Connect with us

Kerala

ആരാധനാലയങ്ങളിലെ ഭാരവാഹിത്വം: സി പി എം അംഗങ്ങളെ പിന്‍വലിക്കുന്നു

Published

|

Last Updated

പാലക്കാട് : ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ആരാധനാലയങ്ങളിലെ കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്നും അംഗങ്ങളെ സി പി എം പിന്‍വലിക്കുന്നു. പാലക്കാട് നടന്ന പ്ലീനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ ബോര്‍ഡുകളിലാണ് സി പി എമ്മിന് അംഗങ്ങളുള്ളത്. പാര്‍ട്ടി പ്ലീനത്തില്‍ അംഗീകരിച്ച രേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം രാജിവെക്കാന്‍ ഇവര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. സി പി എം അംഗങ്ങള്‍ രാജി വെക്കുന്ന സ്ഥാനത്തേക്ക് ഇടതുപക്ഷ ഘടക കക്ഷികളിലെ അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് പാര്‍ട്ടി തീരുമാനം.
സി പി എം ഭാരവാഹികള്‍ ഒരേ സമയം പാര്‍ട്ടി അംഗത്വത്തിലും ആരാധനാലയങ്ങളിലെ ഭാരവാഹിത്വത്തിലും നില്‍ക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് പ്ലീനം പുതിയ നിലപാട് സ്വീകരിച്ചത്. ബോര്‍ഡുകള്‍ക്കു പുറമെ, ക്ഷേത്ര കമ്മിറ്റികളില്‍ നിന്നും മറ്റ് ആരാധനാലയങ്ങളിലെ ഭാരവാഹിത്വത്തില്‍ നിന്നും സി പി എമ്മുകാരോട് രാജി വെക്കാനും നിര്‍ദേശമുണ്ട്. അംഗങ്ങളെ പിന്‍വലിക്കാന്‍ തീരുമാനമുണ്ടെങ്കിലും വര്‍ഗീയ ശക്തികളില്‍ നിന്ന് ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാന്‍ സംരക്ഷണ സമിതികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആറ് ദേവസ്വം ബോര്‍ഡുകളാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ബോര്‍ഡുകളില്‍ നോമിനേറ്റഡ് അംഗങ്ങളില്ല. അതേ സമയം ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് സമിതി രൂപവത്കരിക്കുന്നത് സംഘര്‍ഷത്തിനിടയാക്കുമെന്നും സൂചനയുണ്ട്.
പ്ലീനം തീരുമാനങ്ങളെക്കുറിച്ച് അംഗത്വമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനും ഏരിയാ സെക്രട്ടറിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി പി എം തീരുമാനങ്ങള്‍ എത്ര കണ്ട് പ്രാവര്‍ത്തികമാകുമെന്ന കാര്യത്തിലും നേതാക്കള്‍ക്ക് സംശയമുണ്ട്. പാര്‍ട്ടി അംഗത്വമുള്ളവര്‍ പകുതിയിലേറെ വിശ്വാസികളാണ്. പാര്‍ട്ടിതത്വങ്ങള്‍ പാലിക്കുന്നതിന് ഇവര്‍ നിലവിലെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചേക്കാമെന്ന കാര്യമാണ് പാര്‍ട്ടി നേതാക്കളെ കുഴക്കുന്നത്.
പാര്‍ട്ടി അന്ത്യശാസനം നല്‍കുകയാണെങ്കില്‍ ഭാരവാഹിത്വം മാത്രമല്ല പാര്‍ട്ടിയുമായി അകലുമെന്ന ഭയവും നേതാക്കളെ വെട്ടിലാക്കുകയാണ്. പഴയകാലത്ത് കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ മുറുകെ പിടിച്ചതാണ് പാര്‍ട്ടിക്ക് വളര്‍ച്ചക്കുറവിന് കാരണമായത്. ഇതോടെയാണ് ആരാധനാലയങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ സി പി എം കടുത്ത നിലപാടില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

 

---- facebook comment plugin here -----

Latest