Connect with us

Kerala

വിഘടിത യുവ പ്രബോധകരെ നിലക്ക് നിര്‍ത്തണമെന്ന് ഖാസിമി

Published

|

Last Updated

കോഴിക്കോട്: വിഘടിത യുവ പ്രഭാഷകര്‍ക്കെതിരെ ചേളാരി സമസ്ത നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി റഹ്മത്തുല്ല ഖാസിമി മുത്തേടത്തിന്റെ പ്രഭാഷണം. പരിഹാസം പ്രബോധനമോ എന്ന ശീര്‍ഷകത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് ഖാസിമി എസ് കെ എസ് എസ് എഫിന്റെ പുതിയ നേതാക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. തമ്മില്‍ത്തല്ല് അവസാനിപ്പിച്ച് മുസ്ലിംകള്‍ ഒന്നാകണമെന്നും പരദൂഷണമാണ് കൈകൊണ്ടുള്ള അക്രമത്തേക്കാള്‍ വലിയ അക്രമമെന്നും ഖാസിമി ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള ചില സംഘടനാ വേദികളില്‍ തനിക്കും അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ പരസ്യമായി മാപ്പ് ചോദിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ടവരോട് മാപ്പ് ചോദിച്ചുവെന്ന കാര്യം സത്യമാണെന്നും ഖാസിമി പറഞ്ഞു.

വിഘടിത നേതൃത്വത്തെ തല്ലിയും തലോടിയുമായിരുന്നു ഖാസിമിയുടെ പ്രസംഗം. ചേളാരി സമസ്തയുടെ നേതാക്കളുടെ ചെരുപ്പ് തലയില്‍ വെക്കാന്‍ പോലും യോഗ്യതയില്ലാത്ത നിസ്സാരക്കാരനാണ് താനെന്ന മുഖവുരയോടെ പുതിയ നേതാക്കള്‍ക്കെതിര ഖാസിമി ആഞ്ഞടിച്ചു. “”സമസ്തയുടെ നേതാക്കള്‍ ഉദ്ഘാടനം ചെയ്ത് പോരുന്ന സമ്മേളനങ്ങളില്‍ പിന്നെ എന്ത് നടക്കുന്നുവെന്ന് നിങ്ങളറിയുന്നില്ല. താനടക്കമുള്ള പുതിയ പ്രബോധകരെ നിങ്ങള്‍ മര്യാദ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാപ്പമാര്‍ പടുത്തുയര്‍ത്തിക്കൊണ്ടുവന്ന ദീന്‍ ഈ നാട്ടില്‍ നഷ്ടപ്പെടുമെന്ന് നിങ്ങളുടെ കാല് പിടിച്ച് ഞാന്‍ പറയുകയാണ്. എനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞാല്‍ ഞാന്‍ ആരോടും മാപ്പ് പറയും. എന്റെ കൈയില്‍ അബദ്ധമായി പറ്റിയ വാക്കുകള്‍ക്കെല്ലാം പറയേണ്ടവരോട് ഞാന്‍ വിളിച്ച് മാപ്പ് പറഞ്ഞിട്ടുണ്ട്. മാപ്പ് പറഞ്ഞു എന്നത് നേരാണ്. എനിക്ക് രക്ഷപ്പെടണമെന്നല്ലാത്ത വേറെ മോഹമില്ല””- ഖാസിമി തുറന്നടിച്ചു.

തെറിപ്രഭാഷകര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിക്കുകയായിരുന്നു ഖാസിമി. മറ്റൊരു സംഘടനയുടെ നേതാക്കളെ പരിധിവിട്ട് ഹുറുമത്ത് പറിച്ചുചീന്തുന്ന വിധത്തില്‍ നാലും അഞ്ചും മണിക്കൂര്‍ പ്രസംഗിക്കുകയും ഒടുവില്‍ ദുആസമ്മേളനം നടത്തി പിരിയുകയും ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളതെന്ന് ഖാസിമി ചോദിച്ചു. ഇത്തരക്കാരുടെ ദുആ പടച്ചവന്‍ സ്വീകരിക്കില്ല. ഇത് പറയുന്നത് കൊണ്ട് നിങ്ങളൊന്നും വിചാരിക്കരുത്. ഇനി വിചാരിച്ചാലും കുഴപ്പമില്ലെന്നും ഖാസിമി പറഞ്ഞു. ക്ലിപ്പിംഗും ഫോണ്‍ ചോര്‍ത്തലും അവസാനിപ്പിക്കണമെന്നും അത് തെമ്മാടിത്തരമാണെന്നും രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്നതാണ് ഇതെന്നും ഖാസിമി പറഞ്ഞു. തമ്മില്‍ത്തല്ല് അവസാനിപ്പിച്ച് എല്ലാവരും ഒന്നിക്കണം. ഇതിന് വേണ്ടി ആര് താഴ്ന്ന് കൊടുത്താലും പ്രശ്‌നമില്ല. ഞാന്‍ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പൈശാചിക പ്രേരണയാല്‍ ആര് എന്ത് വിചാരിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും ഖാസിമി കൂട്ടിച്ചേര്‍ത്തു.

പണ്ഡിതന്മാരെ അവഹേളിക്കുന്ന ക്ലിപ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പ്രബോധകരുടെ വേഷം കെട്ടിയ ചിലര്‍ കോഴിക്കോട്ട് നിന്നും കൊയിലാണ്ടിയില്‍ നിന്നും പാലക്കാട്ട് നിന്നും മംഗലാപുരത്ത് പോകുക. എന്നിട്ട് അവിടെ പോയി പ്രദര്‍ശിപ്പിക്കുക. ഈ യാത്രയുടെ പേരെന്താ? ഇത് സഫറുല്‍ മഅസിയത്തല്ലേ? ഇത് മഅസിയത്തിന്റെ യാത്രയല്ലേ? വേറൊരുത്തന്റെ ഫോണ്‍ ചോര്‍ത്തിയത് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പോകുന്നത് തെറ്റായ യാത്രയല്ലേ. ഇതില്‍ ജംഉം ഖസ്‌റും ജാഇസാകുമോ? ഇസ്ലാമിന്റ വല്ല ആനുകൂല്യവും ആ യാത്രക്കുണ്ടോ… ഈ പരിപാടി കഴിഞ്ഞ് സംഘാടകര്‍ നല്‍കുന്ന പാരിതോഷികം വാങ്ങി മക്കള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ ജാഇസാകുമോ? ഞാന്‍ പറയുന്നത് തെറ്റാണെന്ന് പറയാന്‍ പറ്റിയ ആണ്‍കുട്ടിയുണ്ടെങ്കില്‍ കടന്നുവരണമെന്നും ഖാസിമി പറഞ്ഞു.

വിഘടിത – വഹാബി – ജമാഅത്ത് കൂട്ടുകെട്ടായ മുസ്ലിം ഐക്യവേദിക്കെതിരെയും ഖാസിമി ശക്തമായി പ്രതികരിച്ചു. എല്ലാ റമസാന്‍ മാസത്തിലും മുസ്ലിം സംഘടനാ നേതാക്കള്‍ ചായകുടിച്ച് പിരിയലല്ലാതെ ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്ന് ഖാസിമി ചോദിച്ചു. ഓരോവര്‍ഷവും നിങ്ങള്‍ ചായകുടിച്ചുപിരിയുമ്പോഴേക്കും മുസ്ലിംകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലക്ക് പോയാല്‍ മുമ്പ് സ്‌പെയിനില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. 800 വര്‍ഷം മുസ്ലിംകള്‍ ഭരിച്ച സ്‌പെയിനില്‍ അവര്‍ പരസ്പരം തല്ലിയതിന്റെ ഭാഗമായി അവിടെ മുസ്ലിംകള്‍ക്ക് ഇന്ന് ഒരു പഞ്ചായത്ത് പോലും ഇല്ലാത്ത് സ്ഥിതിയാണ്.

സുന്നികള്‍ക്കെതിരെ ചേളാരി നേതൃത്വത്തിന്റെ സമ്മതത്തോടെ വിഘടിത ഗുണ്ടകള്‍ കൊല്ലും കൊലയുമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഖാസിമി അതിനെതിരെ ബോധവത്കണവുമായി പ്രഭാഷണം നടത്തിയത്. ഖാസിമിയുടെ പ്രസംഗം മുടക്കാന്‍ അവസാന നിമിഷം വരെ ചേളാരി നേതൃത്വം സമ്മര്‍ദം ചെലുത്തിയെങ്കിലും അത് തള്ളിക്കൊണ്ട് ഖാസിമി രംഗത്തെത്തുകയായിരുന്നു.

വിഘടിത പാളയത്തിലെ അറിയപ്പെട്ട ഖുര്‍ആന്‍ പ്രഭാഷകനാണ് റഹ്മത്തുല്ല ഖാസിമി മുത്തേടം. ഇടക്കാലത്ത് സുന്നി പണ്ഡിതര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ തെറിപ്രഭാഷണം നടത്തിയിരുന്ന ഖാസിമി അടുത്തിടെയായി അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ തീജാനിയ്യ ത്വരീഖത്തിന്റെ ഭാഗമായും ഖാസിമി പ്രവര്‍ത്തിച്ചു. തങ്ങളുടെ ചൊല്‍പ്പടിക്ക് വഴങ്ങാതെ ഖാസിമി വിട്ടുനില്‍ക്കുന്നത് വിഘടിത നേതൃത്വത്തിന് കടുത്ത തലവേദനായിരിക്കുകയാണ്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest