Connect with us

Kerala

പെന്‍ഷന്‍ പ്രായം: അഭിപ്രായ സമന്വയമുണ്ടാക്കണം - മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍വീസ് സംഘടനകള്‍ യുവജന സംഘടനകളുമായി അഭിപ്രായ സമന്വയത്തില്‍ എത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ യുവജന സംഘടനകള്‍ അനുകൂലിക്കുന്നില്ല. വിരമിക്കല്‍ ഒഴിവിലേക്ക് വര്‍ഷത്തില്‍ 25,000 മുതല്‍ 30,000 വരെ പുതിയ നിയമനം നടക്കുന്നുണ്ട്. അത് ഇല്ലാതാകുന്നതാണ് എതിര്‍ വികാരത്തിന് കാരണം. യുവജന സംഘടനകളെ കൂടി വിശ്വാസത്തിലെടുത്താലേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാകു. യുവജന സംഘടനകളുമായി അഭിപ്രായ സമന്വയത്തിലെത്തിയാല്‍ വര്‍ഷത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് പറയുന്നതിലെ ന്യായം ഉള്‍ക്കൊള്ളുന്നതിനൊപ്പം അങ്ങനെ ചെയ്താലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടാകണം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പത്ത് ശതമാനം ഉദ്യോഗക്കയറ്റം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ അഞ്ച് ശതമാനമേ നല്‍കാനാകു എന്നാണ് പി എസ് സി നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍, മന്ത്രി കെ ബാബു, ഷാഫി പറമ്പില്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പ്രസംഗിച്ചു