Connect with us

Sports

ബാഴ്‌സലോണക്ക് വീണ്ടും തോല്‍വി

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് സീസണിലെ ആദ്യ തോല്‍വി. അത്‌ലറ്റികോ ബില്‍ബാവോയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ അട്ടിമറിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസി പരുക്കേറ്റ് പുറത്തിരിക്കുമ്പോഴാണ് ബാഴ്‌സ തുടരെ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ ഡച്ച് ടീം അയാക്‌സിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു. ഇതോടെ, പോയിന്റ് ടേബിളില്‍ ബാഴ്‌സക്ക് ഭീഷണി ഉയര്‍ന്നു. 15 മത്സരങ്ങളില്‍ 40 പോയിന്റോടെ ബാഴ്‌സലോണക്ക് ഒന്നാം സ്ഥാനമുണ്ടെങ്കിലും 40 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡും 37 പോയിന്റോടെ റയല്‍മാഡ്രിഡും ബാഴ്‌സലോണക്ക് തൊട്ടുപിറകിലുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് 2-0ന് എല്‍ചതോല്‍പ്പിച്ചപ്പോള്‍ റയല്‍മാഡ്രിഡ് 4-0ന് വല്ലഡോളിഡിനെയും തോല്‍പ്പിച്ച് ഉഗ്രന്‍ ഫോമിലാണ്.
എഴുപതാം മിനുട്ടില്‍ ഐകര്‍ മുനിയന്റെ ഗോളിലാണ് അത്‌ലറ്റിക് ബില്‍ബാവോ ബാഴ്‌സലോണയെ അട്ടിമറിച്ചത്. മെസിയുടെ അഭാവത്തില്‍ ബ്രസീല്‍ താരം നെയ്മറിലായിരുന്നു കാറ്റലന്‍സ് ടീം പ്രതീക്ഷയര്‍പ്പിച്ചത്. ആദ്യ പകുതിയില്‍ നെയ്മര്‍ തൊടുത്ത മഴവില്‍ ഷോട്ട് ബുദ്ധിപരമായി കൈകാര്യം ചെയ്ത് ബില്‍ബാവോ ഗോളി ഗോര്‍ക ഇരെയ്‌സോസ് ബാഴ്‌സക്ക് വില്ലനായി. രണ്ടാം പകുതിയില്‍ കുറേക്കൂടി ഒത്തിണക്കം കാണിച്ച ജെറാര്‍ഡോ മാര്‍ട്ടിനോയുടെ ബാഴ്‌സ സെസ്‌ക് ഫാബ്രിഗസ്-നെയ്മര്‍ കൂട്ടുകെട്ടില്‍ സുവര്‍ണാവസരം സൃഷ്ടിച്ചു. പക്ഷേ, നിര്‍ഭാഗ്യമെന്നോണം അവസരം പാഴായി.
ഇതിനിടെ, റഫറി ജുവാന്‍ മാര്‍ട്ടിനെസ് നെയ്മറിനെ മനപ്പൂര്‍വം തള്ളിയിട്ട ആന്‍ഡര്‍ ഇതുറാസ്‌പെക്ക് ചുവപ്പ് കാര്‍ഡ് കാണിക്കാത്തതില്‍ ബാഴ്‌സ കളിക്കാര്‍ പ്രതിഷേധിച്ചു. സമനില ഗോളിനായി പൊരുതുന്നതിനിടെ ബാഴ്‌സ കോച്ച് ഷാവിയെയും ഇനിയെസ്റ്റയെയും പിന്‍വലിച്ച് സെര്‍ജിയോ റോബര്‍ട്ടോയെയും പെഡ്രോ റോഡ്രിഗസിനെയും കളത്തിലിറക്കിയത് അപ്രതീക്ഷിതമായി. പക്ഷേ, 2006ന് ശേഷം ബാഴ്‌സക്ക് മേല്‍ ബില്‍ബാവോ നേടുന്ന ആദ്യ ജയം തടയാന്‍ ഇവര്‍ക്കുമായില്ല.
മറ്റ് മത്സരങ്ങളില്‍ വലന്‍ഷ്യ 3-0ന് ഒസാസുനയെയും സെവിയ്യ 2-1ന് ഗ്രനഡയെയും തോല്‍പ്പിച്ചു. റയല്‍ ബെറ്റിസ് 2-2 റയോ വാള്‍കാനോ സമനില.

ചെല്‍സിയുടെ തിരിച്ചുവരവ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജോണ്‍ ടെറിക്ക് 400താം മത്സരം മധുരതരം. സ്റ്റാംഫഡ് ബ്രിഡ്ജില്‍ നടന്ന മത്സരം ചെല്‍സി 3-1ന് സതംപ്ടണെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഗോള്‍ ടെറിയുടെ വകയായിരുന്നു. 62താം മിനുട്ടിലായിരുന്നു ഇത്. രണ്ടാം പകുതിയില്‍ വീണ ഗോളുകള്‍ ഗാരി കാഹിലും ഡെംബ ബായും പങ്കിട്ടു.
ഒന്നാം മിനുട്ടില്‍ ജെ റോഡ്രിഗസിലൂടെ സതംപ്ടണ്‍ ചെല്‍സിയെ ഞെട്ടിച്ചു. ആദ്യ പകുതിയില്‍ സന്ദര്‍ശകര്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്തതോടെ ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോയുടെ മുഖം വാടി. അമ്പത്തഞ്ചാം മിനുട്ടില്‍ ഗാരി കാഹില്‍ ഹെഡറിലൂടെ സമനില നേടി. ഏഴ് മിനുട്ടിനുള്ളില്‍ ടെറിയിലൂടെ ചെല്‍സി വീണ്ടും വല കുലുക്കി. അവസാന മിനുട്ടില്‍ റാമിറെസിന്റെ മിടുക്കില്‍ നിന്ന് ഡെംബ ബാക്ക് തളികയിലെന്ന വണ്ണം ഗോളൊരുങ്ങിയതോടെ ചെല്‍സി ജയം 3-1നായി. ആഴ്‌സണലിനോട് എവേ പരാജയമേറ്റതിന് പിറകെ ചെല്‍സിയോടും തോറ്റ സതംപ്ടണ്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ബാസലിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് മുക്തമാകും മുമ്പെയാണ് ചെല്‍സിയുടെ വലയില്‍ സതംപ്ടണ്‍ ആദ്യ മിനുട്ടില്‍ പന്തെത്തിച്ചത്. ഘാന താരം മൈക്കല്‍ എസിയന് പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യമായവസരം നല്‍കിയാണ് മൗറിഞ്ഞോ ടീം ഒരുക്കിയത്. റയല്‍മാഡ്രിഡില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ചു വന്ന എസിയന്റെ അബദ്ധമാണ് സതംപ്ടണ് ഗോളൊരുക്കിയത്. എസിയന്‍ നല്‍കിയ പാസ് ഗോളി പീറ്റര്‍ ചെക്കിനും സെന്റര്‍ ബാക്ക് കാഹിലിനും മധ്യത്തില്‍ ആളൊഴിഞ്ഞയിടത്താണെത്തിയത്. റോഡ്രിഗസ് പന്ത് കൊത്തിയെടുത്ത് ഇവാനോവിചിനെ കബളിപ്പിച്ച് ഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു.
സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസ്, ബ്രസീല്‍ താരം ഓസ്‌കര്‍ എന്നിവര്‍ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. രണ്ടാം പകുതിയില്‍ രണ്ട് ഹെഡര്‍ ഗോളുകളിലൂടെ ചെല്‍സി ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.സ്വാന്‍സിയ സിറ്റിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. അല്‍വാരോ നെഗ്രെഡോ ഒരു ഗോളും സമീര്‍ നസ്‌റി രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകളും നേടി.
13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 31 പോയിന്റുമായി ആഴ്‌സണലാണ് ഒന്നാം സ്ഥാനത്ത്. 27 പോയിന്റോടെ ചെല്‍സി രണ്ടാം സ്ഥാനത്തും 25 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും. ഹള്‍ സിറ്റിയോട് തോറ്റതോടെ ലിവര്‍പൂള്‍ 24 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 22 പോയിന്റോടെ എട്ടാം സ്ഥാനത്താണ്.

---- facebook comment plugin here -----

Latest