Connect with us

Kerala

ജസീറയുടെ സമരം: കേരളത്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജസീറയുടെ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. തീരമണല്‍ ഖനനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളെടുത്തു, ഈ വര്‍ഷം ഇതുവരെ മണലെടുപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ഈ കേസുകളില്‍ എന്ത് നടപടികളെടുത്തു തുടങ്ങിയ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

നേരത്തെ തേടിയ വിശദീകരണത്തിന് സംസ്ഥാന സര്‍ക്കാരും കണ്ണൂര്‍ കളക്ടറും നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മഷന്‍ പ്രതിനിധികള്‍ ജന്തര്‍മന്ദറിലെ സമരപന്തലിലെത്തി ജസീറക്ക് കൈമാറി. ഇതിന്മേല്‍ പത്ത് ദിവസത്തിനകം മറുപടി അറിയിക്കാന്‍ ജസീറയോടും ആവശ്യപ്പെട്ടു.

കണ്ണൂര്‍ നീരൊഴുക്കുംചാലില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോഴും നിലവിലുണ്ടോ?. പുതിയങ്ങാടി തീരദേശ ജനക്ഷേമ സമിതിയുടെയും, മാടായി പരിസ്ഥിതി സംരക്ഷണ സമിതിയുടെയും റിപ്പോര്‍ട്ട് മാത്രം കണക്കിലെടുത്ത് അനധികൃത മണല്‍ ഖനനത്തിന് നേരെ സര്‍ക്കര്‍ കണ്ണടച്ചോ?. ഈ റിപ്പോര്‍ട്ടിന് എന്ത് സാധുതയാണ് ഉളളത്?. പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ജസീറ നല്‍കിയ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത്? എന്നീ ചേദ്യങ്ങള്‍ക്കും നാലാഴ്ച്ചക്കകം മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത ഖനനത്തിനെതിരെ നടപടിയെടുത്തെന്ന് സര്‍ക്കര്‍ പറയുന്ന നിയമം കടല്‍ തീരങ്ങള്‍ക്ക് ബാധകമല്ലെന്നും നോട്ടീസില്‍ പറയുന്നു. ജസീറക്കെതിരായ മന്ത്രി അടൂര്‍ പ്രകാശിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടും സംസ്ഥാന റവന്യൂ സെക്രട്ടറിക്ക് കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.