Connect with us

Ongoing News

സംസ്ഥാനത്തെ തടവുകാരില്‍ 40 ശതമാനവും നിരപരാധികള്‍

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരില്‍ നാല്‍പ്പത് ശതമാനം പേരും നിരപരാധികളാണെന്ന് ജയില്‍ വകുപ്പ്. തടവിലുള്ള ഇരുപത് ശതമാനം പേര്‍ നിരപരാധികളാണെന്ന് ജയില്‍ ഡി ജി പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് രണ്ട് മാസം മുമ്പ് നടത്തിയ പ്രസ്താവനക്ക് ആധാരമാക്കിയ രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് ജയില്‍ വകുപ്പ് നല്‍കിയ മറുപടിയിലാണ് തടവുകാരില്‍ നാല്‍പ്പത് ശതമാനം പേരും നിരപരാധികളാണെന്ന് വ്യക്തമാക്കുന്നത്.

കേസുകളില്‍ കോടതി ശിക്ഷിക്കുന്നവരുടെ നിരക്ക് (കണ്‍വിക്ഷന്‍ റേറ്റ്) സംസ്ഥാനത്ത് 65 ശതമാനമാണ്. തടവിലടക്കപ്പെടുന്ന ശേഷിക്കുന്ന 35 ശതമാനം പേര്‍ നിരപരാധികളാണ്. സെപ്തംബര്‍ 27 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ ജയിലുകളില്‍ 4,663 തടവുകാരാണ് ഉള്ളത്. കണ്‍വിക്ഷന്‍ റേറ്റ് പ്രകാരം ഇതില്‍ 1,632 പേര്‍ നിരപരാധികളാണ്.
മാനസികരോഗം ബാധിച്ച 98 പേര്‍ വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നുണ്ട്. മാനസികരോഗികളായവര്‍ക്ക് ഫിറ്റ് ഫോര്‍ ട്രയല്‍ എന്ന ഡോക്ടറുടെ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ അവരുടെ കേസ് വിചാരണക്കെടുക്കുകയുള്ളൂ. ഭൂരിപക്ഷം മാനസിക രോഗികളെയും ജാമ്യത്തില്‍ എടുക്കാന്‍ ബന്ധുക്കള്‍ വരാറില്ല. അതിനാല്‍ ജയിലില്‍ കഴിയുന്ന മാനസികരോഗികളായ വിചാരണാ തടവുകാരും നിരപരാധികളാണ്. കൂടാതെ കരുതല്‍ തടങ്കലില്‍ ജയിലില്‍ കഴിയുന്ന അറുപതോളം പേര്‍ കുറ്റവാളികളാണെന്ന് പറയാന്‍ കഴിയില്ല. ശിക്ഷിക്കപ്പെട്ട് കഴിയുന്ന മാതാക്കളോടൊപ്പം രണ്ട് കുട്ടികളും വിചാരണാ തടവുകാരായ സ്ത്രീകളോടൊപ്പം കഴിയുന്ന ആറ് കുട്ടികളും നിരപരാധികളാണ്.
ഇതു കൂടാതെ കേസ് വാദിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ സാഹചര്യ തെളിവുകളില്‍ ശിക്ഷ വാങ്ങുന്നവരും യഥാര്‍ഥ കുറ്റവാളികള്‍ക്ക് വേണ്ടി കുറ്റം ഏറ്റ് ശിക്ഷ വാങ്ങുന്നവരുമടക്കമുള്ള നിരപരാധികളും ജയിലുകളിലുണ്ട്. ഇതനുസരിച്ച് നോക്കുമ്പോള്‍ ജയിലിലെ നിരപരാധികളുടെ എണ്ണം നാല്‍പ്പത് ശതമാനമാണ്. ജയില്‍ ഡി ജി പി മിതത്വം കൊണ്ടാണ് ഇരുപത് ശതമാനമെന്ന് ചുരുക്കിപ്പറഞ്ഞതെന്നും ജയില്‍ ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ ജോയ് സെബാസ്റ്റീന പുഷ്പം നല്‍കിയ മറുപടിയില്‍ പറയുന്നു.
എന്നാല്‍, നിരപാധികളായ തടവുകാരെ കുറിച്ച് ജയില്‍ ഡി ജി പി നടത്തിയ പ്രസ്താവനക്ക് ആധാരമായ ഫയലുകളൊന്നും ജയില്‍ വകുപ്പിലില്ലെന്ന് മറുപടിയില്‍ സമ്മതിക്കുന്നു. നിരപരാധികളായ തടവുകാര്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച കണക്ക് ഇതുവരെ എടുത്തിട്ടില്ല. കോടതി ആരെയൊക്കെയാണ് വെറുതെ വിടാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയാത്തതിനാല്‍ ഇത്തരമൊരു കണക്കെടുപ്പ് സാധ്യമല്ലെന്നും വിവരാവകാശ ഓഫീസര്‍ പറയുന്നു.