പനികളില്‍ നിന്നും കേരളത്തിലെ ജ്വല്ലറി ശൃംഖലയില്‍ നിന്നും സി പി എം സംഭാവന സ്വീകരിച്ചതായി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ലഭിച്ച വിവിരങ്ങളെ അവലംബിച്ചു ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭാവനകളുടെ സ്രോതസ്സ് വെളിപ്പുടുത്തുന്നതില്‍ എല്ലാ പാര്‍ട്ടികളും വിമുഖരാണ്. സംഭാവന നല്‍കിയവരില്‍ 90 ശതമാനം പേരുടെയും വിശദാംശങ്ങള്‍ ഒരു പാര്‍ട്ടിയും വെളിപ്പെടുത്തിയിട്ടില്ല. ബി ജെ പി 20 ശതമാനം പേരുടെയും കോണ്‍ഗ്രസ് ആറ് ശതമാനം പേരുടെയും വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. ബി എസ് പി സ്രോതസ്സ് തീരെ വെളിപ്പെടുത്തുന്നില്ല. സി പി എമ്മിന്റെ നിലപാടും ഇക്കാര്യത്തില്‍ ഒട്ടും സുതാര്യമല്ല. 2007 മുതല്‍ 2009 വരെ സംഭാവന നല്‍കിയവരില്‍ ഒരു ശതമാനം പേരുടെ വിവരങ്ങള്‍ മാത്രമാണ് പാര്‍ട്ടി വെളിപ്പെടുത്തിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് ആരൊക്കെയെന്ന് പൂര്‍ണമായും പരസ്യപ്പെടുത്താനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു മാര്‍ഗരേഖക്ക് രൂപം നല്‍കിയിട്ടുണ്ട്. പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് തടയാനായി ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയുമാണ്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥികള്‍ പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവില്‍ 20,000 രൂപയില്‍ താഴെ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പാര്‍ട്ടികള്‍ നല്‍കേണ്ടതില്ല. അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള സംഭാവനകള്‍ വര്‍ധിക്കാന്‍ ഇത് വഴിയൊരുക്കിയിരുന്നുവെന്ന് പരാതിയുണ്ട്. പുതിയ മാര്‍ഗ രേഖയനുസരിച്ചു സംഭാവന ചെറുതായാലും വലുതായാലും നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തേണ്ടിവരും. മാര്‍ഗരേഖയുടെ കരട് എല്ലാ കക്ഷികള്‍ക്കും അയച്ചുകൊടുത്തെങ്കിലും ദേശീയ പാര്‍ട്ടികള്‍ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല. നിരവധി സാധാരണക്കാരില്‍ നിന്ന് ലഭിക്കുന്ന സംഭാവനയാണ് പാര്‍ട്ടിയുടെ വരുമാനമെന്നും ഇത് പൂര്‍ണമായും വെളിപ്പെടുത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നുമാണ് സി പി എം ഉള്‍പ്പെടെ ദേശീയ കക്ഷികളുടെ നിലപാടെങ്കിലും ലിസ്റ്റില്‍ വിദേശ സ്രോതസ്സും കോര്‍പ്പറേറ്റുകളും ഉള്‍പ്പെടുന്നുണ്ടെന്നതാണ് യഥാര്‍ഥ കാരണം.
മത, സന്നദ്ധ സംഘടനകള്‍ വരുമാനക്കണക്ക് വെളിപ്പെടുത്താന്‍ അല്‍പ്പം താമസിച്ചാല്‍ ബഹളം വെക്കുകയും സ്രോതസ്സ് അന്വേഷിക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സ്വന്തം വരുമാന സ്രോതസ്സ് വെളിപ്പെടുത്തുന്നതിലുള്ള വിമുഖത അവരുടെ കാപട്യവും ഇരട്ട മുഖവുമാണ് അനാവരണം ചെയ്യുന്നത്. രാഷ്ട്രീയ ഫണ്ടുകളില്‍ ഹവാല ഉള്‍പ്പെടെ കള്ളപ്പണവും അധോലോക രാജാക്കന്മാരുടെതടക്കമുള്ള നിയമവിരുദ്ധ സമ്പാദ്യവുമുണ്ടെന്നാണ് വിവരം. ബോഫോഴ്‌സ് ആയുധ ഇടപാടുകളില്‍ കമ്മീഷനായി ലഭിക്കുന്ന പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ചെലവിന് ഉപയോഗിക്കാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തുന്ന സി ബി ഐ മുന്‍ ഡയറക്ടര്‍ ഡോ. എ പി മുഖര്‍ജിയുടെ പുസ്തകം പുറത്തിറങ്ങിയത് ഈയിടെയാണ്. കോണ്‍ഗ്രസിന്റെ അഴിമതിരാഷ്ടീയത്തിന്റെ വേരുകള്‍ ദശാബ്ദങ്ങള്‍ക്ക് പിന്നിലേക്ക് നീളുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. വന്‍കിടക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങുന്നത് ഒഴിവാക്കുകയായിരുന്നു ഇതിലുടെ രാജീവ്ഗാന്ധി ലക്ഷ്യം വെച്ചിരുന്നതെങ്കിലും, അഴിമതി വ്യക്തികളുടെതാകുമ്പോള്‍ അന്യായവും പാര്‍ട്ടി നടത്തുമ്പോള്‍ ന്യായവുമെന്ന സിദ്ധാന്തം അംഗീകരിക്കാനാകില്ലല്ലോ.

Latheeffaizy@gmail.com

Latest