Connect with us

Kerala

'യൗവ്വനം നാടിനെ നിര്‍മിക്കുന്നു' എസ് വൈ എസ് മിഷന്‍-2014 പ്രഖ്യാപന സമ്മേളനത്തിന് ഒരുക്കങ്ങളായി

Published

|

Last Updated

കോഴിക്കോട്: “യൗവ്വനം നാടിനെ നിര്‍മിക്കുന്നു” എന്ന തലക്കെട്ടില്‍ എസ് വൈ എസ് മിഷന്‍ 2014ന്റെ സംസ്ഥാനതല പ്രഖ്യാപന സമ്മേളനത്തിന് അരയടത്തുപാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 2,372 പ്രതിനിധികള്‍ക്ക് ഇരിക്കാനുള്ള വിശാലമായ പന്തലിന്റെ പണി അവസാന ഘട്ടത്തിലാണ്.
ഈ മാസം 23 ന് വൈകുന്നേരം നാല് മണിക്കാണ് എസ് വൈ എസ് മിഷന്‍ 2014ന്റെ ഉദ്ഘാടനം. സംസ്ഥാന, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സോണ്‍, സര്‍ക്കിള്‍ ഭാരവാഹികള്‍ എന്നിവരാണ് സംസ്ഥാനത്തെ ആറായിരത്തോളം എസ് വൈ എസ് യൂനിറ്റുകളെ പ്രതിനിധാനം ചെയത് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അന്നേദിവസം രാവിലെ 10 മണി മുതല്‍ ജില്ലാ, സോണ്‍ ദഅ്‌വാ, ക്ഷേമകാര്യ വൈസ ്പ്രസിഡന്റ്, സെക്രട്ടിമാര്‍ക്കായി ഇവിടെ പഠന ശില്‍പ്പശാലയും നടക്കും.
ആരോഗ്യകരമായ കുടുംബ ജീവിതത്തിനും അത് വഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികളാണ് മിഷന്‍ 2014ന്റെ ഭാഗമായി എസ് വൈ എസ് രൂപം നല്‍കിയിരിക്കുന്നത്. ആതുര സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന സാന്ത്വനം രണ്ടാം ഘട്ട പദ്ധതികളും മിഷന്‍ 2014ന്റെ ഭാഗമായി നടക്കും. മഹല്ല് സംവിധാനങ്ങളെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്കും തുടക്കം കുറിക്കും. “യൗവ്വനം നാടിനെ നിര്‍മിക്കുന്നു” എന്ന തലക്കെട്ടില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ മാതൃസംഗമങ്ങളും സഹോദരീ സംഗമങ്ങളും സംഘടിപ്പിക്കും. മതപണ്ഡിതന്മാര്‍, ആരോഗ്യ- മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ച്് ഓരോ മഹല്ലിലും പെണ്‍കുട്ടികള്‍ക്കായി പ്രീ മാരിറ്റല്‍ മീറ്റുകളും സംഘടിപ്പിക്കും. വിവാഹത്തെകുറിച്ചുളള ഇസ്‌ലാമിന്റെ മതകീയ വീക്ഷണങ്ങളെയും രാജ്യത്തെ നിയമവ്യവസ്ഥയെയും കുറിച്ച് കര്‍മശാസ്ത്ര നിയമ വിദഗ്ധര്‍ ഈ മീറ്റുകളില്‍ വിശദീകരിക്കും.
വ്യക്തിതലത്തിലും കുടുംബ തലത്തിലും സാമൂഹിക തലത്തിലും ആരോഗ്യപൂര്‍ണമായ ജീവിതം കെട്ടിപ്പടുക്കാനാവശ്യമായ അവബോധം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കലാണ് ക്യാമ്പയിനിലൂടെ എസ് വൈ എസ് ലക്ഷ്യമിടുന്നത്. മഹല്ല് തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് ആയിരത്തോളം വളണ്ടിയര്‍മാര്‍ക്ക് എസ് വൈ എസ് പരിശീലനം നല്‍കി. അവിവാഹിതരായ യുവാക്കള്‍ക്കായി സര്‍ക്കിള്‍ തലത്തില്‍ മാര്‍ച്ച് മാസത്തില്‍ കൗണ്‍സലിംഗ് ആരംഭിക്കും.