Connect with us

Kerala

കുത്തകകള്‍ക്ക് വഴിതുറന്ന് ആരോഗ്യ മേഖല

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തിന്റെ ആരോ ഗ്യ മേഖലയിലേക്ക് കുത്തകകള്‍ക്ക് വഴി തുറന്നുകൊടുക്കുന്ന നിയമനിര്‍മാണത്തിനായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള പൊതുജനാരോഗ്യ സമ്പ്രദായം തകര്‍ക്കുന്നതും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ അപ്രാപ്യമാക്കുന്നതുമാണ് പുതിയ നിയമം.
രാജ്യത്ത് മികച്ച ആരോഗ്യബോധമുള്ള കേരളത്തിലേക്ക് വന്‍കിട കുത്തകള്‍ക്ക് കടന്നുവരാന്‍ സഹായിക്കുന്നതാണ് പുതിയ നിയമം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലൂടെയാണ് സര്‍ക്കാര്‍ കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആരോഗ്യ സംവിധാനം വേണ്ടത്ര ഫലപ്രദമല്ലാത്ത സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം കൊണ്ടുവന്നതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍.
ആരോഗ്യപരിപാലന രംഗത്ത് വളരെ പിറകിലുള്ള നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബില്‍ നിലവില്‍ വന്നിട്ടുള്ളത്. ഉയര്‍ന്ന ആരോഗ്യപരിപാലന സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളെല്ലാം ബില്ലിനോട് മുഖംതിരിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് മികച്ച ശരാശരിയുള്ള കേരളം ധൃതിപിടിച്ച് ബില്‍ നിയമമാക്കാനുദ്ദേശിക്കുന്നത്. കേന്ദ്ര നിയമം മറയാക്കി കുത്തകകളെ സഹായിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെന്നാണ് ആക്ഷേപം.
ഇരുമ്പുരുക്ക് വ്യവസായികളും ഉത്തരന്ത്യയിലെ ഖനി ലോബിയും വരെ കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് കണ്ണുവെച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും കഴുത്തറുക്കുന്നതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. 1996 മുതല്‍ റജിസ്‌ട്രേഷനുള്‍പ്പെടെ കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമുണ്ട്. ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ആശുപത്രികള്‍ക്കായി “കേരള അക്രഡിറ്റേഷന്‍ ഫോര്‍ ഹോസ്പിറ്റല്‍സ്” എന്ന സംവിധാനവും പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കായി എന്‍ എ ബി എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നിലവിലുണ്ട്. മാത്രമല്ല പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെ നിയന്ത്രിക്കുന്നതിനും അവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന പാരാമെഡിക്കല്‍ കൗണ്‍സില്‍ ബില്‍ അട്ടിമറിച്ചുകൊണ്ടാണ് പുതിയ ബില്ലിനായി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമത്തില്‍ ആരോഗ്യ മേഖലയില്‍ മുതല്‍മുടക്കാനായി വന്‍കിടക്കാരുള്‍പ്പെടെ ഏറെ പേര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് കൂടി അവസരമൊരുക്കി കൊടുക്കുന്നതിന്റെ ഭാഗമാണ് പുതിയ ബില്ലും സര്‍ക്കാറിന്റെ നീക്കവും. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആരോഗ്യ മേഖലയില്‍ മുതല്‍മുടക്കാന്‍ താത്പര്യം പ്രകടിപ്പിച്ചവര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിന്റെ ശ്രമവും പുതിയ ബില്ലിന് പിന്നിലുണ്ട്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പുതിയ സ്ഥാപനത്തിന് അനുമതി നല്‍കാനും റദ്ദ് ചെയ്യാനും അധികാരമുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും സര്‍ക്കാറിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരൊറ്റ സംവിധാനം ഇതിനായി ആവശ്യമാണെന്നുമാണ് ഈ രംഗത്തെ സംഘടനകളുടെ നിലപാട്.
നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിന് എതിരല്ലെന്നും എന്നാല്‍ ഇതിന്റെ മറവിലുള്ള ഗൂഢതന്ത്രങ്ങളെയാണ് തിരിച്ചറിയേണ്ടതെന്നും ഐ എം എ ഹോസ്പിറ്റല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ആര്‍ വി അശോകന്‍ സിറാജിനോട് പറഞ്ഞു. കേരളത്തിന് ഒട്ടും ഗുണം ചെയ്യാത്ത നിയമമാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാനിരിക്കുന്നതെന്നും ഇതിന്റെ ഫലം സംസ്ഥാനം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പാരാമെഡിക്കല്‍ കൗണ്‍സില്‍ ബില്ലാണ് നിയമമാക്കേണ്ടതെന്നും സംസ്ഥാനത്തിന്റെ നിലവിലുള്ള ആരോഗ്യസംവിധാനം തകര്‍ക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബാബു പറഞ്ഞു. ഈ രംഗത്തെ മറ്റു സംഘടനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ബില്ലിനെതിരെ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest