Connect with us

Editors Pick

ഉള്‍നാടന്‍ മത്സ്യ സംരക്ഷണത്തിന് 'ഫിഷ് സാങ്ച്വറി' വരുന്നു

Published

|

Last Updated

കണ്ണൂര്‍: തദ്ദേശീയ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനായി സംസ്ഥാനത്ത് സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ (ഫിഷ് സാങ്ച്വറി) രൂപവത്കരിക്കുന്നു. തദ്ദേശീയ മത്സ്യയിനങ്ങളില്‍ ഏറെയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പരമ്പരാഗത മത്സ്യയിനങ്ങളെ സംരക്ഷിക്കാനും അവയെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനും പുതുതലമുറക്ക് ഇവയെ പരിചയപ്പെടുത്താനുമായി സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യജൈവ വൈവിധ്യം അതേപടി സംരക്ഷിക്കുകയെന്ന ഉദ്ദേശ്യം കൂടി ലക്ഷ്യമിട്ട് സംസ്ഥാനത്തെ തിരഞ്ഞെടുത്ത ജലാശയങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഫിഷ് സാങ്ച്വറിയായി രൂപാന്തരപ്പെടുത്തുക. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നത്.
കേരളത്തിന്റെ തനത് മത്സ്യങ്ങളായ കരിമീനും മഞ്ഞക്കൂരിയും വരാലും മുഷിയും ആറ്റുവാളയുമെല്ലാമടക്കം നൂറുകണക്കിന് വ്യത്യസ്ത മത്സ്യങ്ങളുള്ള ജലാശയങ്ങളായിരിക്കും സംരക്ഷിത സങ്കേതങ്ങളാക്കുക. ജലാശയങ്ങളിലെ പരമ്പരാഗത മത്സ്യസമൃദ്ധിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് ഇത്തരത്തിലുള്ള പ്രധാന കേന്ദ്രങ്ങള്‍ ഫിഷ് സാങ്ച്വറിയായി മാറ്റുക. സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇവിടെ നിന്ന് മത്സ്യബന്ധനം നടത്തുന്നതുള്‍പ്പെടെ നിരോധിക്കും. ഇവിടെ പരമ്പരാഗത മത്സ്യങ്ങളെ പരിചയപ്പെടാനും അവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുമുള്ള സംവിധാനങ്ങളും ഉണ്ടാകും.
കേരളത്തിലെ ജലാശയങ്ങളില്‍ നിന്ന് തീര്‍ത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മത്സ്യയിനങ്ങളെ ഇത്തരത്തിലൊരു പദ്ധതി വഴി മാത്രമേ സംരക്ഷിക്കാനാകൂയെന്നാണ് മത്സ്യമേഖലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ തുറകളില്‍ പ്രാവീണ്യം തെളിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അടങ്ങുന്ന വിദഗ്ധ സമിതി മത്സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്താണ് സങ്കേതങ്ങള്‍ കണ്ടെത്തുക.
കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തില്‍പ്പെട്ട പാമ്പുരുത്തിയില്‍ ഇതിനകം പ്രാഥമിക പരിശോധന നടത്തിക്കഴിഞ്ഞു. വേമ്പനാട്ട് കായലും അഷ്ടമുടി കായലും ശാസ്താംകോട്ട കായലും ദേശാടനപക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെടുത്തി രാംസര്‍ സൈറ്റുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യസമ്പത്തിന്റെ വളര്‍ച്ചക്ക് സംരക്ഷണം ആവശ്യമാണെന്ന് കാണുന്ന കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വിദേശവിപണിയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ചെങ്കണിയാന്‍, ആറ്റുണ്ട, ലോച്ചുകള്‍ തുടങ്ങിയ തദ്ദേശീയ മത്സ്യയിനങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ പുഴയില്‍ നിന്ന് ശേഖരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. ശുദ്ധജല മത്സ്യങ്ങളായ ഇവ പ്രധാനമായും പശ്ചിമഘട്ട മേഖലകളിലെ ബന്തടുക്ക, ചാലക്കുടി, ഇരിട്ടി പുഴകളിലാണ് കണ്ടുവരുന്നത്.
അശാസ്ത്രീയ രീതിയില്‍ ഇത്തരത്തിലുള്ളവയെ പിടികൂടുമ്പോള്‍ ഇവയുടെ കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്താതെ പാടെ നശിച്ചുപോകുകയാണ്. ഇത്തരം പരമ്പരാഗത മത്സ്യയിനങ്ങളുടെ വിത്തുകള്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള പ്രകൃതി സംരക്ഷണ സംഘടനയായ ഐ യു സി എന്‍ എന്നിന്റെ റെഡ് ഡാറ്റ ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ 64 മത്സ്യയിനങ്ങള്‍ വംശനാശ ഭീഷണിയിലാണ്. ഇവയിലേറെയും കേരളത്തിലുള്ളവയാണ്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest